കൊച്ചി: റോഡിലൂടെ അഭ്യാസ പ്രകടനം നടത്തുന്നവർക്ക് കെണിയൊരുക്കി കേരള പോലീസ്. അഭ്യാസ പ്രകടനം നടത്തുന്നവരെ പിടിക്കാനായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ഓപ്പറേഷന്‍ റാഷില്‍ എറണാകുളം ജില്ലയില്‍ മാത്രം ഇതിനകം പിടിയിലായത് 105 പേര്‍.
പ്രധാനമായും കാക്കനാട്, ആലുവ, പെരുമ്പാവൂര്‍, അങ്കമാലി, കോതമംഗലം, തൃപ്പൂണിത്തുറ, മട്ടേഞ്ചേരി, മൂവാറ്റുപുഴ തുടങ്ങിയ ഇടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും പേരെ പിടികൂടിയത്. യുവാക്കള്‍ അപകടകരമായ തരത്തില്‍ സ്റ്റണ്ടിംഗ്, റൈഡിംഗ് എന്നിവ നടത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന വീഡിയോകള്‍ ശേഖരിച്ചുകൊണ്ടാണ് ഇവരെ പിടികൂടുന്നത്.കൂടാതെ വാഹനങ്ങള്‍ക്ക് രൂപം മാറ്റം വരുത്തുന്ന കടകളിലും പരിശോധന നടന്നുവരികയാണ്.
ബൈക്ക് രൂപമാറ്റം വരുത്തുന്നവര്‍ക്ക് വന്‍പിഴയാണ് ഈടാക്കുക. ഓരോ രൂപമാറ്റത്തിനും 5000 രൂപയാണ് പിഴ. സൈലന്‍സറിലും ലൈറ്റുകളിലും രൂപമാറ്റം വരുത്തിയിട്ടുണ്ടെങ്കില്‍ 10000 രൂപയാണ് പിഴ. സൈലന്‍സര്‍ മാറ്റിയതിന് 5000, ലൈറ്റ് മാറ്റിയതിന് 5000. മറ്റേതെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടെങ്കില്‍ അതിനും നല്‍കണം 5000. ഒരാഴ്ച്ചക്കിടെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ 650 ഓളം നിയമലംഘനങ്ങള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 11 ലക്ഷം രൂപ പിഴ ഈടാക്കും.