KeralaNews

തലശേരിയില്‍ യുവാവ് മര്‍ദിച്ച കുട്ടിയെ മറ്റൊരാളും ഉപദ്രവിച്ചു; വിഡിയോ പുറത്ത്

തലശേരി ∙ കാറിൽ ചാരിനിന്നതിന് യുവാവ് ക്രൂരമായി മര്‍ദിച്ച അതിഥിത്തൊഴിലാളിയുടെ 6 വയസ്സുള്ള മകനെ മറ്റൊരാളും ഉപദ്രവിച്ചു. യുവാവ് ആക്രമിക്കുന്നതിന് മുന്‍പാണ് മറ്റൊരാൾ കുട്ടിയെ ഉപദ്രവിച്ചത്. കാറിന് സമീപത്തുനിന്ന കുട്ടിയെ ഇയാൾ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. പുതിയ ദൃശ്യങ്ങളുടെ പശ്ചാത്തലത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ്, ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ മൊഴിയെടുത്തു. കുട്ടിയെ ചവിട്ടിത്തെറിപ്പിച്ച് ക്രൂരത കാട്ടിയ പൊന്ന്യംപാലം മൻസാർ ഹൗസിൽ കെ. മുഹമ്മദ് ഷിഹാദിനെ (20) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

തലശ്ശേരി നാരങ്ങാപ്പുറം മണവാട്ടി ജംക്‌ഷനിൽ വ്യാഴാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ഷിഹാദ് കുട്ടിയെ ചവിട്ടുന്ന ദൃശ്യങ്ങളുടെ തുടർച്ചയായാണ് മറ്റൊരാളും കുട്ടിയെ ഉപദ്രവിക്കുന്നത് പുറത്തായത്. വഴിപോക്കനായ ഒരാൾ കാറിനു സമീപം നിൽക്കുന്ന കുട്ടിയുടെ തലയിൽ അടിക്കുന്നതും പിടിച്ചുമാറ്റുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. അതിനുശേഷം സ്ഥലത്തെത്തുന്ന കാറിന്റെ ഉടമയായ ഷിഹാദ് കുട്ടിയുമായി തർക്കിക്കുന്നതും പിടിച്ചു തള്ളുന്നതും പുതിയ ദൃശ്യങ്ങളിലുണ്ട്. ഇതിനു ശേഷം അവിടെനിന്ന് പോയ ഷിഹാദ് തിരിച്ചെത്തിയാണ് കുട്ടിയെ ചവിട്ടിയത്.

കാറിൽ ചാരിനിന്നതിന്റെ പേരിൽ വ്യാഴാഴ്ച സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യംചെയ്ത ശേഷം പൊലീസ് ഷിഹാദിനെ വിട്ടയച്ചിരുന്നു. പിന്നീട് ദൃശ്യങ്ങൾ പ്രചരിച്ചതിനെത്തുടർന്ന് വ്യാപക പ്രതിഷേധമുയരുകയും ഇന്നലെ രാവിലെ ഷിഹാദിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. രാജസ്ഥാൻ സ്വദേശിയായ കുട്ടി തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. സാരമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്നും നീർക്കെട്ടുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു.

രാജസ്ഥാനിൽനിന്നു ബലൂൺ വിൽപനയ്ക്കെത്തിയ ദമ്പതികളുടെ കുട്ടിയുടെ പുറത്ത് ഷിഹാദ് ഷൂസിട്ട കാൽ കൊണ്ടു ചവിട്ടുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ ആളുകളെ തള്ളിമാറ്റി, ഇയാൾ കാറുമായി സ്ഥലം വിട്ടു. പുറത്തു നീരുവന്ന കുട്ടിയെ മടിയിൽ കിടത്തി, ഫുട്പാത്തിൽ ഇരുന്നു കരഞ്ഞ ദമ്പതികളെ ഇതുവഴി സ്കൂട്ടറിൽ വന്ന സിപിഎം നേതാവും അഭിഭാഷകനുമായ എം.കെ.ഹസനാണു ശ്രദ്ധിച്ചത്. നാട്ടുകാരുടെയും ഓട്ടോ ഡ്രൈവർമാരുടെയും സഹായത്തോടെ ഒൻപതോടെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. 

ഇതിനിടെ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കാറിന്റെ നമ്പർ കണ്ടെത്തി ഷിഹാദിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തിയെങ്കിലും രാത്രി തന്നെ വിട്ടയച്ചു. കാറിൽ സ്ത്രീകളടക്കമുള്ള കുടുംബാംഗങ്ങൾ ഉണ്ടായതിനാൽ രാവിലെ എത്താൻ നിർദേശിക്കുകയായിരുന്നുവെന്നാണ് വിശദീകരണം. പ്രതി ആസ്മ രോഗിയാണെന്നും പൊലീസ് പറയുന്നു.

ഇന്നലെ രാവിലെ എട്ടരയോടെ സ്റ്റേഷനിനെത്തിയ ഷിഹാദിനെ അറസ്റ്റ് ചെയ്തു. നരഹത്യാ ശ്രമം, ബോധപൂർവം മുറിവേൽപിക്കൽ, പൊതുഗതാഗതം തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണു കേസ്. ബാലനീതി വകുപ്പു പ്രകാരമുള്ള കുറ്റങ്ങൾ ചേർത്തിട്ടില്ല. പ്രതിയെ മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു. ബാലാവകാശ കമ്മിഷൻ പൊലീസിനോട് റിപ്പോർട്ട് തേടി. ദേശീയ ബാലാവകാശ കമ്മിഷനും വിശദീകരണം തേടി. പൊലീസിന്റെ ഭാഗത്തു വീഴ്ചയുണ്ടെങ്കിൽ അന്വേഷിച്ചു നടപടിയെടുക്കുമെന്നു ഡിജിപി അനിൽകാന്ത് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker