തിരുവനന്തപുരം: ഐഎഫ്എഫ്‌കെയുടെ വരവറിയിച്ച് നഗരത്തില്‍ കെഎസ്ആര്‍ടിസി ഡബിള്‍ ഡക്കര്‍ ബസ് ഓടിത്തുടങ്ങി. മേളയുടെ വിശദാംശങ്ങളും വേദികളുടെ വിവരങ്ങളും ആലേഖനം ചെയ്തിട്ടുള്ള ബസില്‍ പ്രതിനിധികള്‍ക്കും പൊതുജനങ്ങള്‍ക്കും യാത്ര ചെയ്യാം. നഗരത്തിന്റെ പ്രധാന വീഥികളിലൂടെയാവും ഡബിള്‍ ഡക്കര്‍ സര്‍വീസ് നടത്തുക.
സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ബസ് ഫ്ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് എംജി റോഡ് വഴിയുള്ള ഡബിള്‍ ഡക്കറിലെ ആദ്യയാത്രയില്‍ മന്ത്രിയും ഒത്തുചേര്‍ന്നു. മികച്ച ചിത്രങ്ങളും സംഘാടനവും ജനകീയ പങ്കാളിത്തവും കൊണ്ട് ഇത്തവണത്തെ മേള ശ്രദ്ധേയമാകുമെന്ന് മന്ത്രി പറഞ്ഞു. ഫ്ളാഗ് ഓഫ് ചടങ്ങില്‍ എംഎല്‍എമാരായ അഡ്വ വി.കെ പ്രശാന്ത്, വി ജോയ്, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി അജോയ് തുടങ്ങിയവര്‍ പങ്കെടുത്തു. ഇതാദ്യമായാണ് ചലച്ചിത്ര മേളയുടെ സന്ദേശവുമായി കെഎസ്ആര്‍ടിസി ഡബിള്‍ ഡക്കര്‍ സര്‍വീസ് നടത്തുന്നത്.
മണ്‍മറഞ്ഞ ചലച്ചിത്ര പ്രതിഭകള്‍ക്ക് രാജ്യാന്തര മേള അഭ്രപാളിയില്‍ ആദരമൊരുക്കും. ബംഗാളി സംവിധായകനായ ബുദ്ധദേവ് ദാസ് ഗുപ്ത, നടന്‍ ദിലീപ് കുമാര്‍, ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കര്‍, മലയാളത്തിന്റെ അഭിമാനം കെഎസ് സേതുമാധവന്‍, കെപിഎസി ലളിത തുടങ്ങി എട്ടു ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കാണ് മേള ആദരമൊരുക്കുന്നത്. ഡെന്നിസ് ജോസഫ്, മാടമ്പ് കുഞ്ഞുകുട്ടന്‍, പി ബാലചന്ദ്രന്‍ എന്നിവരുടെ ചിത്രങ്ങളും ഈ വിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
കെപിഎസി ലളിത, മാടമ്പ് കുഞ്ഞുകുട്ടന്‍ എന്നിവരുടെ ഓര്‍മ്മയ്ക്കായി ജയരാജ് സംവിധാനം ചെയ്ത ശാന്തം എന്ന ചിത്രം പ്രദര്‍ശിപ്പിക്കും. കെഎസ് സേതുമാധവന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത മറുപക്കം, പി ബാലചന്ദ്രന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഇവന്‍ മേഘരൂപന്‍, ഡെന്നിസ് ജോസഫിന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ന്യൂ ഡല്‍ഹി എന്നീ ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും.
ദിലീപ് കുമാര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും ലതാ മങ്കേഷ്‌കര്‍ പിന്നണി പാടിയതുമായ മുഗള്‍-ഇ-ആസം, ബുദ്ധദേവ് ദാസ് ഗുപ്ത സംവിധാനം ചെയ്ത നീം അന്നപൂര്‍ണ്ണ എന്നിവയും ഈ വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തും. ഈ മാസം 18 മുതല്‍ 25 വരെ തിരുവനന്തപുരത്താണ് രാജ്യാന്തര ചലച്ചിത്ര മേള നടക്കുക.