മുംബൈ: ഹൈദരാബാദിലെ പ്രമുഖ നിർമാതാക്കളുടെ വീടുകളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. പുഷ്പ 2 സിനിമയുടെ നിർമാതാക്കളായ മൈത്രി മൂവിമേക്കേഴ്‌സ് ഉടമ യർനേനി നാനി, ഗെയിം ചെയ്ഞ്ചർ സിനിമയുടെ നിർമാതാവ് ദിൽ രാജു എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.
ഇരു നിർമാതാക്കളുടെയും സ്ഥാപനങ്ങളും വീടുകളിലും ഉൾപ്പെടെ എട്ട് സ്ഥലങ്ങളിലാണ് ഇന്ന് രാവിലെ പരിശോധന നടന്നത്. തെലുങ്ക് സിനിമാ മേഖലയിലെ ബിഗ് ബജറ്റ് ചിത്രങ്ങൾ നിർമിക്കുന്ന വൻ പ്രൊഡക്ഷൻ ഹൗസുകളാണ് ഇരുവരുടെയും. ദിൽ രാജുവിന്റെ അല്ലു അർജുൻ ചിത്രമായ പുഷ്പ 2, വെങ്കിടേഷ് ചിത്രമായ സംക്രാന്തികി വാസ്തുനം എന്നീ ചിത്രങ്ങളുടെ വിജയത്തിന് പിന്നാലെയാണ് പരിശോധന.
അതേസമയം, റെയ്ഡിനെ സംബന്ധിച്ച് ആദായനികുതി വകുപ്പ് ഇതുവരെയും പ്രതികരിച്ചിട്ടില്ല. ഡിസംബർ 5നാണ് പുഷ്പ 2 തീയറ്ററുകളിലെത്തിയത്. റിലീസിന് ശേഷം, ചിത്രം ഇന്ത്യയിൽ 1228.25 കോടിയും ലോകമെമ്പാടും 1734.65 കോടിയും നേടിയെന്നാണ് റിപ്പോർട്ടുകഹ പറയുന്നത്. രാം ചരൺ നായകനായ ഗെയിം ചെയ്ഞ്ചർ 400 കോടി രൂപ ബജറ്റിലാണ് ഒരുങ്ങിയത്. ഇന്ത്യയിൽ നിന്നും 125.4 കോടിയും ലോകമെമ്പാടും 179.55 കോടിയുമാണ് ചിത്രം നേടിയതെന്ന് ബോക്‌സ് ഓഫീസ് കണക്കുകൾ വ്യക്തമാക്കുന്നു.