തിരുവനന്തപുരം: തീയറ്റര്‍ തുറക്കുന്നത് സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്ത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. നിലവിലെ തീരുമാനം രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് ഐഎംഎ പ്രസിഡന്റ് ഡോ. പി ടി സഖറിയാസ് പറഞ്ഞു. തീയേറ്ററുകള്‍ എസി പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കുന്നത് ദോഷം ചെയ്യുമെന്നും തുറന്ന ഹാളുകളില്‍ മാത്രമേ പ്രദര്‍ശനം അനുവദിക്കാവൂ എന്നും ഐഎംഎ പ്രസിഡന്റ് വ്യക്തമാക്കി.
ആള്‍ക്കൂട്ടം അനുവദിക്കാതിരിക്കുന്നതാണ് ഉചിതം. രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നും പി.ടി സഖറിയാസ് ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് എതിര്‍പ്പ് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ കൂടിയാലോചനകള്‍ വേണമെന്നും സഖറിയാസ് പറഞ്ഞു. കുട്ടികള്‍ക്ക് ഹോമിയോ പ്രതിരോധ മരുന്ന് നല്‍കുന്നതില്‍ അശാസ്ത്രീയതയുണ്ടെന്നും ഐഎംഎ പ്രസിഡന്റ് പറഞ്ഞു.
അതേസമയം, തീയറ്റര്‍ തുറക്കലുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്ന് ഒരു വിഭാഗം തീയറ്റര്‍ ഉടമകള്‍ ആവശ്യപ്പെട്ടു. രണ്ട് ഡോസ് വാക്സിന്‍ എന്ന നിലപാട് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. വിനോദ നികുതി ഒഴിവാക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. സെക്കന്‍ഡ് ഷോയുടെ കാര്യത്തില്‍ വ്യക്തത വേണമെന്നും, തീയറ്റര്‍ തുറക്കല്‍ അതിന് ശേഷം മതിയെന്നുമാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.
ഈ മാസം 25 മുതലാണ് സംസ്ഥാനത്ത് സിനിമാ തീയറ്ററുകള്‍ തുറക്കുക. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനമായത്. പകുതി സീറ്റുകളില്‍ മാത്രം പ്രവേശനം അനുവദിച്ചുകൊണ്ടായിരിക്കും തീയറ്ററുകളുടെ പ്രവര്‍ത്തനം.50 ശതമാനം സീറ്റുകളിലേക്കെങ്കിലും പ്രവേശനം അനുവദിക്കണമെന്ന് തീയറ്റര്‍ ഉടമകള്‍ ആവശ്യമറിയിച്ചിരുന്നു.
സംസ്ഥാനത്ത് തീയറ്ററുകള്‍ തുറക്കുന്നതിന് മുന്നോടിയായി വിശദമായ കൂടിയാലോചന നടത്തുമെന്ന് മന്ത്രി സജി ചെറിയാന്‍ അറിയിച്ചിരുന്നു. ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായാണ് തീയറ്ററുകള്‍ ഈ മാസം 25 മുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്. ഇതിന് മുന്‍പായി സിനിമാ മേഖലയിലെ സംഘടനകളുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കും. തീയറ്ററുകളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുമെന്നും വിനോദ നികുതിയില്‍ ഇളവ് നല്‍കുന്നത് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.