KeralaNews

മഹാരാജാസ് കോളജിൽ കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം:നിര്‍ണ്ണായക തീരുമാനവുമായി പോലീസ്‌

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തിൽ കേസെടുക്കില്ലെന്ന് എറണാകുളം സെന്‍ട്രൽ പൊലീസ്. സംഭവത്തിൽ പരാതിയില്ലെന്ന് അധ്യാപകൻ പൊലീസിനു മൊഴിനൽകി. അതേസമയം, കോളജ് അധികൃതർ പൊലീസിൽ പരാതി നൽകിയിരുന്നു.

ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണ നിയമപ്രകാരം കേസെടുക്കണമെന്നായിരുന്നു ആവശ്യം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കോളജിൽ മൂന്നംഗ കമ്മിഷനെ നിയമിച്ചതായി പ്രിൻസിപ്പൽ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കോളജിലെ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് ഫാസിൽ അടക്കം ആറ് വിദ്യാർഥികളെ സസ്പെന്‍ഡ് ചെയ്തിരുന്നു.

സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള വിഡിയോ തെറ്റായി വ്യാഖ്യാനിച്ചു രാഷ്ട്രീയ വിരോധം തീർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ് കെഎസ്‌യു പ്രതികരിച്ചു. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കെഎസ്‌യു പൊലീസിൽ പരാതി നൽകി.

തൻ്റെ പരിമിതിയെ കുട്ടികൾ ചൂഷണം ചെയ്തത് എന്നതിൽ വിഷമമുണ്ടെന്ന് മഹാരാജാസ് കോളജിൽ അപമാനിക്കപ്പെട്ട കാഴ്ചപരിമിതിയുള്ള അധ്യാപകൻ ഡോ. സിയു പ്രിയേഷ് പറഞ്ഞിരുന്നു. ഒരുപാട് എഫർട്ട് എടുത്താണ് ക്ലാസെടുക്കുന്നത്. എന്നിട്ടും ക്ലാസിനെ അവമതിക്കുന്ന കുട്ടികളുണ്ടെന്നത് വിഷമകരമാണ്. കാഴ്ചശക്തിയില്ലാത്ത ആളായതുകൊണ്ടാണല്ലോ ഇങ്ങനെ സംഭവിച്ചത്.

ഇൻസ്റ്റഗ്രാമിലെ വിഡിയോയിൽ ക്ലാസ്സില് ഞാൻ ക്ലാസെടുക്കുന്നതാണ് കാണിക്കുന്നത്. ആ വീഡിയോയുടെ താഴെ ആക്ഷേപിക്കുന്ന തരത്തിൽ ധാരാളം കമൻ്റ്സ് ഒക്കെ വന്നിരുന്നു. കാരണം എനിക്ക് കാഴ്ചപരിമിതി ഉള്ളതുകൊണ്ടാണല്ലോ ക്ലാസ്സിൽ ഇങ്ങനെയൊക്കെ സംഭവിച്ചത്. നമ്മുടെ ഒരു പരിമിതിയെ ആണല്ലോ അവര് ചൂഷണം ചെയ്തത് എന്നുള്ള ഒരു തോന്നലുണ്ടായി. എനിക്ക് തോന്നുന്നു, പരിമിതിയുള്ള ഒരാൾക്ക് അത് കൃത്യമായിട്ട് മനസ്സിലാകും എന്നും അദ്ദേഹം പറഞ്ഞു.

കമ്പ്യൂട്ടറിൽ ഒരു രണ്ടു മണിക്കൂർ വായിച്ചിട്ടാണ് ഒരു മണിക്കൂർ ക്ലാസ് എടുക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. നമ്മൾ അത്രയും എഫർട്ട് എടുത്ത് ക്ലാസ് എടുക്കുമ്പോൾ ക്ലാസ്സിനെ അവമതിക്കുന്ന രീതിയിൽ കുട്ടികൾ പെരുമാറിയപ്പോൾ സ്വാഭാവികമായിട്ടും വേദനയുണ്ടായി. ഞാനൊരു വ്യക്തി മാത്രമല്ലല്ലോ. ഞാനൊരു സാമൂഹ്യജീവി കൂടിയല്ലേ? നമുക്ക് കുടുംബമുണ്ട്, സുഹൃത്തുക്കളുണ്ട്. ഞാനും നമ്മുടെ ഡിപ്പാർട്ട്മെൻ്റും പ്രിൻസിപ്പലിന്റെ അടുത്ത് പരാതിനൽകിയിരുന്നു.

തത്കാലം അവരെ സസ്പൻഡ് ചെയ്തിരിക്കുകയാണ്. കോളജ് ഒരു അന്വേഷണ കമ്മീഷനെ രൂപീകരിച്ചിട്ടുണ്ട്. എന്റെ ഒരു നിലപാട് കോളേജിന്റെ ഉള്ളിൽ തന്നെ ഇത് പരിഹരിക്കണമെന്നാണ്. ഈ കുട്ടികൾക്ക് അവരുടെ തെറ്റ് മനസ്സിലാക്കുക എന്നുള്ളതാണ്. കുട്ടികളെ തിരുത്തി കൂടുതൽ നല്ല പൗരന്മാർ ആക്കുക എന്നുള്ളതാണല്ലോ നമ്മുടെ ഉത്തരവാദിത്തം. എന്നും അദ്ദേഹം പറഞ്ഞിരുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button