എറണാകുളം: പെരുമ്പാവൂരിൽ ഷാപ്പ് കോൺട്രാക്ടറുടെ വാടകവീട്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 2,460 ലിറ്റർ കള്ള് എക്സൈസ് സംഘം പിടികൂടി. കോൺട്രാക്ടർ ചേരാനല്ലൂർ സ്വദേശി സേവ്യറിനെ എക്സൈസ് അറസ്റ്റ് ചെയ്തു.
എക്സൈസ് കമ്മീഷണറുടെ സ്പെഷ്യൽ എൻഫോഴ്സ്മെൻറ് ടീമിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കാഞ്ഞിരക്കാടുള്ള വാടക വീട്ടിൽ 71 കന്നാസുകളിലും ഒമ്പത് വീപ്പകളിലുമായി സൂക്ഷിച്ചിരുന്ന കള്ള് കണ്ടെത്തുകയായിരുന്നു. ഡ്രൈഡേയായ ഒന്നാം തീയതി വില്പന നടത്തുവാനാണ് ഇതുപോലെ കള്ള് അനധികൃതമായി സൂക്ഷിച്ചതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
അബ്കാരി നിയമ പ്രകാരം കേസെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി. പിടികൂടിയതിൽ വ്യാജ കള്ളുണ്ടോ എന്നത് വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമെ വ്യക്തമാകൂവെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
റെയ്ഡിൽ സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ തലവനായ സർക്കിൾ ഇൻസ്‌പെക്ടറായ ടി അനികുമാർ, സർക്കിൾ ഇൻസ്‌പെക്ടർ ജി. കൃഷ്ണകുമാർ, എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ടി ആർ മുകേഷ് കുമാർ,കെ വി വിനോദ്, അസി: എക്‌സൈസ് ഇൻസ്‌പെക്ടർ എസ്. മധുസൂദൻ നായർ, സി സെന്തിൽ കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ പി.സുബിൻ, എസ്.ഷംനാദ്, ആർ രാജേഷ് ,വിശാഖ്, ബസന്ത് കുമാർ, മൊഹമ്മദ് അലി,എം എം അരുൺ കുമാർ, ഡ്രൈവർ രാജീവ് എന്നിവരും പങ്കെടുത്തു.