കൊല്ലം: ഫോണിലൂടെ മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തിയെന്ന യുവതിയുടെ പരാതിയില്‍ മൈനാഗപ്പള്ളി സ്വദേശിയായ പള്ളി ഇമാം റിമാന്‍ഡില്‍. തൊടിയൂര്‍ സ്വദേശിനിയായ ഇരുപതുകാരിയുടെ പരാതിയില്‍ അബ്ദുള്‍ ബാസിത്തിനെയാണ് അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ വിട്ടത്. മൈനാഗപ്പള്ളിയിലെ വീട്ടില്‍ നിന്നുമാണ് അബ്ദുള്‍ ബാസിദിനെ പിടികൂടിയത്.
പത്തനംതിട്ട വായ്പൂരിലെ ഊട്ടുകുളം പള്ളിയിലെ ഇമാം ആണ് പ്രതി. ചവറ പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്. രണ്ട് ദിവസത്തെ അവധിയെടുത്ത് വീട്ടിലേക്ക് പോവുകയാണെന്നാണ് പ്രതി പള്ളിയില്‍ അറിയിച്ചത്. ഒരു വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലാണെന്ന് പ്രതിയുടെ വീട്ടുകാരും പള്ളിയില്‍ അറിയിച്ചിരുന്നു.
എന്താണ് കാര്യമെന്ന് പോലും വിശദീകരിക്കാതെ ഫോണില്‍ വിളിച്ച് പ്രതി മുത്തലാഖ് ചൊല്ലിയെന്ന് യുവതി പറഞ്ഞു. ആദ്യവിവാഹക്കാര്യം മറച്ചുവെച്ചാണ് അബ്ദുള്‍ ബാസിത്ത് വിവാഹാലോചനയുമായി വീട്ടില്‍ വരുന്നത്. വിവാഹം കഴിച്ച് ആദ്യ ഭാര്യയെ വാടക വീട്ടിലേക്കാണ് കൊണ്ടുപോയത്. ഇക്കാര്യം പിന്നീടാണ് അറിഞ്ഞത്.
ഇത് ചോദ്യം ചെയ്തപ്പോള്‍ മാനസികമായും ശാരീരികമായും ഉപദ്രവിക്കാന്‍ തുടങ്ങി. മറ്റൊരു വിവാഹം കഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു. പിണങ്ങിയതിന്റെ പേരില്‍ കഴിഞ്ഞയാഴ്ച യുവതിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവിട്ടിരുന്നു. തുടര്‍ന്ന് ഫോണില്‍ വിളിച്ച് തലാഖ് പറഞ്ഞു.
ഇക്കാര്യം പെട്ടെന്ന് കേട്ടപ്പോള്‍ ഷോക്ക് ആയി പോയെന്നും തലാഖിന് മുന്‍പ് പ്രതി കടുത്ത ഭാഷയില്‍ ചീത്ത പറഞ്ഞെന്നും യുവതി പറയുന്നു. മൂന്ന് തവണ തലാഖ് ചൊല്ലിയ ശേഷം നമ്മള്‍ തമ്മില്‍ ഇനി മുതല്‍ യാതൊരു ബന്ധവുമില്ലെന്ന് അറിയിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു.