സിഡ്നി: ബോർഡർ-ഗാവസ്‌കർ ട്രോഫി പരമ്പരയിലെ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയക്കും ബാറ്റിങ് തകർച്ച. രണ്ടാം ദിനം ബാറ്റിങ് തുടർന്ന ഓസ്ട്രേലിയ ലീഡിനായി പൊരുതിയെങ്കിലും ഇന്ത്യൻ ബൗളിങ് കരുത്തിന് മുന്നിൽ വീണു. ആദ്യം ഇന്നിങ്സിൽ ഓസീസ് ബാറ്റർമാർ 181-ന് പുറത്തായതോടെ നിർണായക പോരാട്ടത്തിൽ ഇന്ത്യക്ക് നാല് റൺസിന്റെ ലീഡ്. സ്കോർ: ഇന്ത്യ- 185, ഓസ്ട്രേലിയ 181.
രണ്ടാം ദിനം ഒമ്പത് വിക്കറ്റുകളാണ് ഓസീസ് പടയ്ക്ക് നഷ്ടമായത്. രണ്ട് റൺസ് മാത്രമെടുത്ത് ആദ്യം കൂടാരം കയറിയത് മാര്‍നസ് ലെബൂഷെയന്‍ ആയിരുന്നു. തുടര്‍ന്ന്, പത്രണ്ടാം ഓവര്‍ എറിഞ്ഞ മുഹമ്മദ് സിറാജ് ഓസ്‌ട്രേലിയക്ക് ഇരട്ടപ്രഹരമേല്‍പ്പിച്ചു. ഈ ഒരൊറ്റ ഓവറില്‍ ഓസീസിന്റെ രണ്ട് മുന്‍നിര ബാറ്റര്‍മാര്‍ ഇന്ത്യന്‍ കരുത്തിന് മുന്നില്‍ വീണു. ആദ്യം സാം കോണ്‍സ്റ്റാസിനേയും(23) പിന്നീട് ട്രാവിസ് ഹെഡിനേയും(4) സിറാജ് മടക്കി അയച്ചു. ഇതോടെ 39-ന് നാല് എന്ന നിലയില്‍ പരുങ്ങലിലായ ഓസ്‌ട്രേലിയയ്ക്ക് ആവശ്യമായ ബ്രേക്ക് ത്രൂ നൽകിയത് അഞ്ചാം വിക്കറ്റിലെ സ്റ്റീവ് സ്മിത്ത് വെബ്‌സ്റ്റര്‍ കൂട്ടുകെട്ടാണ്.
105 പന്തുകളില്‍ നിന്ന് അഞ്ച് ബൗണ്ടറികളുള്‍പ്പെടെ നേടി വെബ്സ്റ്റര്‍ തന്റെ കന്നി അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. സ്റ്റീവ് സ്മിത്ത് 57 പന്തില്‍ നിന്ന് 33 റണ്‍സെടുത്തി. നാല് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു സ്മിത്തിന്റെ ഇന്നിങ്‌സ്. 56 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. സ്മിത്തിനെ പുറത്താക്കി പ്രസിദ്ധ് കൃഷ്ണ സഖ്യത്തിന് വിരാമമിട്ടു. പ്രസിദ്ധ് എറിഞ്ഞ 28-ാം ഓവറിലെ ആദ്യ പന്തിൽ സ്മിത്ത് സ്ലിപ്പിൽ നിന്ന് കെ.എൽ. രാഹുലിന്റെ കൈയിൽ ഭദ്രം. തുടർന്ന് അലക്സ് കാരിയേയും പ്രസിദ്ധ് ബൗൾഡാക്കി. ഇതോടെ, 137-6 എന്ന നിലയിലായിരുന്നു ഓസീസ്. തൊട്ടടുത്ത ഓവറുകളിലായി ക്യാപ്റ്റൻ പാറ്റ് കമ്മിൻസും മിച്ചൽ സ്റ്റാർക്കും കൂടാരം കയറി. 18-ാം ഓവറിൽ വെബ്സ്റ്റർ കൂടെ പുറത്തായതോടെ ഓസീസിന്റെ തകർച്ച പൂർണമായി.
ഇന്ത്യക്കായി പേസര്‍മാരായ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവർ മൂന്ന് വിക്കറ്റ് വീതം നേടി. ക്യാപ്റ്റൻ ജസ്പ്രിത് ബുമ്ര, നിതീഷ് റെഡ്ഡി എന്നിവർ രണ്ട് വിക്കറ്റുകളും നേടി.
ആദ്യ ഇന്നിങ്സിൽ ഇന്ത്യക്കും സമാനമായ ബാറ്റിങ് തകർച്ച നേരിടേണ്ടി വന്നിരുന്നു. റൺനേടുന്നത് തുടക്കത്തിലേ ബുദ്ധിമുട്ടായിരുന്നു. അഞ്ചാം ഓവറിലെ അവസാന പന്തിൽ കെ.എൽ. രാഹുലിനെ (4) പുറത്താക്കിയ സ്റ്റാർക് തകർച്ചയ്ക്ക് തുടക്കമിട്ടു. യശസ്വി ജയ്‌സ്വാളും ശുഭ്മാൻ ഗില്ലും ചേർന്ന രണ്ടാംവിക്കറ്റ് നീണ്ടുനിന്നത് 16 പന്തുമാത്രം. യശസ്വിയെ (10) ബോളണ്ടിന്റെ പന്തിൽ ബ്യൂ വെബ്സ്റ്റർ ക്യാച്ചെടുത്തു. 106 പന്ത് നേരിട്ട കോലി-ഗിൽ സഖ്യം 40 റൺസ് കൂട്ടിച്ചേർത്തിരിക്കെ സ്പിന്നർ നേഥൻ ലയണിന്റെ പന്തിൽ ഗിൽ (20) സ്ലിപ്പിൽ സ്റ്റീവൻ സ്മിത്തിന് ക്യാച്ചുനൽകി. ഉച്ചഭക്ഷണം കഴിഞ്ഞ് അധികം വൈകാതെ വിരാട് കോലി (17) പുറത്തായി.
അഞ്ചാംവിക്കറ്റിൽ പന്ത്-ജഡേജ സഖ്യം പിടിച്ചുനിന്നതോടെ മോശമല്ലാത്ത സ്‌കോറിലെത്തുമെന്ന പ്രതീക്ഷയായി. 25.1 ഓവർ ബാറ്റുചെയ്ത സഖ്യം 48 റൺസ് ചേർത്തു. അതിനിടെ ബോളണ്ടിന്റെ പന്തിൽ ഒരു കൂറ്റൻ ഷോട്ടിന് ശ്രമിച്ച ഋഷഭ് പന്ത് മിഡ് ഓണിൽ കമിൻസിന് ക്യാച്ചായി. തൊട്ടടുത്ത പന്തിൽ നിധീഷ്‌കുമാർ റെഡ്ഡി(0)യും സ്ലിപ്പിൽ ക്യാച്ച് നൽകി. 95 പന്ത് നേരിട്ട രവീന്ദ്ര ജഡേജ 26 റൺസിൽനിൽക്കെ സ്റ്റാർക്കിന്റെ പന്തിൽ എൽ.ബി. ആയതോടെ ഇന്നിങ്‌സ് അധികം നീളില്ലെന്നുറപ്പായി. 17 പന്തിൽ മൂന്നു ഫോറും ഒരു സിക്‌സും ഉൾപ്പെടെ 22 റൺസെടുത്ത ബുംറ കമിൻസിന്റെ പന്തിൽ സ്റ്റാർക്കിന് ക്യാച്ചുനൽകിയതോടെ ഇന്ത്യയുടെ ബാറ്റിങ് അവസാനിച്ചു.