CricketSports

നായകന്‍ സഞ്ജു മിന്നും ഫോമില്‍ ക്രീസില്‍; ന്യൂസിലന്‍ഡ് എയ്‌ക്കെതിരെ ഇന്ത്യ എ പൊരുതുന്നു

ചെന്നൈ: ന്യൂസിലന്‍ഡ് എയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ വിജയത്തിനായി ഇന്ത്യ എ പൊരുതുന്നു. 220 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 24 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ .. റണ്‍സെടുത്തിട്ടുണ്ട്. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (32) ക്രീസിലുണ്ട്. ഋഷി ധവാനാണ് സഞ്ജുവിന് കൂട്ടുള്ളത്. ഇനി 46 ണ്‍സാണ് ജയിക്കാന്‍ വേണ്ടത്. 48 പന്തില്‍ 77 റണ്‍സ് നേടിയ പൃഥ്വി ഷായാണ് ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയത്. നേരത്തെ നാല് വിക്കറ്റ് നേടിയ കുല്‍ദീപ് യാദവാണ് ന്യൂസിലന്‍ഡിനെ തകര്‍ത്തത്. മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 1-0ന് മുന്നിലാണ്. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.

മറുപടി ബാറ്റിംഗില്‍ മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. പൃഥ്വി- റിതുരാജ് ഗെയ്കവാദ് സഖ്യം ഓപ്പണിംഗ് വിക്കറ്റില്‍ 82 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഗെയ്കവാദിനെ പുറത്താക്കി ലോഗന്‍ വാന്‍ ബീക് ന്യൂസിലന്‍ഡിന് ബ്രേക്ക് ത്രൂ നല്‍കി. മൂന്നാമനായി ക്രീസിലെത്തിയ രജത് പടിധാര്‍ (17 പന്തില്‍ 20) പെട്ടന്ന് മടങ്ങി. ഇതിനിടെ പൃഥ്വിയും തിലക് വര്‍മയും (0) പവലിയനില്‍ തിരിച്ചെത്തി. ഇതോടെ ഇന്ത്യ നാലിന് 134 എന്ന നിലയിലായി. പിന്നീടാണ് സഞ്ജു ഉത്തരവാദിത്തം ഏറ്റെടുത്തത്. ഇതുവരെ 30 പന്തുകള്‍ നേരിട്ട സഞ്ജു 32 റണ്‍സെടുത്തിട്ടുണ്ട്. രണ്ട് സിക്‌സും നാല് ഫോറും സഞ്ജുവിന്റെ അക്കൗണ്ടിലുണ്ട്. 

ചെന്നൈ ചിദംബരം സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡിന് ജോ കാര്‍ട്ടര്‍ (72), രചിന്‍ രവീന്ദ്ര (61) എന്നിവരുടെ ഇന്നിംഗ്‌സാണ് തുണയായത്. തുടക്കത്തില്‍ തന്നെ ന്യൂസിലന്‍ഡ് ഓപ്പണര്‍ ചാഡ് ബൗസിനെ (15) ന്യൂസിലന്‍ഡിന് നഷ്ടമായിരുന്നു. മൂന്നാമനായി ക്രീസിലെത്തിയ ഡെയ്ന്‍ ക്ലിവര്‍ (6) നിരാശപ്പെടുത്തിയതോടെ ന്യൂസിലന്‍ഡ് രണ്ടിന് 63 എന്ന നിലയിലായി. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന രവീന്ദ്ര- കാര്‍ട്ടര്‍ സഖ്യമാണ് സന്ദര്‍ശകരെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും 53 റണ്‍സ് കൂട്ടിചേര്‍ത്തു. രവീന്ദ്രയെ പുറത്താക്കി ഋഷി ധവാന്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. 

അതേ ഓവറില്‍ ക്യാപ്റ്റന്‍ റോബര്‍ട്ട് ഒ ഡണ്ണലിനേയും (0) പുറത്താക്കി ധവന്‍ ഇന്ത്യയെ മത്സരത്തിലേക്ക് കൊണ്ടുവന്നു. പിന്നീടെത്തിയവരില്‍ സീന്‍ സോളിയക്ക് (28) മാത്രമാണ് അല്‍പമെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്. ഇതിനിടെ കാര്‍ട്ടറും മടങ്ങി. വാലറ്റത്തെ കുല്‍ദീപ് കറക്കി വീഴ്ത്തിയതോടെ കിവീസ് 219ന് അവസാനിച്ചു. സോളിയക്ക് പുറമെ ലോഗന്‍ വാന്‍ ബീക് (4), ജോ വാല്‍ക്കര്‍ (0), ജേക്കബ് ഡഫി (0) എന്നിവരെയും കുല്‍ദീപ് മടക്കി. മൈക്കല്‍ റിപ്പോണ്‍ (10) പുറത്താവാതെ നിന്നു. 

കുല്‍ദീപിന് പുറമെ ധവാന്‍, രാഹുല്‍ ചാഹര്‍ എന്നിവര്‍ രണ്ടും ഉമ്രാന്‍ മാലിക്, രജന്‍ഗാഡ് ബാവ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. നേരത്തെ മൂന്ന് മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. തിലക് വര്‍മ, രാഹുല്‍ ചാഹര്‍, രാജ് ബാവ എന്നിവര്‍ ടീമിലെത്തി. രാഹുല്‍ ത്രിപാഠി, ഷഹബാസ് അഹമ്മദ്, കുല്‍ദീപ് സെന്‍ എന്നിവരാണ് പുറത്തിരിക്കുന്നത്. 

ഇന്ത്യ എ ടീം: പൃഥ്വി ഷാ, റിതുരാജ് ഗെയ്കവാദ്, സഞ്ജു സാംസണ്‍, രജത് പടിധാര്‍, തിലക് വര്‍മ, റിഷി ധവാന്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, രാഹുല്‍ ചാഹര്‍, കുല്‍ദീപ് യാദവ്, രാജ് ബാവ, ഉമ്രാന്‍ മാലിക്ക്. 

ന്യൂസിലന്‍ഡ് എ: ചാഡ് ബൗസ്, റചിന്‍ രവീന്ദ്ര, ഡെയ്ന്‍ ക്ലീവര്‍, ജോ കാര്‍ട്ടര്‍, റോബര്‍ട്ട് ഒ ഡണ്ണല്‍, ടോം ബ്രൂസ്, സീന്‍ സോളിയ, മൈക്കല്‍ റിപ്പോണ്‍, ലോഗന്‍ വാന്‍ ബീക്ക്, ജോ വാള്‍ക്കര്‍, ജേക്കബ് ഡഫി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker