കൊൽക്കത്ത: ഇംഗ്ലണ്ടിനെതിരായ ടി ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് അനായാസ ജയം. ഈഡന്‍ ഗാർഡൻസിൽ ബൗളിങ്ങിലും ബാറ്റിങ്ങിലും സമഗ്രാധിപത്യം പുലർത്തിയ ടീമിന് മുന്നിൽ ഇംഗ്ലണ്ടിന് പിടിച്ചുനിൽക്കാനായില്ല. 43 പന്തുകൾ ബാക്കി നിൽക്കെ ഇന്ത്യ വിജയലക്ഷ്യം മറികടന്നു. സ്കോർ: ഇംഗ്ലണ്ട്-132/10, ഇന്ത്യ- 133/3
ഓപ്പണർ അഭിഷേക് ശർമയുടെ ഉജ്ജ്വല ഇന്നിങ്സാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. 34 പന്തിൽ നിന്ന് 79 റൺസാണ് അഭിഷേക് ടീമിനായി നേടിയത്. എട്ട് സിക്സറുകളും അഞ്ച് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇടിവെട്ട് ഇന്നിങ്സ്. 133 റൺസ് വിജയലക്ഷ്യം മുന്നിൽക്കണ്ടിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് സഞ്ജു സാംസണും അഭിഷേക് ശർമയും ചേർന്ന് നൽകിയത്. ഇരുവരുടേയും കൂട്ടുകെട്ടിൽ 41 റൺസ് പിറന്നു.
അഞ്ചാം ഓവറിൽ ജോഫ്രാ ആർച്ചറാണ് ഇംഗ്ലണ്ടിന് ആവശ്യമായ ബ്രേക്ക് ത്രൂ നൽകുന്നത്. ഈ ഓവറിലെ ആദ്യ പന്തിൽ സഞ്ജു കൂടാരംകയറി. 20 പന്തിൽ നിന്ന് 26 റൺസ് സ്വന്തമാക്കിയാണ് സഞ്ജു പുറത്താകുന്നത്. ഒരു സിക്സും നാല് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. തൊട്ടുപിന്നാലെയെത്തിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവും ആർച്ചറിന് മുന്നിൽ കുരുങ്ങി. പൂജ്യം റണ്ണോടെ ഡക്ക് ആയിട്ടായിരുന്നു ക്യാപ്റ്റന്റെ പുറത്താകൽ.
പിന്നാലെ വന്ന തിലക് വർമ 16 പന്തിൽ നിന്ന് 19 റൺസ് നേടി പുറത്താകാതെ നിന്നു. തിലക്കും അഭിഷേകും ചേർന്ന് ടീമിനെ വിജയത്തിലെത്തിക്കമെന്ന ഘട്ടത്തിൽ നിൽക്കെയാണ് ആദിൽ റഷീദ് എറിഞ്ഞ 12-ാം ഓവറിൽ അഭിഷേക് പുറത്താകുന്നത്. ജയിക്കാൻ എട്ട് റൺസ് മാത്രം ബാക്കിനിൽക്കെയായിരുന്നു അഭിഷേകിന്റെ വിക്കറ്റ്. തൊട്ടുപിന്നാലെ വന്ന ഹാർദികും(3) തിലകും ചേർന്ന് മത്സരം അവസാനിപ്പിച്ചു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ഇംഗ്ലണ്ടിന് ഇരുപത് ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 132 റൺസ് മാത്രമാണ് നേടാനായത്. ജോസ് ബട്ലർ ഒഴികേയുള്ള ഇംഗ്ലീഷ് ബാറ്റർമാർക്കൊന്നും ഇന്ത്യൻ ബൗളിങ്ങിനെ പ്രതിരോധിക്കാനായില്ല. 44 പന്തിൽ നിന്ന് 68 റൺസാണ് ബട്ലർ നേടിയത്. പതിനേഴ് റൺസെടുത്ത ഹാരി ബ്രൂക്കും പന്ത്രണ്ട് റൺസെടുത്ത ജൊഫ്ര ആർച്ചറും മാത്രമാണ് രണ്ടക്കം കടന്നത്. ഇന്ത്യയ്ക്കുവേണ്ടി വരുൺ ചക്രവർത്തി മൂന്നും അർഷ്ദീപ് സിങ്ങും ഹർദിക് പാണ്ഡ്യയും അക്സർ പട്ടേലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഇതോടെ ടിട്വന്റിയിലെ ഇന്ത്യയുടെ ഏറ്റവും വലിയ വിക്കറ്റ്വേട്ടക്കാരനായി അർഷ്ദീപ് മാറി. 97 വിക്കറ്റാണ് അർഷ്ദീപ് ഇതുവരെ വീഴ്ത്തിയത്. 96 വിക്കറ്റ് വീഴ്ത്തിയ യൂസ്വേന്ദ്ര ചാഹലിന്റെ റെക്കോഡാണ് അർഷദീപ് മറികടന്നത്.
ആദ്യ ഓവറിന്റെ മൂന്നാമത്തെ പന്ത് മുതൽ തന്നെ വിക്കറ്റുകൾ നഷ്ടപ്പെട്ട ഇംഗ്ലണ്ടിന്റെ ഏക പ്രതീക്ഷയായിരുന്നു ബട്ലർ. എട്ട് ബൗണ്ടറിയും രണ്ട് സിക്സും ഉൾപ്പടെയാണ് ബട്ലർ 68 റൺസെടുത്തത്. ഫിൽ സാൾട്ട് (0), ബെൻ ഡക്കറ്റ് (4), ലിയാം ലിവിങ്‌സ്റ്റൺ (0), ജേക്കബ് ബെത്തെൽ (7), ജാമി ഓവർട്ടൺ (2), ഗസ് അറ്റ്കിൻസൺ (2), മാർക്ക് വുഡ് (1) എന്നിവരാണ് ഒറ്റയക്കത്തിന് മടങ്ങിയത്. എട്ട് റൺസെടുത്ത ആദിൽ റഷീദ് പുറത്താകാതെ നിന്നു.
ടോസ് നേടിയ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മുഹമ്മദ് ഷമിയെ കൂടാതെയാണ് ഇന്ത്യ കളിക്കുന്നത്. ഷമിക്ക് പകരമാണ് അർഷ്ദീപ് സിങ് എത്തിയത്. വൈസ് ക്യാപ്റ്റൻ അക്സർ പട്ടേലിന് പുറമെ രവി ബിഷ്ണോയിയും വരുൺ ചക്രവർത്തിയും ടീമിൽ ഇടംപിടിച്ചു. സഞ്ജു സാംസണാണ് കീപ്പർ.
2024 ട്വന്റി 20 ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ട് ഇന്ത്യയോട് തോറ്റുപുറത്തായിരുന്നു. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ഇന്ത്യ കിരീടംനേടി. അതിനുശേഷം ആദ്യമായാണ് ഇംഗ്ലണ്ട്-ഇന്ത്യ മുഖാമുഖം ഏറ്റുമുട്ടുന്നത്.