തിരുവനന്തപുരം: ഹെൽമെറ്റ് ധരിക്കാത്തതിന്റെ പേരിൽ ഡി.വൈ.എഫ്.ഐ. നേതാവിന് പിഴ ചുമത്തിയ സംഭവത്തിൽ പോലീസുകാരെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കി. തിരുവനന്തപുരം പേട്ട സ്റ്റേഷനിലെ രണ്ട് എ.എസ്.ഐമാർ ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥരേയും ഇതേ സ്റ്റേഷനിൽ തന്നെ നിയമിച്ചു. വകുപ്പുതല അന്വേഷണ റിപ്പോർട്ടിന് പിന്നാലെയാണ് നടപടി.
എന്നാൽ, പോലീസ് സ്റ്റേഷനിൽ പരാതി പറയാൻ ചെന്ന ഡി.വൈ.എഫ്.ഐ. പ്രവർത്തകർക്ക് നേരെ ലാത്തി വീശി എന്ന് സി.പി.എം. ആരോപിച്ചു. ഇതിന് തെളിവായി പുതിയ വീഡിയോദൃശ്യങ്ങളും പുറത്തുവിട്ടു. ഡി.വൈ.എഫ്.ഐ. പ്രവർത്തകരെ ലാത്തി ഉപയോഗിച്ച് അടിച്ചോടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
ചൊവ്വാഴ്ച വൈകീട്ട് 4.30-ന് ഒരുവാതിൽക്കോട്ട റോഡിൽ എസ്.ഐ.മാരായ അഭിലാഷ്, അസീം എന്നിവരുടെ നേതൃത്വത്തിൽ വാഹനപരിശോധന നടക്കുമ്പോൾ ബൈക്കിൽ എത്തിയ ഡി.വൈ.എഫ്.ഐ. നേതാവ് വി.നിതിനെ തടഞ്ഞതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഹെൽമെറ്റ് ധരിക്കാത്തതിന് പിഴ ആവശ്യപ്പെട്ടപ്പോൾ താൻ ഡി.വൈ.എഫ്.ഐ. ഭാരവാഹിയാണെന്നും അത്യാവശ്യമായി പുറത്തിറങ്ങിയപ്പോൾ ഹെൽമെറ്റ് എടുക്കാൻ മറന്നതാണെന്നും പറഞ്ഞു. പിഴ അടയ്ക്കണമെന്നായി എസ്.ഐ.മാർ. ഇതോടെ ഇവർ തമ്മിൽ വാക്കുതർക്കമുണ്ടായി. പിന്നീട്, എസ്.ഐ. തെറിവിളിക്കുകയും മർദിക്കുകയും ചെയ്തെന്ന് ആരോപിച്ച് സി.പി.എം. നേതാക്കളുമായി നിതിൻ വൈകീട്ട് ആറോടെ സ്റ്റേഷനിലെത്തിയപ്പോഴാണ് സംഘർഷമുണ്ടായത്. മൂന്നുമണിക്കൂറിലേറെ നേരം പോലീസ് സ്റ്റേഷനിൽ സംഘർഷാവസ്ഥയുണ്ടായിരുന്നു.
സംഭവത്തിന് പിന്നാലെ പേട്ട പോലീസ് സ്റ്റേഷനിലെ രണ്ട് എസ്.ഐമാരേയും സി.പി.ഒയേും സ്ഥലം മാറ്റി. എസ്.ഐയെ ജില്ലാ ക്രൈംബ്രാഞ്ചിലേക്കും സി.പി.ഒയെ എ.ആർ. ക്യാമ്പിലേക്കുമാണ് സ്ഥലം മാറ്റിയത്. എന്നാൽ ഇത് ശിക്ഷാ നടപടി അല്ല എന്ന് സിറ്റി പോലീസ് കമ്മിഷണർ സി.,എച്ച് നാഗരാജു വ്യക്തമാക്കിയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് നർകോട്ടിക് അസിസ്റ്റന്റ് കമ്മിഷണർ ബാലകൃഷ്ണന്റെ നേതൃത്വത്തിൽ വകുപ്പുതല അന്വേഷണം നടത്തി. സി.പി.എം. നേതാക്കൾ ആരോപിക്കുന്ന രീതിയിൽ പോലീസുകാരുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റം ഉണ്ടായില്ല എന്നാണ് അന്വേഷണം റിപ്പോർട്ടിൽ പറയുന്നത്. സ്ഥലത്തുണ്ടായിരുന്ന ദൃക്സാക്ഷികളുടെ മൊഴിയിലും പോലീസിന്റെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റം ഉണ്ടായിട്ടില്ല, റിപ്പോർട്ടിൽ പറയുന്നു. ഇതിന് പിന്നാലെയാണ് സ്ഥലം മാറ്റിയ ഉദ്യോഗസ്ഥരെ വീണ്ടും പേട്ട സ്റ്റേഷനിലേക്ക് പുനർനിയമിച്ച് കമ്മിഷണർ ഉത്തരവലിറക്കിയത്.