KeralaNews

ഞാൻ അന്നേ പൃഥ്വിയുടെ കൂടെയുണ്ട്: പ്രണയകാല ചിത്രം പങ്കുവച്ച് സുപ്രിയ

കൊച്ചി:വിവാഹത്തിനു രണ്ടു വർഷം മുമ്പു തന്നെ പൃഥ്വിരാജ് തന്റെ ജീവിതത്തിലുണ്ടായിരുന്നുവെന്ന സൂചന നൽകി സുപ്രിയാ മേനോൻ. വിവാഹത്തിനു മുൻപേ തന്നെ പൃഥ്വിയുടെ ജീവിതത്തിലെ പ്രധാന ചടങ്ങിൽ ഒരു നിഴലായി താൻ ഉണ്ടായിരുന്നുവെന്നു സുപ്രിയ പറയുന്നു. ഇരുവരും ചേർന്നുള്ള പഴയ ഒരു ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു സുപ്രിയയുടെ തുറന്നു പറച്ചിൽ. പോക്കിരി രാജയുടെ ഷൂട്ടിങ് വേളയിൽ പൃഥ്വി പുതിയ കാർ സ്വന്തമാക്കിയപ്പോൾ ഔദ്യോഗിക ചിത്രങ്ങളിലൊന്നും താൻ ഉണ്ടായിരുന്നില്ലെങ്കിലും അവിടെ തന്റെ സാന്നിധ്യം ഉണ്ടായിരുന്നു എന്നാണ് സുപ്രിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

സുപ്രിയയുടെ വാക്കുകൾ:

‘‘2009 അല്ലെങ്കിൽ 2010, കൃത്യമായി ഓർക്കുന്നില്ല പോക്കിരി രാജയുടെ ഷൂട്ടിങ് വേളയിലായിരുന്നു പൃഥ്വിരാജ്. ചിത്രത്തിൽ കാണുന്ന Z4 കാർ പൃഥ്വിരാജ് സ്വന്തമാക്കിയത് അന്നാണ്. ഔദ്യോഗിക ചിത്രങ്ങളിൽ ഒന്നും ഉണ്ടായിരുന്നില്ല എങ്കിലും, അവിടെ എന്റെ സാന്നിധ്യം ഉണ്ടായിരുന്നു.’’

സുപ്രിയയ്ക്ക് വർഷം കൃത്യമായി ഓർമയില്ലെങ്കിലും പോസ്റ്റിനു കമന്റുമായി എത്തിയ ഒരാരാധകന് സുപ്രിയയേക്കാൾ ഓർമയുണ്ടായിരുന്നു. വർഷം 2010 ആണെന്നും പൃഥ്വിരാജിന്റെ തേവരയിലെ ഫ്ലാറ്റിലേക്ക് ലൈറ്റ് വാങ്ങാൻ പനമ്പിള്ളി നഗറിലെ കടയിൽ ഇരുവരും ഒന്നിച്ചെത്തിയിരുന്നത് താൻ ഇപ്പോഴും ഓർക്കുന്നുവെന്നും പ്രവീൺ എന്നൊരാൾ കമന്റ് ചെയ്തു. താങ്കൾക്ക് നല്ല ഓർമശക്തിയാണല്ലോ എന്നാണ് ഈ കമന്റിന് സുപ്രിയ മറുപടി നൽകിയത്.

2011 ഏപ്രില്‍ 25ന് പാലക്കാട് വച്ചായിരുന്നു പൃഥ്വിരാജ്–സുപ്രിയ വിവാഹം. മാധ്യമപ്രവര്‍ത്തകയായ സുപ്രിയ ഒരു അഭിമുഖത്തിനായാണ് പൃഥ്വിയെ കണ്ടത്. സുഹൃത്തുക്കളായ അവർ പിന്നീടു പ്രണയത്തിലാകുകയായിരുന്നു. മലയാളിയാണെങ്കിലും മുംബൈയിലാണ് സുപ്രിയ ജനിച്ചുവളര്‍ന്നത്. ബിബിസിയിലെ മുന്‍ റിപ്പോര്‍ട്ടര്‍ കൂടിയാണ് സുപ്രിയ. അലംകൃത എന്നൊരു മകളും ഇവര്‍ക്കുണ്ട്. പൃഥ്വിരാജ് പ്രൊഡക്‌ഷൻ‌സിന്റെ ചുമതല സുപ്രിയയ്ക്കാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button