മുംബൈ: പുതുവർഷത്തിലെ ആദ്യമത്സരത്തിൽ ശ്രീലങ്കയെ തോൽപ്പിച്ച് ഇന്ത്യയ്ക്ക് മധുരത്തുടക്കം. ഒന്നാം ട്വന്റി 20 മത്സരത്തിൽ 2 റൺസിലാണ് ഇന്ത്യ ശ്രീലങ്കയെ തോൽപ്പിച്ചത്. ഇഷൻ കിഷനും ദീപക് ഹൂഡയും ഹർദിക് പാണ്ഡ്യയും ഇന്ത്യൻ ടീമിനെ മികച്ച സ്കോറിലെത്തിച്ചു. ടോസ് നേടിയ ശ്രീലങ്ക, ഇന്ത്യയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 162 റൺസ് എടുത്തു. അവസാനം വരെ പൊരുതി നിന്ന ശ്രീലങ്കയ്ക്ക് നിശ്ചിത ഓവറിൽ 160 റൺസ് എടുത്തു.
മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം പിടിച്ചെങ്കിലും തിളങ്ങാനായില്ല. ആറ് പന്തിൽ നിന്ന് അഞ്ച് റൺസ് മാത്രം എടുത്ത് സഞ്ജു പുറത്തായി. ആദ്യ ഓവറിൽ ക്യാച്ച് മിസ് ആക്കുകയും ചെയ്തു. എന്നാൽ കുശാൽ മെൻഡിസിന്റെയും ധനഞ്ജയ ഡി സിൽവയുടേയും ക്യാച്ച് എടുത്ത് ക്ഷീണം മാറ്റി.
ആദ്യ ഓവറുകളിൽ തുടരെ വിക്കറ്റ് വീണത് ഇന്ത്യൻ ആരാധകരെ ആശങ്കയിലാഴ്ത്തി. അവസാന ഓവറുകളിൽ ദീപക് ഹൂഡയും അക്സർ പട്ടേലും പൊരുതി നിന്നതോടെ റൺസ് ഉയരുകയായിരുന്നു. ഇഷൻ കിഷൻ 37 (29 പന്തിൽ), ഹർദിക് പാണ്ഡ്യ 29 (27 പന്തിൽ), ദീപക് ഹൂഡ 41 (23 പന്തിൽ നിന്ന്, നോട്ടൗട്ട് ), ശുഭ്മാൻ ഗിൽ 7 (5 പന്തിൽ നിന്ന്), സൂര്യകുമാർ യാദവ് 7 (10 പന്തിൽ നിന്ന്) അക്സർ പട്ടേൽ 31 ( 20 പന്തിൽ നിന്ന്, നോട്ടൗട്ട് ) എന്നിങ്ങനെയാണ് റൺസ് നേട്ടം.
അരങ്ങേറ്റ മത്സരത്തിൽ ശിവം മാവി 4 വിക്കറ്റുകൾ വീഴ്ത്തി. ഹർഷൽ പട്ടേലും ഉമ്രാൻ മാലിക്കും രണ്ട് വീക്കറ്റ് വീതം വീഴ്ത്തി.
ശ്രീലങ്കയ്ക്ക് വേണ്ടി കുശാൽ മെൻഡിസ് 28 റൺസ് (25 പന്തിൽ) നേടി. പതും നിസങ്ക 1 (3 പന്തിൽ), ധനഞ്ജയ ഡി സിൽവ 8 (6 പന്തിൽ), ചരിത അസലങ്ക 12 (15 പന്തിൽ), ഭാനുക രാജപക്സെ 10 (11 പന്തിൽ), വാനിന്ദു ഹസരങ്ക 21 (10 പന്തിൽ) ദസുൻ സനക 45 ( 27പന്തിൽ), മഹീഷ് തീക്ഷണ 1 (4 പന്തിൽ) ചമിക കരുണാരത്നെ 23 (16 പന്തിൽ) എന്നിങ്ങനെയാണ് ശ്രീലങ്കയുടെ റൺ നേട്ടം.
ദിൽഷൻ മധുഷങ്ക, മഹീഷ് തീക്ഷ്ണ, ചമിക കരുണാരത്നെ, ധനഞ്ജയ ഡി സിൽവ, വാനിന്ദു ഹസരങ്ക എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഹാർദിക് പാണ്ഡ്യയെന്ന പുതിയ ക്യാപ്റ്റനു കീഴിൽ ട്വന്റി20 ക്രിക്കറ്റിലെ പുതിയ യുഗത്തിലേക്കു കാലെടുത്തുവയ്ക്കുന്ന ടീം ഇന്ത്യയ്ക്ക് ഇന്ന് പുതുവർഷത്തിലെ ആദ്യ വിജയമാണ്. വിരാട് കോലി, രോഹിത് ശർമ, കെ.എൽ.രാഹുൽ എന്നീ സീനിയർ താരങ്ങൾ ടീമിലുണ്ടായിരുന്നില്ല. ട്വന്റി20 ലോകകപ്പിൽ നേരിട്ട തിരിച്ചടികള്‍ മറന്ന്, നേട്ടങ്ങളുടെ പുതിയ പട്ടികയ്‌ക്കു തുടക്കം കുറിക്കാൻ പകരം ഇന്ത്യ കളത്തിലിറക്കയത് യുവനിരയെയാണ്. ശിവം മാവിക്കും ശുഭ്മാൻ ഗില്ലിനും അരങ്ങേറ്റ മത്സരമായിരുന്നു.
ന്യൂസീലൻഡിനെതിരായ പരമ്പര വിജയത്തിനുശേഷം ഹാർദിക് ഇന്ത്യയെ നയിക്കുന്ന രണ്ടാമത്തെ പരമ്പരയാണിത്. നാട്ടിൽ ആദ്യത്തേതും. ട്വന്റി20 ഫോർമാറ്റിൽ ഇന്ത്യയുടെ സ്ഥിരം നായകനാകുമെന്നു കരുതപ്പെടുന്ന ഹാർദിക്കിന് സിലക്ടർമാരുടെ വിശ്വാസം ആർജിക്കാൻ വിജയം കരുത്ത് പകരും.
ഇന്ത്യൻ ടീം:
ഹർദിക് പാണ്ഡ്യ, ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, ദീപക് ഹൂഡ, അക്സർ പട്ടേൽ, ഹർഷൽ പട്ടേൽ, ശിവം മാവി, ഉമ്രാൻ മാലിക്, യുസ്‌വേന്ദ്ര ചെഹൽ.
ശ്രീലങ്കൻ ടീം:
ദസുൻ സനക, പതും നിസ്സങ്ക, കുശാൽ മെൻഡിസ്, ദനഞ്ജയ ഡി സിൽവ, ഭാനുക രാജപക്സെ, ചരിത അസലങ്ക, വാനിന്ദു ഹസരങ്ക, ചമിക കരുണാകരത്നെ, മഹീഷ് തീക്ഷണ, കസുൻ രജിത, ദിൽഷൻ മധുശങ്ക.