‘ആളുകള്‍ക്ക് മടുത്താല്‍ അഭിനയം നിര്‍ത്തും, പിന്നീട് കൊറിയോഗ്രാഫറായി സിനിമാരംഗത്തുണ്ടാവും: മഞ്ജു വാര്യര്‍
കൊച്ചി:ആളുകള്‍ക്ക് മടുത്താല്‍ അഭിനയം നിര്‍ത്തുകയാണ് നല്ലതെന്ന് നടി മഞ്ജു വാര്യര്‍. അങ്ങനെ വന്നാല്‍ ഒരുപക്ഷെ സിനിമയില്‍ കൊറിയോഗ്രാഫറായി വന്നേക്കുമെന്നും താരം പറഞ്ഞു.’ തുണിവി ‘ ന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്കിടെ സംസാരിക്കുകയായിരുന്നു മഞ്ജു.
തന്നെക്കുറിച്ച് വരുന്ന ട്രോളുകള്‍ ആസ്വദിക്കാറുണ്ടെന്നും, തെറ്റുകള്‍ ആവര്‍ത്തികാതിരിക്കാനും അഭിനയത്തിലെ പിഴവുകള്‍ കണ്ടുപിടിച്ച് തിരുത്താനും ട്രോളുകള്‍ സഹായകമാണെന്നും താരം പറഞ്ഞു. എന്നാല്‍ മറ്റുളളവരെ വേദനിപ്പിക്കുന്നതാകരുത് അവയെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു വാര്യര്‍ പറഞ്ഞു.
” ട്രോളുകള്‍ ഞാന്‍ ശരിക്കും ആസ്വദിക്കാറുണ്ട്. അവരുടെ ക്രിയേറ്റിവിറ്റിയെ നമ്മള്‍ അഭിനന്ദിക്കുക തന്നെ വേണം. അടുത്ത പ്രാവിശ്യം അതേ തെറ്റുകള്‍ സംഭവിക്കാതിരിക്കാന്‍ ട്രോളുകള്‍ ഓര്‍മപ്പെടുത്തും. എന്നാല്‍ മറ്റുളളവരെ വേദനിപ്പിക്കാന്‍ വേണ്ടിയായിരിക്കരുത് ഇവ ഉപയോഗിക്കുന്നത്.
അഭിനയത്തെ കുറിച്ച് പറഞ്ഞാല്‍, ഞാന്‍ എന്തായാലും അഭിനയം നിര്‍ത്താന്‍ ഉദ്ദേശിച്ചിട്ടില്ല. എന്നാല്‍ പ്രേക്ഷകര്‍ക്ക് നമ്മുടെ അഭിനയം മടുത്ത് തുടങ്ങുമ്ബോള്‍ നിര്‍ത്തുന്നതാണ് നല്ലത്. ഒരു പക്ഷെ ഭാവിയില്‍ ഞാനൊരു കൊറിയോഗ്രാഫറായി സിനിമയിലേക്ക് വരുമായിരിക്കും.”
‘ തുണിവി’ നെ കുറിച്ചുളള ചോദ്യത്തിന് ആദ്യമായാണ് ആക്ഷന്‍ ഓറിയന്റടായ സിനിമയില്‍ അഭിനയിക്കുന്നതെന്ന് മഞ്ജു പറഞ്ഞു. തന്നെ അതിലേയ്ക്ക് വിളിച്ച് റിസ്‌ക്കെടുത്തത് സംവിധായകന്‍ വിനോദും അജിത്തുമാണെന്ന് താരം പറഞ്ഞു.
‘ അസുരന്‍’ എന്ന ചിത്രത്തിനു ശേഷം മഞ്ജു അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ‘ തുണിവ്’ . എച്ച്. വിനോദാണ് സംവിധാനം. അസുരനോട് സാദൃശ്യമുളള കഥാപാത്രങ്ങള്‍ മാത്രം വന്നതുകൊണ്ടാണ് തമിഴില്‍ അഭിനയിക്കാതിരുന്നതെന്നും തുണിവ് വ്യത്യസ്തമായ ചിത്രമാണെന്നും താരം പറഞ്ഞു. പൊങ്കലിന് ചിത്രം റിലീസ് ചെയ്യും.