CricketFeaturedHome-bannerNewsSports

ഓസീസിനെ തകർത്ത് ഇന്ത്യ;പെർത്തിൽ വമ്പൻ ജയം

പെര്‍ത്ത്: കിവീസിനെതിരേ വൈറ്റ് വാഷോടെ നാണം കെട്ട് മടങ്ങിയ ഇന്ത്യയെ ആയിരുന്നില്ല പെർത്തിൽ കണ്ടത്. കളിയുടെ സർവ്വമേഖലയിലും ആധിപത്യം പുലർത്തിയ സംഘത്തേയാണ്. ബുംറയും സിറാജും കരുത്തുകാട്ടിയപ്പോൾ പെർത്തിൽ ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ നിലയുറപ്പിക്കാനാകാതെ ഓസീസ് ബാറ്റർമാർ വീണു. ഇന്ത്യക്ക് 295 റൺസിന്റെകൂറ്റൻ ജയം. 534 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസ് 238 റൺസിന് പുറത്തായി. ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ് എന്നിവരുടെ ഇന്നിങ്‌സുകളാണ് ഓസീസിന് അല്‍പ്പമെങ്കിലും ആശ്വാസം നല്‍കിയത്. സ്കോർ:ഇന്ത്യ-150, 487-6, ഓസ്ട്രേലിയ-104, 238

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 12 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഓസീസിന് ഉസ്മാന്‍ ഖവാജയെ(4) തുടക്കത്തില്‍ തന്നെ നഷ്ടമായി. പിന്നാലെ സ്റ്റീവന്‍ സ്മിത്തും ഹെഡും സ്‌കോറുയര്‍ത്തി. 17 റണ്‍സെടുത്ത സ്റ്റീവന്‍ സ്മിത്തിനെ പുറത്താക്കി സിറാജ് ഓസീസിനെ വീണ്ടും പ്രതിരോധത്തിലാക്കി. ഓസീസ് 79-5 എന്ന നിലയിലേക്ക് വീണു.

മറുവശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും ഒരു വശത്ത് ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റേന്തിയ ട്രാവിസ് ഹെഡാണ് ഓസീസിനായി പൊരുതിയത്. അര്‍ധസെഞ്ചുറി തികച്ച ഹെഡ് ശ്രദ്ധയോടെ ഇന്ത്യന്‍ ബൗളര്‍മാരെ നേരിട്ടു. മിച്ചല്‍ മാര്‍ഷുമായി ചേര്‍ന്ന് ആറാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ഹെഡ് സ്‌കോര്‍ 150-കടത്തി. എന്നാല്‍ ടീം സ്‌കോര്‍ 161 ല്‍ നില്‍ക്കേ ഹെഡിനെ പുറത്താക്കി നായകന്‍ ബുംറ ഇന്ത്യക്ക് ബ്രേക്ക്ത്രൂ നല്‍കി. 89 റണ്‍സെടുത്താണ് ഹെഡ് മടങ്ങിയത്.

പിന്നാലെ മാര്‍ഷും കൂടാരം കയറിയതോടെ ഓസീസ് തോല്‍വി മണത്തു. 47 റണ്‍സെടുത്ത മാര്‍ഷിനെ നിതീഷ് റെഡ്ഡിയാണ് പുറത്താക്കിയത്. അതോടെ ഓസീസ് 182-7 എന്ന നിലയിലേക്ക് വീണു. 12 റണ്‍സെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കിനെ വാഷിങ്ടണ്‍ സുന്ദര്‍ പുറത്താക്കിയതോടെ ഇന്ത്യയുടെ ജയപ്രതീക്ഷകള്‍ക്ക് ആക്കം കൂടി. പിന്നാലെ രണ്ട് വിക്കറ്റുകൾ കൂടി വീഴ്ത്തി ഇന്ത്യ വിജയഭേരി മുഴക്കി.

മൂന്നാം ദിനം ആറ് വിക്കറ്റിന് 487 റൺസെന്ന നിലയിലാണ് ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയർ ചെയ്തത്. ജയ്‌സ്വാളിന്റേയും കോലിയുടെയും സെഞ്ചുറികളാണ് ഇന്ത്യക്ക് കൂറ്റന്‍ഡ ലീഡ് സമ്മാനിച്ചത്. ഓസീസ് ബൗളർമാരെ സാങ്കേതികത്തികവോടെ സധൈര്യം നേരിട്ടാണ് ഓപ്പണർ യശസ്വി ജയ്‌സ്വാൾ കരിയറിലെ നാലാം സെഞ്ചുറി തികച്ചത്. കഴിഞ്ഞ അഞ്ച് ഇന്നിങ്‌സുകളിൽ ഒറ്റയക്കത്തിന് പുറത്തായതിന്റെ ക്ഷീണം തീർക്കുന്ന ഇന്നിങ്‌സായിരുന്നു കോലിയുടേത്. ഇന്നിങ്‌സിന് വേഗം കൂട്ടാനും കോലിക്കായി. കോലി സെഞ്ചുറി തികച്ചതോടെ ആറ് വിക്കറ്റിന് 487 റൺസെന്ന നിലയിൽ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയർ ചെയ്തു. 297 പന്ത് നേരിട്ട ജയ്‌സ്വാൾ 15 ഫോറും മൂന്ന് സിക്സും സഹിതമാണ് 161 റൺസിലെത്തിയത്. 143 പന്തിൽ എട്ട് ഫോറും രണ്ട് സിക്സുമടക്കമാണ് കോലിയുടെ 100 റൺസ്.

ഓപ്പണിങ് വിക്കറ്റിൽ ജയ്‌സ്വാളും കെ.എൽ. രാഹുലും (77) ചേർന്ന് 201 റൺസാണ് ചേർത്തത്. അഞ്ച് ഫോർ രാഹുലിന്റെ ഇന്നിങ്‌സിലുണ്ട്. ഓപ്പണിങ് കൂട്ടുകെട്ടാണ് ഇന്ത്യൻ ഇന്നിങ്‌സിന് ശക്തമായ അടിത്തറയായത്. വിക്കറ്റ് നഷ്ടം കൂടാതെ 172 റൺസ് എന്ന നിലയിലാണ് ഇന്ത്യ ഇന്നിങ് ആരംഭിച്ചത്. രണ്ടാം വിക്കറ്റിൽ ദേവ്ദത്തിനൊപ്പം (25) 74 റൺസ് ചേർന്ന ജയ്‌സ്വാൾ കോലിക്കൊപ്പം 38 റൺസും കണ്ടെത്തി. കോലിയും വാഷിങ്ടൺ സുന്ദറും (29) ചേർന്ന് ആറാം വിക്കറ്റിൽ 89 റൺസും കോലിയും നിധീഷ്‌കുമാർ റെഡ്ഡിയും (38) ചേർന്ന് ഏഴാം വിക്കറ്റിന് 77 റൺസും ചേർത്തു. 27 പന്തിൽ മൂന്ന് ഫോറും രണ്ട് സിക്സും നേടിയ നിധീഷാണ് ഇന്ത്യൻ ഇന്നിങ്‌സ് അവസാനഘട്ടത്തിൽ വേഗത്തിലാക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker