
ആലപ്പുഴ:കുട്ടനാടന്‍ ജനതയുടെ ഏറ്റവും വലിയ ദുരിതകാലമാണ് വര്‍ഷകാലം.ജലാശയങ്ങളിലെ ജലനിരപ്പ് ഉയരുമ്പോള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് നാട്ടുകാര്‍ നീങ്ങുന്നത് പതിവ് കാഴ്ചയുമാണ് ഓരോ വര്‍ഷവുമുള്ള പലായനം വലിയ പ്രതിസന്ധിയാണ് ജനങ്ങള്‍ക്ക് സൃഷ്ടിയ്ക്കുന്നതും. വെള്ളത്തിനൊപ്പം വീടും പൊങ്ങിയാൽ പിന്നെ വെള്ളപ്പൊക്കം ഉണ്ടായാൽ പേടിക്കേണ്ടതുണ്ടോ! അത്തരത്തിലൊരു വീട് കുട്ടനാട്ടിൽ നിർമാണം പൂർത്തിയാകുന്നു. മങ്കൊമ്പ് ചെറിയമഠത്തിൽ വരുൺ രാമകൃഷ്ണനുവേണ്ടിയാണു കുട്ടനാട്ടിലെ ആദ്യ ഫ്ലോട്ടിങ് വീട് നിർമിക്കുന്നത്. രാജ്യത്തെ ആദ്യ ഫ്ലോട്ടിങ് സോളർ യൂണിറ്റ് ഉൾപ്പെടെ നിർമിച്ച ട്രാൻസ്ബിൽഡ് ഡ്വെലിങ് എന്ന സ്ഥാപനത്തിന്റെ നേതൃത്വത്തിലാണു നിർമാണം.
ഉള്ളു പൊള്ളയായ അടിത്തറയും കനം കുറഞ്ഞ ഭിത്തികളും മേൽക്കൂരയുമാണ് വീടിന്റെ പ്രത്യേകത. ഇതുമൂലം ജലനിരപ്പ് ഉയരുന്നതിനനുസരിച്ചു വീടും ഉയരുമെന്നു നിർമാതാക്കൾ പറയുന്നു. ജലനിരപ്പ് താഴുന്നതിനനുസരിച്ചു വീട് താഴ്ന്നുവന്ന് അതേ സ്ഥാനത്തിരിക്കും. വശങ്ങളിലേക്ക് ഒഴുകിപ്പോകാതിരിക്കാൻ നാലുവശത്തും ആങ്കർ സ്ഥാപിക്കും. അടിത്തറയ്ക്കു ഫെറോസിമന്റും ഭിത്തികൾക്ക് ഇപിഎസ് പാനലും മേൽക്കുരയ്ക്കു ലാറ്റക്സ് കോൺക്രീറ്റുമാണ് ഉപയോഗിക്കുന്നത്.
മണ്ണ് നിരപ്പാക്കി പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് അതിനു മുകളിലാണ് 1.2 മീറ്റർ ഉയരമുള്ള അടിത്തറ നിർമിച്ചത്. ഫെറോസിമന്റ് ഉപയോഗിച്ചു നിർമിക്കുന്ന അടിത്തറയുടെ ഉള്ളിൽ പൊള്ളയായ 74 അറകൾ. 90 മില്ലിമീറ്റർ കനമുള്ള തെർമോകോളിനു പുറത്ത് ഫെറോസിമന്റ് ഉപയോഗിച്ചാണ് ഭിത്തി. മേൽക്കൂര നിർമിക്കാൻ ഉപയോഗിക്കുന്ന ലാറ്റക്സ് കോൺക്രീറ്റിലെ ഗ്രാഫീന്റെ സാന്നിധ്യം ചൂടിനെ പ്രതിരോധിക്കും. വീടിനുള്ളിൽ പുറത്തുള്ളതിനേക്കാൾ 10 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കുറവായിരുന്നുമെന്നു നിർമാതാക്കൾ പറയുന്നു.
ഒരു ചതുരശ്ര അടിക്ക് 3000–3500 രൂപ വരെയാണ് നിർമാണച്ചെലവ്. 1100 ചതുരശ്ര അടിയുള്ള വീട്ടിൽ ശുചിമുറിയോടു കൂടിയ രണ്ട് കിടപ്പുമുറികൾ, ഹാൾ, അടുക്കള വർക്ക് ഏരിയ എന്നിവയുണ്ട്. ട്രാൻസ്ബിൽഡ് ഡ്വെലിങ് എംഡിയും മങ്കൊമ്പ് സ്വദേശിയുമായ എം.ആർ.നാരായണനാണ് ഈ നിർമാണരീതി വികസിപ്പിച്ചെടുത്തത്. വയനാട് ബാണാസുര സാഗറിലെ ഫ്ലോട്ടിങ് സോളർ പാനൽ, തിരുവനന്തപുരത്തെ സ്വകാര്യ റിസോർട്ടിലെ ഫ്ലോട്ടിങ് കോട്ടജുകൾ എന്നിവ ഈ രീതിയിൽ നിർമിച്ചവയാണെന്ന് അദ്ദേഹം പറഞ്ഞു.