ന്യൂയോർക്ക്∙ ട്വന്റി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ 19 ഓവറില്‍ 119 റണ്‍സിന് പുറത്ത്. വിരാട് കോലി (നാല്), രോഹിത് ശർമ (12 പന്തിൽ 13), അക്ഷർ പട്ടേൽ (18 പന്തിൽ 20), സൂര്യകുമാർ യാദവ് (ഏഴ്), ശിവം ദുബെ (മൂന്ന്), ഋഷഭ് പന്ത് (31 പന്തിൽ 42), രവീന്ദ്ര ജഡേജ (പൂജ്യം) എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായത്. ഹാർദിക് പാണ്ഡ്യയും ജസ്പ്രീത് ബുമ്ര എന്നിവരടക്കം മിക്ക ബാറ്റര്‍മാര്‍ക്കും രണ്ടക്കം കണ്ടെത്താനായില്ല
സ്കോർ 12 ൽ നിൽക്കെ നസീം ഷായുടെ പന്തിൽ വിരാട് കോലി എടുത്ത ഷോട്ട് ഉസ്മാൻ ഖാൻ പിടിച്ചെടുക്കുകയായിരുന്നു. അധികം വൈകാതെ രോഹിത് ശർമയെ ഷഹീൻ അഫ്രീദിയും മടക്കി. അക്ഷര്‍ പട്ടേലിനെ നേരത്തേയിറക്കി ഇന്ത്യ നടത്തിയ പരീക്ഷണം ഫലം കണ്ടു. പവർപ്ലേയിൽ ഇന്ത്യ നേടിയത് 50 റൺസ്. സ്കോർ 58ൽ നിൽക്കെ അക്ഷറിനെ നസീം ഷാ ബോള്‍ഡാക്കി.
സൂര്യകുമാർ യാദവിനു തിളങ്ങാൻ സാധിച്ചില്ല. ഏഴു റൺസ് മാത്രമെടുത്ത സൂര്യയെ ഹാരിസ് റൗഫിന്റെ പന്തിൽ മുഹമ്മദ് ആമിർ ക്യാച്ചെടുത്താണു പുറത്താക്കിയത്. ശിവം ദുബെ (മൂന്ന്) വന്നപോലെ മടങ്ങി. 96ൽ നിൽക്കെ ബൗണ്ടറിക്കു ശ്രമിച്ച ഋഷഭ് പന്തിനെ ബാബർ അസം ക്യാച്ചെടുത്തു മടക്കി. രവീന്ദ്ര ജഡേജ ഗോൾഡൻ ഡക്കായി. ആമിറിന്റെ പന്തിലായിരുന്നു ജഡേജയുടെ പുറത്താകൽ.
ടോസ് നേടിയ പാക്ക് ക്യാപ്റ്റൻ ബാബർ അസം ഇന്ത്യയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. മലയാളി താരം സഞ്ജു സാംസണ് രണ്ടാം മത്സരത്തിലും പ്ലേയിങ് ഇലവനിൽ ഇടം ലഭിച്ചില്ല. അയർലൻഡിനെ തോൽപിച്ച അതേ ടീമുമായാണ് ഇന്ത്യ പാക്കിസ്ഥാനെ നേരിടുന്നത്. ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടിയ പാക്ക് യുവതാരം അസം ഖാൻ ഇന്ത്യയ്ക്കെതിരെ കളിക്കുന്നില്ല. മുഹമ്മദ് റിസ്‍വാനാണ് വിക്കറ്റ് കീപ്പർ.
ഇന്ത്യ പ്ലേയിങ് ഇലവൻ– രോഹിത് ശർമ (ക്യാപ്റ്റൻ), വിരാട് കോലി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിങ്.
പാക്കിസ്ഥാൻ പ്ലേയിങ് ഇലവൻ– ബാബർ അസം(ക്യാപ്റ്റൻ), മുഹമ്മദ് റിസ്‌വാൻ(വിക്കറ്റ് കീപ്പർ), ഉസ്മാൻ ഖാൻ,ഫഖർ സമാൻ, ഇഫ്തിഖർ അഹമ്മദ്, ശതാബ് ഖാൻ, ഇമാദ് വസിം,ഷഹീൻ ഷാ അഫ്രീദി, മുഹമ്മദ് ആമിർ, നസീം ഷാ, ഹാരിസ് റൗഫ്.