കൊവിഡ് രണ്ടാം തരംഗത്തില്‍ ഇന്ത്യയില്‍ ജീവന്‍ നഷ്ടമായത് 719 ഡോക്ടര്‍മാര്‍ക്ക്
ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗത്തില്‍ ഇന്ത്യയിലെ 719 ഡോക്ടര്‍മാരുടെ ജീവന്‍ നഷ്ടമായതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ). 111 ഡോക്ടര്‍മാരുടെ ജീവന്‍ നഷ്ടമായ ബിഹാറാണ് ഒന്നാമത്.
ഉത്തര്‍ പ്രദേശ് (79), പശ്ചിമ ബംഗാള്‍ (63), രാജസ്ഥാന്‍ (43) എന്നീ സംസ്ഥാനങ്ങളാണു തൊട്ടുപിന്നില്‍. കേരളത്തിലെ 24 ഡോക്ടര്‍മാരാണ് ഐഎംഎ കണക്കുകള്‍ പ്രകാരം രണ്ടാം തരംഗത്തില്‍ കൊവിഡ് ബാധിച്ചു മരിച്ചത്. പുതുച്ചേരി (1), ഗോവ (2), ഉത്തരാഖണ്ഡ് (2), ത്രിപുര (2), പഞ്ചാബ് (3) എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കുറച്ചു ഡോക്ടര്‍മാര്‍ മരിച്ചത്.
മരണ നിരക്കു വര്‍ധിച്ചതില്‍ അന്വേഷണം നടത്താന്‍ ഐഎംഎ ബിഹാര്‍ ഘടകം കഴിഞ്ഞ മാസം 8 അംഗ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഡോക്ടര്‍മാരുടെ കുടുംബാംഗങ്ങള്‍ക്കു 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ഐഎംഎ തീരുമാനിച്ചു.
അതേസമയം, വാക്‌സിനേഷന്‍ സ്വീകരിച്ച 3 ശതമാനം ഡോക്ടര്‍മാര്‍ മാത്രമാണു കൊവിഡ് ബാധിച്ചു മരിച്ചതെന്നും രാജ്യത്തെ 66 % ഡോക്ടര്‍മാര്‍ മാത്രമാണു 2 ഡോസ് വാക്‌സിന്‍ സ്വീകരിച്ചതെന്നും ഐഎംഎ വെളിപ്പെടുത്തി.