മുംബൈ: ന്യൂസിലന്‍ഡിനെതിരെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടം. ന്യൂസിലന്‍ഡിന്റെ ആദ്യ ഇന്നിംഗ്സ് സ്കോറായ 235നെതിരെ ഇന്ത്യ ഒന്നാംദിനം കളിനിര്‍ത്തുമ്പോള്‍ നാലിന് 86 എന്ന നിലയിലാണ്. ശുഭ്മാന്‍ ഗില്‍ (31), റിഷഭ് പന്ത് (1) എന്നിവരാണ് ക്രീസില്‍. കിവീസിന് വേണ്ടി അജാസ് പട്ടേല്‍ രണ്ട് വിക്കറ്റെടുത്തു. മാറ്റ് ഹെന്റിക്ക് ഒരു വിക്കറ്റുണ്ട്.
മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലന്‍ഡിനെ അഞ്ച് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണ് തകര്‍ത്തത്. വാഷിംഗ്ടണ്‍ സുന്ദര്‍ നാല് വിക്കറ്റ് വീഴ്ത്തി. ഒന്നാം ദിനം തന്നെ കുത്തിത്തിരിഞ്ഞ പിച്ചില്‍ കിവീസ് ബാറ്റര്‍മാര്‍ നന്നായി ബുദ്ധിമുട്ടി. ഡാരില്‍ മിച്ചല്‍ (82), വില്‍ യംഗ് (71) എന്നിവരാണ് ന്യൂസിലന്‍ഡിനെ സാമാന്യം ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്.
മറുപടി ബാറ്റിംഗില്‍ രോഹിത് ശര്‍മ (18) ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. സ്കോര്‍ബോര്‍ഡില്‍ 25 റണ്‍സ് മാത്രമുള്ളപ്പോള്‍ രോഹിത് മടങ്ങി. ഹെന്റിയുടെ പന്തില്‍ സ്ലിപ്പില്‍ ടോം ലാഥത്തിന് ക്യാച്ച്. തുടര്‍ന്ന് ക്രീസിലെത്തിയ ഗില്‍, യശസ്വി ജയ്സ്വാളിനെ (30) കൂട്ടുപിടിച്ച് ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോയി. 53 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്.
എന്നാല്‍ അജാസ് പട്ടേല്‍ ബ്രേക്ക് ത്രൂ നല്കി. ജയസ്വാളിനെ ബൗള്‍ഡാക്കുകയായിരുന്നു താരം. പിന്നീട് ക്രീസിലെത്തിയത് നൈറ്റ് വാച്ച്മാന് മുഹമ്മദ് സിറാജ്. നേരിട്ട ആദ്യ പന്തില്‍ തന്നെ സിറാജ് (0) വിക്കറ്റിന് മുന്നില്‍ കുടുങ്ങി. മാത്രമല്ല, റിവ്യൂ നഷ്ടപ്പെടുത്തുകയും ചെയ്തു.
അഞ്ചാമനായി വന്ന വിരാട് കോലി അനാവശ്യ റണ്ണിനോട് റണ്ണൗട്ടായി. നാല് റണ്‍സ് മാത്രമെടുത്ത താരം ഹെന്റിയുടെ നേരിട്ടുള്ള ഏറില്‍ പുറത്താവുകയായിരുന്നു. ആദ്യ ദിവസത്തെ അവസാന ഓവറിലാണ് കോലി മടങ്ങുന്നത്. പിന്നീട് റിഷഭ് പന്ത് – ഗില്‍ സഖ്യം വിക്കറ്റ് പോവാതെ കാത്തു.