ന്യൂഡല്‍ഹി: വിദേശ ബാങ്കുകളിലെ നിക്ഷേപത്തിന്റെ പേരില്‍ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിക്കും മൂന്ന് മക്കള്‍ക്കും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. വിദേശ ബാങ്കുകളിലെ നിക്ഷേപം വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് ആദായ നികുതി വകുപ്പിന്റെ മുംബൈ യൂണിറ്റാണ് നോട്ടീസ് അയച്ചിരിക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ ഒരു നോട്ടീസ് ലഭിച്ചിട്ടില്ലെന്നാണ് അംബാനി കുടുംബത്തിന്റെ പ്രതികരണം.
എച്ച്എസ്ബിസി ജനീവയില്‍ 700 വ്യക്തികള്‍ക്ക് അക്കൗണ്ട് ഉള്ളതായി കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഐടി വിഭാഗം അന്വേഷണം ആരംഭിച്ചത്. എച്ച്എസ്ബിസി ജനീവ അക്കൗണ്ട് ഉള്ളവരുടെ എണ്ണം 1,195 ആയി വര്‍ധിച്ചെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. എച്ച്എസ്ബി നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ അക്കൗണ്ടിന്റെ യഥാര്‍ത്ഥ അവകാശികള്‍ അംബാനി കുടുംബമാണെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍.