12 ദിവസം കൂടെ വന്നാൽ ഫ്‌ളാറ്റും കാറും പത്ത് ലക്ഷവും തരാം! കാസ്റ്റിങ് കൗച്ചിനെ കുറിച്ച് നടി
ഹൈദരാബാദ്:ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും പിന്നാലെയുള്ള നടിമാരുടെ തുറന്ന് പറച്ചിലും മലയാള സിനിമയെ പിടിച്ചു കുലുക്കുന്ന കോളിളക്കമായി മാറിയിരുന്നു. ഇതിന് പിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് തെലുങ്ക് സിനിമയില്‍ നിന്നും ഉയര്‍ന്ന് വരുന്നത്. ബാഹുബലി, പുഷ്പ തുടങ്ങി ഹിറ്റ് സിനിമകളുടെ നൃത്തസംവിധായകന്‍ ജാനി മാസ്റ്ററിനെതിരെ പരാതിയുമായി യുവതി രംഗത്ത് വന്നിരിക്കുകയാണ്.
ജാനി തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും മതം മാറി വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുകയും ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് യുവതി പരാതിയില്‍ പറഞ്ഞത്. ജാനിയുടെ അസിസ്റ്റന്റായി വര്‍ക്ക് ചെയ്തിരുന്ന യുവതിയാണ് പരാതിയുമായി രംഗത്ത് വന്നത്.
സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടിയ്ക്ക് പതിനാറ് വയസേ ഉണ്ടായിരുന്നുള്ളു. ഇതോടെ പോക്‌സോ കേസാണ് താരത്തിനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തനിക്കെതിരെ പരാതി വന്നതിന് പിന്നാലെ ഒളിവില്‍ പോയിരിക്കുകയാണ് ജാനി.
ഇതിനിടെ തെലുങ്കില്‍ നിന്നും മറ്റൊരു നടിയുടെ പ്രസ്താവന കൂടി വന്നതോടെ ടോളിവുഡ് ഇന്‍ഡസ്ട്രിയില്‍ കൂടുതല്‍ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് ഞെട്ടിക്കുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തി രംഗത്ത് വന്നത് നടി ഗായത്രി ഗുപ്തയാണ്.
ഹ്രസ്വചിത്രങ്ങളില്‍ അഭിനയിച്ചാണ് നടി ഗായത്രി ഗുപ്ത ശ്രദ്ധേയാകുന്നത്. ചില സിനിമകളില്‍ നായികയുടെ സുഹൃത്തായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഫിദ എന്ന സിനിമയില്‍ സായി പല്ലവിയുടെ സുഹൃത്തായിട്ടും ഗായത്രി അഭിനയിച്ചിരുന്നു. കൂടാതെ, വിവാദ പരാമര്‍ശങ്ങളിലൂടെയും നടി അറിയപ്പെട്ടിരുന്നു.
കാസ്റ്റിങ്ങ് കൗച്ചിനെ കുറിച്ച് ഗായത്രി പറയുന്നതിങ്ങനെയാണ്… ‘തെലുങ്കില്‍ ഞാന്‍ നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ട്. ഇടയ്ക്ക് ബോളിവുഡില്‍ നിന്നും എനിക്ക് ചില ഓഫറുകള്‍ വന്നിരുന്നു. എന്നാല്‍ ഹിന്ദിയില്‍ നിന്നുള്ള ചിലര്‍ എന്നോട് അപമര്യാദയായി പെരുമാറി. മാത്രമല്ല 12 ദിവസം അവരുടെ കൂടെ ചിലവഴിച്ചാല്‍ ഫ്‌ലാറ്റും കാറും ഉള്‍പ്പെടെ പത്തുലക്ഷം രൂപ നല്‍കുമെന്നും പറഞ്ഞു.
ഇതിനെ കുറിച്ച് ആരോട് എന്ത് പറയണം എന്നറിയാതെയാണ് താന്‍ അവിടെ നിന്നും തിരികെ വന്നതെന്നാണ്’ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് ഗായത്രി ഗുപ്ത പറഞ്ഞത്.
മുന്‍പ് ബിഗ് ബോസ് ഷോയെ കുറിച്ച് ഞെട്ടിക്കുന്ന അഭിപ്രായങ്ങള്‍ പറഞ്ഞാണ് ഗായത്രി രംഗത്ത് വന്നത്. ബിഗ് ബോസ് ഷോ നിരോധിക്കണമെന്നും നടി ആവശ്യപ്പെട്ടിരുന്നു. ‘ബിഗ് ബോസില്‍ നിന്ന് തനിക്ക് ഓഫറുകള്‍ വന്നിരുന്നെങ്കിലും താനത് നിരസിച്ചുവെന്നാണ് നടി പറഞ്ഞത്. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഗായത്രി ലൈംഗികാതിക്രമത്തെ കുറിച്ച് പ്രതികരിച്ചത്.
മലയാള സിനിമയിലെ ചൂഷണങ്ങളെ കുറിച്ചും അതിക്രമങ്ങളെ കുറിച്ചും അന്വേഷിച്ച് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് ഇന്ത്യന്‍ സിനിമയെ ഞെട്ടിക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളാണ് ഉണ്ടാവുന്നത്. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലുമൊക്കെ സമാനമായ രീതിയില്‍ സമിതി രൂപീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുകയാണ്.
തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ലൈംഗികാതിക്രമങ്ങളെ കുറിച്ച് പറഞ്ഞ് പല നടിമാരും രംഗത്തെത്തി കൊണ്ടിരിക്കുകയാണ്. കൂടാതെ, പലരും മറ്റ് നടിമാരോട് പുറത്ത് വന്ന് സംസാരിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. വൈകാതെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ മറ്റ് ഇന്‍ഡസ്ട്രിയില്‍ നിന്നും ഉയര്‍ന്ന് വരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.