ഓസ്‌ട്രേലിയക്കെതിരെ പിങ്ക് ബോള്‍ ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്‌സില്‍ ഹേസല്‍വുഡ്-കമ്മിന്‍സ് പേസാക്രമണത്തില്‍ തകര്‍ന്നടിച്ച ഇന്ത്യക്ക് നേടാനായത് വെറും 36 റണ്‍സ് മാത്രമാണ്. പേസര്‍ പാറ്റ് കമ്മിന്‍സിന്‍റെ പന്തില്‍ ഷമി പരിക്കേറ്റ് മടങ്ങിയതോടെ ഇന്ത്യ 21.2 ഓവറില്‍ 36-9 എന്ന നിലയില്‍ ഇന്നിംഗ്‌സ് അവസാനിപ്പിക്കുകയായിരുന്നു.
ടെസ്റ്റില്‍ ഒരു ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ സ്‌കോറാണ് അഡ്‌ലെയ്‌ഡില്‍ പിറന്നത്. 1974ല്‍ ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ 42 റണ്‍സായിരുന്നു ഇതിന് മുമ്പത്തെ കുറഞ്ഞ സ്‌കോര്‍. എന്നാല്‍ ഇംഗ്ലണ്ടിനെതിരെ 1955ല്‍ ന്യൂസിലന്‍ഡ് 26 റണ്‍സില്‍ പുറത്തായതാണ് ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്‌കോര്‍. എങ്കിലും ഈ നൂറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ സ്‌കോറെന്ന മാനക്കേട് ടീം ഇന്ത്യയുടെ പേരിലായി.
രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യന്‍ താരങ്ങളാരും രണ്ടക്കം കണ്ടില്ല. ഒന്‍പത് റണ്‍സെടുത്ത ഓപ്പണര്‍ മായങ്ക് അഗര്‍വാളാണ് ടോപ് സ്‌കോറര്‍. പൃഥ്വി ഷാ(4), ജസ്‌പ്രീത് ബുമ്ര(2), ചേതേശ്വര്‍ പൂജാര(0), വിരാട് കോലി(4), അജിങ്ക്യ രഹാനെ(0), ഹനുമ വിഹാരി(8), വൃദ്ധിമാന്‍ സാഹ(4), രവിചന്ദ്ര അശ്വിന്‍(0), ഉമേഷ് യാദവ്(4*), മുഹമ്മദ് ഷമി(1 റിട്ടയഡ് ഹര്‍ട്ട്) എന്നിങ്ങനെയാണ് ഇന്ത്യന്‍ താരങ്ങളുടെ സ്‌കോര്‍.
ഓസീസിനായി ജോഷ് ഹേസല്‍വുഡ് അഞ്ച് ഓവറില്‍ എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റും കമ്മിന്‍സ് 10.2 ഓവറില്‍ 21 റണ്‍സിന് നാല് വിക്കറ്റും വീഴ്‌ത്തി.