വാഹനമിടിച്ച് സഹോദരങ്ങൾ മരിച്ച സംഭവം; ജോസ് കെ. മാണിയുടെ മകനെ അറസ്റ്റ് ചെയ്തു
മണിമല: ജോസ് കെ. മാണിയുടെ മകൻ കെ.എം. മാണി (19) ഓടിച്ച ഇന്നോവയും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. സ്കൂട്ടറിൽ യാത്രചെയ്തിരുന്ന, കരിക്കാട്ടൂർ പതാലിപ്ലാവ് കുന്നുംപുറത്തുതാഴെ മാത്യു ജോൺ (ജിസ്-35), സഹോദരൻ ജിൻസ് ജോൺ(30) എന്നിവരാണ് മരിച്ചത്.
മണിമല ബി.എസ്.എൻ.എൽ.പടിക്കുസമീപം ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടുകൂടിയായിരുന്നു അപകടം.ഇന്നോവ കാറിന്റെ ഉടമസ്ഥൻ ജോസ് കെ. മാണിയുടെ സഹോദരീഭർത്താവെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. അപകടസമയത്ത് വാഹനം ഓടിച്ചത് 47 വയസുള്ള ഒരാൾ എന്നായിരുന്നു പോലീസ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയത്.
എന്നാൽ വാഹനം ഓടിച്ചത് ജോസ് കെ. മാണിയുടെ മകൻ കെ.എം. മാണിയാണെന്ന ആരോപണം അന്നുതന്നെ ഉയർന്നിരുന്നു. ഇതിനിതിരേ പ്രതിഷേധങ്ങളും ശക്തമായിരുന്നു.
അലക്ഷ്യമായി വാഹനമോടിച്ചതിനും മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കുമാണ് കെ.എം മാണിക്കെതിരേ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ജാമ്യത്തിൽ വിട്ടതായി കോട്ടയം എസ്.പി. കെ. കാർത്തിക് പറഞ്ഞു.