അശ്ലീല സംഭാഷണം,ഗ്രൂപ്പ് സെക്സിന് ക്ഷണം; പങ്കാളിയുമായി വേർപിരിഞ്ഞ് ഇറ്റാലിയൻ പ്രധാനമന്ത്രി
റോം: ലൈംഗിക ചുവയുള്ള പരാമർശങ്ങൾ നടത്തി വിവാദത്തിൽ ചാടിയ ജീവിത പങ്കാളിയുമായുള്ള ബന്ധം വേർപ്പെടുത്തി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനി. ടിവി അവതാരകൻ കൂടിയായ മാധ്യമപ്രവർത്തകൻ ആൻഡ്രിയ ജിയാംബ്രൂണോയുമായുള്ള 10 വർഷത്തെ സഹവാസമാണ് മെലോനി അവസാനിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ശരിവച്ച്, ജിയാംബ്രൂണോയുമായി വേർപിരിഞ്ഞതായി ജോർജ മെലോനി പരസ്യമായി പ്രഖ്യാപിച്ചു.
‘ആൻഡ്രിയ ജിയാംബ്രൂണോയുമായുള്ള 10 വർഷത്തോളം നീണ്ട എന്റെ ബന്ധം ഇവിടെ അവസാനിപ്പിക്കുന്നു. കുറച്ചുനാളായി വ്യത്യസ്ത പാതകളിലാണ് ഞങ്ങളുടെ ജീവിതം. അത് അംഗീകരിച്ച് വേർപിരിയാനുള്ള സമയം വന്നുചേർന്നിരിക്കുന്നു’ – ജോർജ മെലോനി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ‘ഒരുമിച്ച് ചെലവഴിച്ച മനോഹരമായ വർഷങ്ങൾക്കും പ്രതിസന്ധികളെ ഒരുമിച്ചു നേരിട്ടതിനും ഇന്ന് എനിക്ക് ഏറ്റവും പ്രിയപ്പെട്ട നമ്മുടെ മകൾ ജിനേവ്‍റയെ തന്നതിനും’ ജിയാംബ്രൂണോയെ നന്ദിയറിയിക്കുന്നതായും മെലോനി കുറിച്ചു.
മീഡിയസെറ്റ് ചാനിലിൽ സംപ്രേക്ഷണം ചെയ്യുന്ന വാർത്താ പരിപാടിയുടെ അവതാരകനെന്ന നിലയിൽ ശ്രദ്ധേയനാണ് ആൻഡ്രിയ ജിയാംബ്രൂണോ. ചാനൽ പരിപാടിക്കിടെ ജിയാംബ്രൂണോയുടെ ചില പ്രവൃത്തികളും അദ്ദേഹം നടത്തിയ ചില പരാമർശങ്ങളും വിവാദമായിരുന്നു. ഒരു സഹപ്രവർത്തകയോടുള്ള അശ്ലീലച്ചുവയുള്ള പരാമർശവും അതിരുവിട്ട പെരുമാറ്റവുമാണ് വിവാദമായത്. മാത്രമല്ല, ഗ്രൂപ്പ് സെക്സിൽ താൽപര്യമുണ്ടെങ്കിൽ തനിക്കൊപ്പം ജോലി ചെയ്യാമെന്ന് ജിയാംബ്രൂണോ പറയുന്ന റെക്കോർഡിങ്ങും വ്യാപകമായി പ്രചരിച്ചിരുന്നു.
‘ഞാനും … (പേര് ഒഴിവാക്കുന്നു) തമ്മിൽ ബന്ധമുള്ള കാര്യം നിങ്ങൾക്ക് അറിയില്ലേ? മീഡിയസെറ്റിലെ എല്ലാവർക്കും ഇക്കാര്യം അറിയാം. ഇപ്പോൾ നിങ്ങളും അറിഞ്ഞില്ലേ’ – സഹപ്രവർത്തകയോടായി ജിയാംബ്രൂണോയുടെ ചോദ്യം.
‘ത്രീസമിൽ താൽപര്യമുള്ള മൂന്നാമത് ഒരാളേക്കൂടി ഞങ്ങൾ ഇപ്പോൾ നോക്കുന്നുണ്ട്. നാലു പേരാണെങ്കിലും കുഴപ്പമില്ല. ഞങ്ങളുടെ ഈ ഗ്രൂപ്പിൽ ചേരാൻ താങ്കൾക്ക് താൽപര്യമുണ്ടോ?’ – ജിയാംബ്രൂണോയുടെ മറ്റൊരു ചോദ്യം.
ജിയാംബ്രൂണോ നടത്തുന്ന പരാമർശങ്ങളുമായി ബന്ധപ്പെട്ട് ഇനി മേലിൽ പ്രതികരിക്കില്ലെന്ന് ജോർജ മെലോനി കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. ജിയാംബ്രൂണോ നടത്തുന്ന വിവാദ പരാമർശങ്ങൾക്ക് തന്നെ ഉത്തരവാദിയാക്കരുതെന്ന് അഭ്യർഥിച്ച മെലോനി, അയാളുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടു പ്രതികരിക്കില്ല എന്നാണ് വ്യക്തമാക്കിയത്.
2014ൽ ഒരു ടിവി സ്റ്റുഡിയോയിൽ വച്ചാണ് മെലോനിയും ജിയാംബ്രൂണോയും കണ്ടുമുട്ടിയത്. തുടർന്ന് ഒരുമിച്ച് ജീവിക്കാൻ ആരംഭിച്ച ഇരുവർക്കും ഏഴു വയസ്സുള്ള ഒരു മകളുണ്ട്.
ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ഒരു വർഷം പൂർത്തിയാക്കാൻ ദിവസങ്ങൾ ശേഷിക്കെയാണ് മെലോനി പങ്കാളിയുമായി വേർപിരിഞ്ഞതായി പ്രഖ്യാപിച്ചത്. രണ്ടാം ലോകയുദ്ധത്തിനു ശേഷം ഇറ്റലിയിൽ ഭരണത്തിലെത്തുന്ന ആദ്യ വലതുപക്ഷ സർക്കാരാണ് ബ്രദേഴ്സ് ഓഫ് ഇറ്റലി പാർട്ടി നേതാവ് ജോർജ മെലോനി (45) നയിക്കുന്ന ഈ സർക്കാർ.