ചെന്നൈ: വര്‍ഗീയ, ഹിന്ദുത്വ ശക്തികളെ പരാജയപ്പെടുത്താന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ നടനും ടിവികെ പ്രസിഡന്റുമായ വിജയ് പ്രതിപക്ഷ സഖ്യമായ ഇന്ത്യാ ബ്ലോക്കില്‍ ചേരണമെന്ന് കോണ്‍ഗ്രസ്. തമിഴ്നാട് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ സെല്‍വപെരുന്തഗൈ വിജയിയെ ഇന്ത്യാ മുന്നണിയിലേക്ക് സ്വാഗതം ചെയ്തത്. എന്നാല്‍ വിജയിയെ ഇന്ത്യാ മുന്നണിയിലേക്ക് ക്ഷണിക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട് കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ പ്രസിഡന്റും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന അന്തരിച്ച വാഴപ്പാടി രാമമൂര്‍ത്തിയുടെ 86-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിജയിയെ സ്വാഗതം ചെയ്യുന്നത് സംബന്ധിച്ച് തമിഴ്നാട്ടിലെ ഇന്ത്യാ സഖ്യത്തിന്റെ നേതാവ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ തീരുമാനം എടുക്കും എന്നും അദ്ദേഹം വ്യക്തമാക്കി.
‘വിജയിയ്ക്ക് എന്ത് വേണമെങ്കിലും ഇല്ലാതാക്കാന്‍ കഴിയും. എന്നാല്‍ ഈ ഹിന്ദുത്വ ശക്തി. െഇല്ലാതാക്കാന്‍ അദ്ദേഹം തീരുമാനിക്കുകയാണെങ്കില്‍ ഇന്ത്യാ ബ്ലോക്കിനൊപ്പം വരുന്നതായിരിക്കും നല്ലത്. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ തത്വങ്ങള്‍ക്കും എല്ലാവര്‍ക്കും നല്ലത് അതായിരിക്കും,’ അദ്ദേഹം പറഞ്ഞു. വിജയ് ഇന്ത്യാ ബ്ലോക്കില്‍ ചേരാന്‍ കോണ്‍ഗ്രസ് നേതൃത്വം ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് തങ്ങളോ ദേശീയ നേതൃത്വമോ തീരുമാനം എടുത്തിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
പറന്തൂര്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനെതിരായ പ്രതിഷേധത്തിന് പിന്തുണ വാഗ്ദാനം ചെയ്ത് വിജയ് രംഗത്തെത്തിയിട്ടുണ്ട്. നാളെ വിജയ് സമരക്കാരെ കാണും. സമരക്കാരെ സന്ദര്‍ശിക്കാന്‍ വിജയിക്ക് കാഞ്ചീപുരം പൊലീസ് അനുമതി നല്‍കിയിട്ടുണ്ട്. ടിവികെയെ സംബന്ധിച്ചിടത്തോളം സംസ്ഥാനത്ത് ഒരു രാഷ്ട്രീയ ശക്തിയായി സ്വയം സ്ഥാപിക്കുന്ന ആദ്യത്തെ പ്രധാന വേദിയാണിത്.
മറുവശത്ത് പ്രതിഷേധക്കാര്‍ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്ന് ലഭിക്കുന്ന ആദ്യ പിന്തുണയുമാണിത്. വിജയ് ഏകനാപുരം ഗ്രാമം സന്ദര്‍ശിക്കുകയും ചെന്നൈയ്ക്ക് പരന്തൂരില്‍ രണ്ടാമത്തെ വിമാനത്താവളം സ്ഥാപിക്കുന്നതിനായി കൃഷിഭൂമി ഏറ്റെടുക്കുന്നതിനെതിരെ 900 ദിവസത്തിലേറെയായി സമരം ചെയ്യുന്ന ഗ്രാമീണരുമായി സംവദിക്കുകയും ചെയ്യും. ടിവികെ ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ് ജനുവരി 17 ന് സമരക്കാരെ കണ്ട് പിന്തുണ വാഗ്ദാനം ചെയ്തിരുന്നു.
പരന്തൂര്‍ ഗ്രീന്‍ എയര്‍പോര്‍ട്ട് പ്രോജക്ട് പ്രൊട്ടസ്റ്റ് ഗ്രൂപ്പും ഏകനാപുരം വില്ലേജ് റസിഡന്റ്സും ഫാര്‍മേഴ്സ് വെല്‍ഫെയര്‍ ഫെഡറേഷനും പദ്ധതിയില്‍ നിന്ന് പിന്മാറണം എന്ന് അറിയിച്ചിരുന്നു. ചെന്നൈയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള പദ്ധതി ഉപേക്ഷിക്കണമെന്നാണ് സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളോട് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്. 20 വില്ലേജുകളില്‍ നിന്നായി 5746 ഏക്കറിലാണ് 20,000 കോടി രൂപയുടെ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.