CricketNationalNewsSports

ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം; അയര്‍ലന്‍ഡിനെതിരെ എട്ട് വിക്കറ്റ് ജയം

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ ഇന്ത്യക്ക് ജയത്തോടെ തുടക്കം. ഗ്രൂപ്പ് എയില്‍ അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ ജയമാണ് രോഹിത്തും സംഘവും സ്വന്തമാക്കിയത്. ന്യൂയോര്‍ക്ക്, നാസൗ കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അയര്‍ലന്‍ഡ് കേവലം 16 ഓവറില്‍ 96ന് എല്ലാവരും പുറത്തായി. ഹാര്‍ദിക് പാണ്ഡ്യ മൂന്നും ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 12.2 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 52 റണ്‍സെടുത്ത് റിട്ടയേര്‍ഡ് ഹര്‍ട്ടായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ടോപ് സ്‌കോറര്‍.

രോഹിത് – വിരാട് കോലി (1) സഖ്യമാണ് ഇന്ത്യക്ക് വേണ്ടി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ സ്‌കോര്‍ബോര്‍ഡില്‍ ആറ് റണ്‍സ് മാത്രമുള്ളപ്പോള്‍ കോലി മടങ്ങി. മാര്‍ക്ക് അഡെയ്‌റിന്റെ പന്തില്‍ ബെഞ്ചമിന്‍ വൈറ്റിന് ക്യാച്ച്. തുടര്‍ന്നെത്തിയ റിഷഭ് പന്തിനൊപ്പം (26 പന്തില്‍ 36) – 69 റണ്‍സ് കൂട്ടിചേര്‍ത്താണ് രോഹിത് മടങ്ങിയത്. നേരത്തെ, രോഹിത്തിന്റെ കയ്യില്‍ പന്ത് കൊണ്ടിരുന്നു. പിന്നീട് അസ്വസ്ഥത കാണിച്ചതോടെ കളം വിടുകയായിരുന്നു. തുടര്‍ന്നെത്തിയ സൂര്യകുമാര്‍ (2) നിരാശപ്പെടുത്തിയെങ്കിലും ശിവം ദുബെയില്‍ (0) കൂട്ടുപിടിച്ച് പന്ത് ടീമിനെ വിജയത്തിലേക്ക് നയിച്ചു. രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു പന്തിന്റെ ഇന്നിംഗ്‌സ്. സിക്‌സടിച്ചാണ് പന്ത് ഇന്ത്യയെ വിജയിപ്പിച്ചത്.

അയര്‍ലന്‍ഡിനെ ഇന്ത്യന്‍ പേസര്‍മാര്‍ വരിഞ്ഞുമുറുക്കുകയായിരുന്നു. ബാറ്റിംഗ് ദുഷ്‌കമായ പിച്ചില്‍ അര്‍ഷ്ദീപ് എറിഞ്ഞ മൂന്നാം ഓവറില്‍ തന്നെ അയര്‍ലന്‍ഡിന് പോള്‍ സ്‌റ്റെര്‍ലിംഗ് (2), ആന്‍ഡ്ര്യൂ ബാല്‍ബിര്‍നി (5) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. ഏഴാം ഓവറിലെ അവസാന പന്തില്‍ ലോര്‍കന്‍ ടക്കറേയും (10) അയര്‍ലന്‍ഡിന് നഷ്ടമായി. ഹാരി ടെക്ടര്‍ (4), ക്വേര്‍ടിസ് കാംഫര്‍ (12), ജോര്‍ജ് ഡോക്ക്‌റെല്‍ (3), ബാരി മക്കാര്‍ത്തി (0), മാര്‍ക് അഡെയ്ര്‍ (3) എന്നിവര്‍ക്കൊന്നും പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. 

ജോഷ്വ ലിറ്റില്‍ (14), ബെഞ്ചമിന്‍ വൈറ്റ് (1) എന്നിവരെ കൂട്ടുപിടിച്ച് ഗരെത് ഡെലാനി (27) നടത്തിയ പ്രകടനമാണ് അയര്‍ലന്‍ഡിന് അല്‍പമെങ്കിലും ആശ്വാസമായത്. ഡെലാനി തന്നെയാണ് ടോപ് സ്‌കോറര്‍. റണ്ണൗട്ടായിരുന്നില്ലെങ്കില്‍ 100നപ്പുറമുള്ള സ്‌കോര്‍ അയര്‍ലന്‍ഡിന് നേടാമായിരുന്നു. അര്‍ഷ്ദീപ് നാല് ഓവറില്‍ 35 റണ്‍സ് വിട്ടുകൊടുത്തു. ബുമ്ര മൂന്ന് ഓവറില്‍ ആറ് റണ്‍സ് മാത്രമാണ് വഴങ്ങിയത്. ഹാര്‍ദിക് നാല് ഓവറില്‍ 27 റണ്‍സ് വഴങ്ങി. 

ഇന്ത്യ: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), വിരാട് കോഹ്ലി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.

അയര്‍ലന്‍ഡ്: പോള്‍ സ്റ്റിര്‍ലിംഗ് (ക്യാപ്റ്റന്‍), ആന്‍ഡ്രൂ ബാല്‍ബിര്‍ണി, ലോര്‍ക്കന്‍ ടക്കര്‍ (വിക്കറ്റ് കീപ്പര്‍), ഹാരി ടെക്ടര്‍, കര്‍ട്ടിസ് കാംഫര്‍, ജോര്‍ജ്ജ് ഡോക്രെല്‍, ഗാരെത് ഡെലാനി, മാര്‍ക്ക് അഡയര്‍, ബാരി മക്കാര്‍ത്തി, ജോഷ്വ ലിറ്റില്‍, ബെഞ്ചമിന്‍ വൈറ്റ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button