തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ന് നടക്കുന്ന ഇന്ത്യ – ദക്ഷിണാഫ്രിക്ക ട്വന്റി 20 മത്സരം കാണാന്‍ മാസ്‌ക് നിര്‍ബന്ധം. 38000 പേര്‍ക്ക് കളികാണാന്‍ അവസരമുണ്ട്. ടിക്കറ്റുകളെല്ലാം വിറ്റുപോയതായി കെ.സി.എ. അധികൃതര്‍ അറിയിച്ചു. വൈകീട്ട് 4.30 മുതല്‍ സ്റ്റേഡിയത്തില്‍ പ്രവേശിക്കാം. സ്റ്റേഡിയത്തില്‍ കയറാന്‍ ടിക്കറ്റിനൊപ്പം തിരിച്ചറിയല്‍ കാര്‍ഡും കാണിക്കണം.
കാര്യവട്ടം സ്റ്റേഡിയത്തില്‍ നടക്കുന്ന നാലാമത് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരമാണിത്. ഓസ്‌ട്രേലിയക്കെതിരായ പരമ്പരവിജയത്തിന്റെ ആത്മവിശ്വാസവുമായാണ് ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയോട് ഏറ്റുമുട്ടാനൊരുങ്ങുന്നത്. ബുധനാഴ്ച വൈകീട്ട് ഏഴുമണിക്കാണ് മത്സരം. 4.30 മുതല്‍ കാണികള്‍ക്ക് പ്രധാന കവാടം വഴി സ്റ്റേഡിയത്തിലെത്താം.
സ്റ്റേഡിയത്തിലെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. നാലു ടവറുകളിലായി എട്ട് ഫ്ളഡ്‌ലിറ്റുകളാണ് സ്റ്റേഡിയത്തിലുള്ളത്. മത്സരത്തിനായി മൂന്ന് പ്രധാന പിച്ചുകളും പരിശീലനത്തിനായി ആറു പിച്ചുകളും തയ്യാറാക്കിയിട്ടുണ്ട്. മികച്ച ബാറ്റിങ് പോരാട്ടം പ്രതീക്ഷിക്കുന്ന റണ്ണൊഴുകുന്ന പിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്. സുരക്ഷാ, ഗതാഗത ചുമതലയ്ക്കായി സിറ്റി പോലീസ് കമ്മിഷണര്‍ സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ 1500 പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്.
2019 ഡിസംബറിലാണ് തിരുവനന്തപുരത്ത് അവസാന അന്താരാഷ്ട്ര മത്സരം നടന്നത്. അതിനുശേഷം കോവിഡില്‍ ഏറെക്കാലം മത്സരങ്ങള്‍ മുടങ്ങി. മത്സരം പുനരാരംഭിച്ചപ്പോഴും ഗ്രൗണ്ടില്‍ കാണികള്‍ക്ക് പ്രവേശനമുണ്ടായില്ല. ആ കാലം മറന്ന്, സ്വന്തം നാട്ടില്‍ നടക്കുന്ന അന്താരാഷ്ട്ര മത്സരം കാണാന്‍ കാണികള്‍ ഗ്രീന്‍ഫീല്‍ഡിലേക്ക് ഒഴുകുമെന്ന് പ്രതീക്ഷിക്കുന്നു.
ഓസ്ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പര ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സംഘവും. അടുത്തമാസം ഓസ്ട്രേലിയയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പിന് ഒരുങ്ങാനുള്ള അവസാന അവസരംകൂടിയാണിത്. ഇതുകഴിഞ്ഞ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ മൂന്ന് ഏകദിനംകൂടിയുണ്ടെങ്കിലും അതില്‍ ശിഖര്‍ ധവാന്‍ നയിക്കുന്ന മറ്റൊരു ടീമാകും ഇറങ്ങുക.
ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ ബാറ്റിങ് ഏറക്കുറെ വിശ്വാസം കാത്തു. കെ.എല്‍. രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം ഓരോ മത്സങ്ങളിലായി ക്ലിക്കായി. ലോകകപ്പ് ടീമില്‍ ഫിനിഷര്‍ റോളിലേക്ക് കണ്ടുവെച്ച ദിനേഷ് കാര്‍ത്തിക്കിന് ബാറ്റുചെയ്യാന്‍ വേണ്ടത്ര അവസരം കിട്ടിയില്ലെന്നതു മാത്രമാണ് ഒരു പരിമിതി. എന്നാല്‍, ബൗളിങ്ങില്‍ ഏറെ പരാധീനതയുണ്ട്. പരിക്കിലായിരുന്ന ജസ്പ്രീത് ബുംറ, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ മികവിലേക്ക് തിരിച്ചെത്തിയില്ല.
ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, പേസര്‍ ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്ക് ഈ പരമ്പരയില്‍ വിശ്രമം നല്‍കിയിട്ടുണ്ട്. ഓള്‍റൗണ്ടറായ ദീപക് ഹൂഡ പരിക്കേറ്റ് പിന്മാറുകയും ചെയ്തതോടെ ടീമിന്റെ ഘടനയില്‍ കാര്യമായ മാറ്റമുണ്ടാകും. ഭുവനേശ്വറിന് പകരമായി ദീപക് ചഹാര്‍ ടീമിലുണ്ട്.
ടീം ദക്ഷിണാഫ്രിക്ക
കരുത്തരായ ഇംഗ്ലണ്ടിനെതിരേ ട്വന്റി 20 പരമ്പര ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് തെംബ ബാവുമയുടെ നേതൃത്വത്തിലുള്ള ദക്ഷിണാഫ്രിക്ക വരുന്നത്. തുടര്‍ന്ന് അയല്‍ലന്‍ഡിനെതിരേയും പരമ്പര നേടി.
ഈ ഫോര്‍മാറ്റില്‍ മികച്ച ഫോമിലുള്ള എയ്ഡന്‍ മര്‍ക്രം, റീസ ഹെന്റിക്കസ്, ക്യാപ്റ്റന്‍ തെംബ ബാവുമ, ക്വിന്റണ്‍ ഡി കോക്ക് എന്നിവരാണ് ബാറ്റിങ്ങിലെ കരുത്ത്. പേസ് നിരയില്‍ ലുങ്കി എന്‍ഗിഡി, കാഗിസോ റബാഡ, ആന്റിച്ച് നോര്‍ദ്യെ എന്നിവരും സ്പിന്നില്‍ ഈ ഫോര്‍മാറ്റിലെ പ്രധാന ബൗളറായ ടബ്രിയാസ് ഷംസിയുമുണ്ട്. ഓള്‍റൗണ്ടര്‍മാരായി മാര്‍ക്കോ ജാന്‍സണ്‍, ഡെയ്ന്‍ പ്രിട്ടോറിയസ് എന്നിവരും.