പോള ഹുർദുമായി പ്രണയബന്ധത്തിൽ; സ്ഥിരീകരിച്ച് ബിൽ ഗേറ്റ്‌സ്
![](https://breakingkerala.com/wp-content/uploads/2025/02/bill-gates-paula-780x470.jpg)
വാഷിംഗ്ടണ്‍: പോള ഹുർദുമായുള്ള പ്രണയബന്ധം സ്ഥിരീകരിച്ച് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സ്. പോളയുമായുള്ള തൻ്റെ ബന്ധത്തെക്കുറിച്ച് ബിൽ ഗേറ്റ്സ് ടുഡേ ഷോക്ക് നൽകിയ അഭിമുഖത്തിലാണ് തുറന്നുപറഞ്ഞത്. പോളയെ ലഭിച്ചതിൽ താൻ ഭാഗ്യവാനാണെന്നും ഈ ബന്ധം ഇരുവരും ആസ്വദിക്കുകയാണെന്നും ഒരുപാട് മികച്ച കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പോള ഹുർദിനെക്കുറിച്ച് ബിൽ ഗേറ്റ്‌സ് പരസ്യമായി സംസാരിക്കുന്നത് ഇതാദ്യമാണെങ്കിലും, ഇരുവരും പലപ്പോഴും ഒരുമിച്ച് വിവിധ പരിപാടികളിൽ പങ്കെടുക്കുന്നത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ആനന്ദ് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹത്തിലുൾപ്പെടെ ഇരുവരും ഒന്നിച്ചായിരുന്നു എത്തിയത്. ഇരുവർക്കും ടെന്നീസിൽ താത്പര്യമുള്ളതിനാൽ ടെന്നീസ് ഇവൻ്റുകളിലും ഒന്നിച്ചെത്തിയിരുന്നു.
മെലിൻഡ ഫ്രഞ്ചുമായി വേർപിരിഞ്ഞതിന് ശേഷമാണ് പോള ഹുർദുമായി ബിൽ ഗേറ്റ്‌സ് ഡേറ്റിങ് ആരംഭിച്ചത്. ഓറക്കിൾ മുൻ സിഇഒ മാർക് ഹുർദിൻറെ വിധവയാണ് പോള ഹുർദ്. 2019 ഒക്ടോബറിലാണ് മാർക് മരിച്ചത്. ഇരുവർക്കും രണ്ടു പെൺമക്കളുണ്ട്. കോർപ്പറേറ്റ്, ചാരിറ്റബിൾ ഇവൻ്റുകൾ ആസൂത്രണം ചെയ്യുന്നതിലും സംഘടിപ്പിക്കുന്നതിലും പോള ശ്രദ്ധ കേന്ദ്രീകരിക്കുന്നു.