പത്തനംതിട്ട: മന്ത്രി വീണാ ജോർജിന്റെ സാന്നിധ്യത്തിൽ കാപ്പാ കേസ് പ്രതി സി.പി.എമ്മിൽ ചേർന്നു. മലയാലപ്പുഴ സ്വദേശി ശരൺ ചന്ദ്രനാണ് പാർട്ടി അംഗത്വം എടുത്തത്. റിമാൻഡ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ശരണിന്റെ പാർട്ടിപ്രവേശം. പുതുതായി വന്നവർക്ക് അംഗത്വം നൽകിക്കൊണ്ട് മന്ത്രി വീണാ ജോർജ് ഉൾപ്പെടെ മുദ്രാവാക്യം വിളിക്കുന്ന ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിലുണ്ട്.
കഴിഞ്ഞ വർഷം കാപ്പാ ചുമത്തപ്പെട്ട ശരൺ ചന്ദ്രനെ നാടുകടത്താതെ വകുപ്പിലെ 15(3) പ്രകാരം താക്കീത് നൽകി വിട്ടു. എന്നാൽ, പിന്നീട് പത്തനംതിട്ട സ്റ്റേഷനിലെ കേസിൽ ഇയാൾ പ്രതിയായതോടെ കാപ്പാ ലംഘിച്ചതിന് മലയാലപ്പുഴ പോലീസ് അറസ്റ്റുചെയ്തു. ഇതിൽ ജാമ്യം കിട്ടിയെങ്കിലും പത്തനംതിട്ടയിലെ കേസിൽ റിമാൻഡിലായി.
ജൂൺ 23-നാണ് റിമാൻഡ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയത്. ശരൺ നേരത്തേ ബി.ജെ.പി. അനുഭാവിയായിരുന്നു. കുമ്പഴയിൽ നടന്ന സമ്മേളനത്തിലാണ് സി.പി.എം. അംഗത്വം കൊടുത്തത്. മന്ത്രി വീണാ ജോർജിനെക്കൂടാതെ സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, ജില്ലാ സെക്രട്ടേറിയറ്റംഗം ഓമല്ലൂർ ശങ്കരൻ, കോന്നി ഏരിയാ സെക്രട്ടറി ശ്യാംലാൽ, പത്തനംതിട്ട ഏരിയാ സെക്രട്ടറി എം.വി.സഞ്ജു അടക്കമുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.