ഗയാന: കരിയറിലെതുടര്‍ച്ചയായ രണ്ടാം രാജ്യാന്തര ട്വന്‍റി 20യിലും ഇടംകൈയന്‍ ബാറ്റര്‍ തിലക് വര്‍മ്മ തിളങ്ങിയപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിന് മുന്നില്‍ 153 റണ്‍സ് വിജയലക്ഷ്യം വച്ചുനീട്ടി ടീം ഇന്ത്യ. ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയം വേദിയാവുന്ന രണ്ടാം ട്വന്‍റി 20യില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റിന് 152 റണ്‍സെടുത്തു. തിലക് വര്‍മ്മ അര്‍ധസെഞ്ചുറി നേടിയപ്പോള്‍ മലയാളി താരം സഞ‌്ജു സാംസണ്‍ ഒരിക്കല്‍ക്കൂടി ബാറ്റിംഗ് പരാജയമായി.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ടീം ഇന്ത്യക്ക് അമിത തിടുക്കം തുടക്കത്തിലെ വിനയായി. ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ അല്‍സാരി ജോസഫ് എറിഞ്ഞ മൂന്നാം ഓവറിലെ നാലാം പന്തില്‍ സിക്‌സര്‍ പറത്തിയ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍ തൊട്ടടുത്ത ബോളില്‍ കൂറ്റനടിക്ക് ശ്രമിച്ച് എഡ്‌ജായി ഡീപ് ബാക്ക്‌വേഡ് പോയിന്‍റില്‍ ഷിമ്രോന്‍ ഹെറ്റ്‌മെയറുടെ കൈകളില്‍ അവസാനിച്ചു. 9 പന്തില്‍ 7 റണ്‍സേ ഗില്ലിനുള്ളൂ. തൊട്ടടുത്ത ഒബെഡ് മക്കോയിയുടെ ഓവറില്‍ ഇല്ലാത്ത റണ്ണിനായി ഓടിയ സൂര്യകുമാര്‍ യാദവ്(3 പന്തില്‍ 1) കെയ്‌ല്‍ മെയേഴ്‌സിന്‍റെ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടായി. കഴിഞ്ഞ മത്സരത്തില്‍ സഞ്ജു സാംസണിന് പറ്റിയ അബദ്ധം ആവര്‍ത്തിക്കുകയായിരുന്നു സ്കൈ. സഞ്ജു പുറത്തായതും മെയേഴ്‌സിന്‍റെ നേരിട്ടുള്ള ത്രോയിലൂടെയായിരുന്
മറ്റൊരു ഓപ്പണര്‍ ഇഷാന്‍ കിഷനും രണ്ടാം രാജ്യാന്തര ട്വന്‍റി 20 മാത്രം കളിക്കുന്ന നാലാം നമ്പര്‍ താരം തിലക് വര്‍മ്മയും ക്രീസില്‍ നില്‍ക്കേ പവര്‍പ്ലേ niപൂര്‍ത്തിയാകുമ്പോള്‍ 34-2 എന്ന നിലയിലായിരുന്നു ഇന്ത്യ. 23 പന്തില്‍ 27 റണ്‍സെടുത്ത കിഷന്‍ റൊമാരിയോ ഷെഫേഡിന്‍റെ ഉഗ്രന്‍ പന്തില്‍ ബൗള്‍ഡായപ്പോള്‍ സ്ഥാനക്കയറ്റം കിട്ടി സഞ്ജു സാംസണ്‍ അഞ്ചാമനായി ക്രീസിലെത്തി.
ആദ്യ ട്വന്‍റി 20യില്‍ ആറാമനായായിരുന്നു സഞ്ജു ക്രീസിലെത്തിയിരുന്നത്. വന്നയുടന്‍ രണ്ടാം പന്തില്‍ ബൗണ്ടറി നേടിയെങ്കിലും അമിതാവേശം സഞ്ജുവിനും വിനയായി. അക്കീല്‍ ഹൊസൈനെ ക്രീസ് വിട്ടിറങ്ങി പറത്താന്‍ ശ്രമിച്ച സഞ്ജുവിനെ(7 പന്തില്‍ 7) കീപ്പര്‍ നിക്കോളാസ് പുരാന്‍ സ്റ്റംപ് ചെയ്തു.
സഞ്ജു ഒരിക്കല്‍ക്കൂടി അവസരം വിനിയോഗിക്കാതെ വന്നപ്പോള്‍ അരങ്ങേറ്റത്തിന് പിന്നാലെയുള്ള കളിയില്‍ 39 പന്തില്‍ അര്‍ധസെഞ്ചുറിയുമായി 15-ാം ഓവറില്‍ തിലക് വര്‍മ്മ ഇന്ത്യയെ 100 കടത്തി. തൊട്ടടുത്ത അക്കീലിന്‍റെ ഓവറില്‍ തിലക് ബൗണ്ടറിയില്‍ മക്കോയിയുടെ ക്യാച്ചില്‍ മടങ്ങി.
ടി20 അരങ്ങേറ്റത്തില്‍ 22 പന്തില്‍ 39 റണ്‍സ് നേടിയ തിലക് രണ്ടാം മത്സരത്തില്‍ 41 പന്തില്‍ 51 റണ്‍സെടുത്തു. പോരാടാന്‍ ഒന്ന് ശ്രമിച്ചുനോക്കിയെങ്കിലും 18-ാം ഓവറിലെ അവസാന പന്തില്‍ ഹാര്‍ദിക് പാണ്ഡ്യ(18 പന്തില്‍ 24) ബൗള്‍ഡായി. അല്‍സാരി ജോസഫിനായിരുന്നു വിക്കറ്റ്.
ഇന്നിംഗ്‌സിലെ അവസാന ഓവറില്‍ അക്സര്‍ പട്ടേലിനെ(12 പന്തില്‍ 14) ഷെഫേര്‍ഡ് പുറത്താക്കിയപ്പോള്‍ രവി ബിഷ്‌ണോയിയും(4 പന്തില്‍ 8*), അര്‍ഷ്‌ദീപ് സിംഗും(3 പന്തില്‍ 6*) ചേര്‍ന്ന് ഇന്ത്യയെ 150 കടത്തുകയായിരുന്നു.