ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിന് (Ram Mandir) മുതിര്‍ന്ന ബിജെപി നേതാവ് ലാല്‍ കൃഷ്ണ അദ്വാനി (Lal Krishna Advani) പങ്കെടുക്കില്ല. അതിശൈത്യത്തെ തുടര്‍ന്നാണ് അദ്ദേഹം പ്രാണ പ്രതിഷ്ഠയ്ക്ക് അദ്ദേഹം പങ്കെടുക്കില്ലെന്ന് അറിയിച്ചത്. രാമക്ഷേത്ര സമരത്തിന് വേണ്ടിയുള്ള പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ നിന്നയാളാണ് എല്‍ കെ അദ്വാനി.
ആരോഗ്യവും പ്രായവും കണക്കിലെടുത്ത് എല്‍ കെ അദ്വാനിയും പാര്‍ട്ടി സഹപ്രവര്‍ത്തകന്‍ മുരളി മനോഹര്‍ ജോഷിയും പ്രാണ്‍ പ്രതിഷ്ഠയില്‍ പങ്കെടുക്കാന്‍ സാധ്യതയില്ലെന്ന് രാം മന്ദിര്‍ ട്രസ്റ്റായ ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്രം നേരത്തെ വ്യക്തമാക്കിയിരുന്നു. രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്കുള്ള അദ്വാനിയുടെ വരവില്‍ നേരത്തെ നിരവധി അശങ്കകള്‍ ഉയര്‍ന്നിരുന്നു.
”ഇരുവരും കുടുംബത്തിലെ മുതിര്‍ന്നവരാണ്, അവരുടെ പ്രായം കണക്കിലെടുത്ത്, വരരുതെന്ന് അവരോട് അഭ്യര്‍ത്ഥിച്ചു. അത് ഇരുവരും അംഗീകരിച്ചു,” രാമക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് കഴിഞ്ഞ മാസം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍, ഈ മാസം ആദ്യം എല്‍ കെ അദ്വാനി രാമക്ഷേത്ര ഉദ്ഘാടനത്തില്‍ പങ്കെടുക്കുമെന്ന് വിശ്വ ഹിന്ദു പരിഷത്ത് നേതാവ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞിരുന്നു.
ബിജെപി അദ്ദേഹത്തിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും മെഡിക്കല്‍ സൗകര്യങ്ങളും ഒരുക്കുമെന്നും വിഎച്ച്പിയുടെ അന്താരാഷ്ട്ര വര്‍ക്കിംഗ് പ്രസിഡന്റ് അലോക് കുമാര്‍ പറഞ്ഞിരുന്നു. ഡിസംബറിലാണ് അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടന ചടങ്ങില്‍ലേക്ക് പങ്കെടുക്കുന്നതിനായി എല്‍കെ അദ്വാനിയെയും മുരളി മനോഹര്‍ ജോഷിയെയും വിഎച്ച്പി ക്ഷണിച്ചത്.
അതേസമയം, രാമക്ഷേത്ര ഉ?ദ്ഘാടനത്തിനായി അയോധ്യ പൂര്‍ണ്ണ സജ്ജം. പൂക്കളും വഴിവിളക്കുകളും ശ്രീരാമന്റെ പോസ്റ്ററുകളാലും നിറഞ്ഞുനില്‍ക്കുകയാണ് അയോധ്യ. പുതുതായി പണിത രാമക്ഷേത്രത്തില്‍ ശ്രീരാമന്റെ ബാല വിഗ്രഹമാണ് പ്രതിഷ്ഠിക്കുന്നത്. ഉച്ചക്ക് 12.20നും 12.30നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് പ്രതിഷ്ഠ നടക്കുക.
ചടങ്ങില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 11 മണിയോടെ രാമജന്മഭൂമിയിലെത്തും. ചടങ്ങില്‍ യജമാന സ്ഥാനമാണ് പ്രധാനമന്ത്രിക്ക്. പ്രതിഷ്ഠക്ക് ശേഷം നാളെ മുതല്‍ ക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും. പ്രാണ പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രമുഖരുടെ നീണ്ട നിരയാണ് അയോധ്യയിലെത്തുക.
പ്രതിഷ്ഠാ ദിനത്തിന് മുന്നോടിയായി രാജ്യ തലസ്ഥാനത്തടക്കം കനത്ത ജാഗ്രതയും സുരക്ഷയുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 8000 പൊലീസ് ഉദ്യോഗസ്ഥരെയാണ് ഡല്‍ഹിയിലെ വിവിധ മേഖലകളിലായി വിന്യസിച്ചത്. ഡ്രോണ്‍ നിരീക്ഷണവും പുരോഗമിക്കുന്നുണ്ട്. സംഘര്‍ഷ സാധ്യതയുളള മേഖലകളില്‍ ഫ്‌ലാഗ് മാര്‍ച്ചും നടത്തുന്നുണ്ട്. ക്ഷേത്രങ്ങളിലും, മാര്‍ക്കറ്റുകളിലും പ്രത്യേകം പരിശോധനയും നിരീക്ഷണവും തുടങ്ങിയതായി ഡല്‍ഹി പൊലീസ് അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും 7,000 അതിഥികളും ചടങ്ങില്‍ പങ്കെടുക്കും. ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോഹ്ലി, ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അമിതാഭ് ബച്ചന്‍, വ്യവസായികളായ മുകേഷ് അംബാനി, ഗൗതം അദാനി എന്നിവരും അതിഥികളില്‍ ഉള്‍പ്പെടുന്നു.