പീരുമേട്: വാഗമണ്ണില്‍ കള്ളപ്പേരില്‍ പട്ടയംനേടി ആള്‍മാറാട്ടംനടത്തി 3.3 ഏക്കര്‍ ഭൂമി മുറിച്ചുവിറ്റ കേസിലെ പ്രതിയെ വിജിലന്‍സ് അറസ്റ്റുചെയ്തു. വാഗമണ്‍ കോയക്കാരന്‍പറമ്പില്‍ ജോളി സ്റ്റീഫന്‍ (61)ആണ് ബെംഗളൂരുവില്‍ ഒളിവില്‍ താമസിക്കുന്നതിനിടെ പിടിയിലായത്. കേസ് രജിസ്റ്റര്‍ചെയ്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇയാള്‍ പിടിയിലാകുന്നത്.
ഇയാള്‍ വാഗമണ്ണില്‍ റാണിമുടി എസ്റ്റേറ്റ് എന്ന പേരില്‍ 55 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന് റവന്യൂ വകുപ്പ് കണ്ടെത്തിയിരുന്നു. പട്ടയങ്ങള്‍ വ്യാജമാണെന്ന് റവന്യൂ വകുപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് 2019-ലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. അപ്പോഴാണ് വന്‍ കൈയേറ്റങ്ങളുടെ വിവരങ്ങള്‍ വെളിയില്‍വരുന്നത്.
ഉദ്യോഗസ്ഥരുടെ സഹായത്തോടെ പട്ടയമേളയില്‍നിന്ന് ഇയാള്‍ 3.3 ഏക്കര്‍ സ്ഥലത്തിന്റെ കള്ളപ്പട്ടയം നേടിയെടുത്തിയിരുന്നു. ബന്ധുക്കള്‍ ഉള്‍പ്പെടെ നിരവധി ആളുകളുടെ പേരില്‍ ഇങ്ങനെ പട്ടയം നേടിയെടുത്തു. ഇവരില്‍ മിക്കവരും ഇക്കാര്യം അറിഞ്ഞിരുന്നില്ല. പിന്നീട് ആള്‍മാറാട്ടം നടത്തി ഈ പട്ടയങ്ങള്‍ ജോളി സ്റ്റീഫന്‍ സ്വന്തം പേരിലേക്ക് രജിസ്റ്റര്‍ചെയ്യുകയും മുറിച്ചുവില്‍ക്കുകയുമായിരുന്നു.
സംഭവം ശരിയാണെന്ന് ക്രൈംബ്രാഞ്ചും കണ്ടെത്തിയിരുന്നു. ചോദ്യംചെയ്യലിന് ഹാജരാകാന്‍ വിജിലന്‍സ് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍, ഹാജരാകാതെ ജോളി സ്റ്റീഫന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി മൂന്നുതവണ ജാമ്യാപേക്ഷ തള്ളി. തുടര്‍ന്നാണ് ഇടുക്കി വിജിലന്‍സ് സംഘം ബെംഗളൂരുവില്‍ ഒളിവിലായിരുന്ന ജോളി സ്റ്റീഫനെ അറസ്റ്റുചെയ്തത്.
വാഗമണ്‍ വില്ലേജിലെ 724 സര്‍വേ നമ്പരില്‍പ്പെട്ട പട്ടയങ്ങളാണ് ഇയാളുടെ പക്കലുള്ളത്. അന്നത്തെ കളക്ടര്‍ എച്ച്.ദിനേശന്റെ നിര്‍ദേശത്തെ തുടര്‍ന്ന് റവന്യൂ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് സ്ഥലം പുറമ്പോക്ക് ഭൂമിയാണെന്നും പട്ടയങ്ങള്‍ വ്യാജമാണെന്നും കണ്ടെത്തിയത്. മറ്റൊരു സാമ്പത്തിക തട്ടിപ്പ് കേസില്‍ 2000-ത്തില്‍ സി.ബി.ഐ. അറസ്റ്റ് ചെയ്തിരുന്നു. ജില്ലാ ബാങ്കില്‍ തട്ടിപ്പ് നടത്തിയ കേസിലും ഇയാള്‍ അറസ്റ്റിലായിട്ടുണ്ട്.
വിജിലന്‍സ് കോട്ടയം റെയ്ഞ്ച് എസ്.പി. വി.ജി.വിനോദ്കുമാര്‍, ഇടുക്കി ഡിവൈ.എസ്.പി. ഷാജു തോമസ്, സി.ഐ. അരുണ്‍ ടി.ആര്‍, എസ്.ഐ ഡാനിയേല്‍, എ.എസ്.ഐ. ബേസില്‍, എസ്.സി.പി.ഒ.മാരായ റഷീദ്, അഭിലാഷ്, സി.പി.ഒ.മാരായ അരുണ്‍ രാമകൃഷ്ണന്‍, സന്ദീപ് ദത്തന്‍ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.
മുന്‍ ഭാര്യ പരാതി നല്‍കി; കേസ് പൊങ്ങി
പീരുമേട്: 1989-ലാണ് വാഗമണ്‍ റാണിമുടി എസ്റ്റേറ്റ് ഉടമ ജോളി സ്റ്റീഫന്‍ 55 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയേറുന്നത്. 1994-ല്‍ റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാജ പട്ടയങ്ങളുണ്ടാക്കി. ജോളി സ്റ്റീഫന്റെ ആദ്യ ഭാര്യ ഷേര്‍ളി മറ്റൊരു സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയപ്പോഴാണ് കൈയേറ്റ വിവരം പുറത്തായത്. തന്റെയും സഹോദരിയുടെയും പേരില്‍ വാഗമണ്ണിലുള്ള 10 ഏക്കര്‍ ഭൂമി വ്യാജ പട്ടയം ചമച്ച് വിറ്റെന്നായിരുന്നു ഷേര്‍ളിയുടെ പരാതി.
മുറിച്ചുവിറ്റ ഭൂമികളില്‍ ഇരുന്നൂറിലധികം റിസോര്‍ട്ടുകളാണ് ഇപ്പോഴുള്ളത്. ചില നിര്‍മാണങ്ങളും നടന്നുവരുന്നു. ഈ ഭൂമിയിലെ പട്ടയങ്ങള്‍ റദ്ദാക്കുന്നതിനൊപ്പം ഇതിലെ മുഴുവന്‍ ആധാരങ്ങളും റദ്ദാക്കാന്‍ ജില്ലാ ഭരണകൂടം ഉത്തരവായിരുന്നു.
ഈ ഭൂമിക്ക് 28 പട്ടയങ്ങള്‍ വ്യാജമായി നിര്‍മിച്ച് ഭൂമി വില്‍പ്പന നടത്തിയതായാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഇതില്‍ 12 എണ്ണം റദ്ദാക്കിയിരുന്നു. മറ്റ് പട്ടയങ്ങളിലെ നടപടി തുടര്‍ന്നുവരുകയാണ്.
റവന്യൂ ഉദ്യോഗസ്ഥരുടെയടക്കം പങ്ക് സ്ഥിരീകരിക്കാനുള്ള ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പ്രധാന പ്രതിയെ വിജിലന്‍സ് പിടികൂടിയത്.