FeaturedHome-bannerKeralaNews

ഇടുക്കി ഡാമിൽ വഴിമാറിയത് വൻ ദുരന്തം,ഒഴിവായത് പ്രളയം

ചെറുതോണി: ഇടുക്കി അണക്കെട്ടിൽ (Idukki Dam) ചെറുതോണി (Cheruthoni Dam) ഷട്ടറിനു സമീപത്തേക്ക് ശനിയാഴ്ച രാത്രി ഒഴുകി എത്തിയത് വന്‍മരം. അതിവേഗത്തിൽ കെഎസ്ഇബി (KSEB) ഇടപെട്ട് ഷട്ടർ അടച്ചതിനാൽ വലിയ അപകടമാണ് ഒഴിവായത്. കെഎസ്ഇബിക്ക് ഉണ്ടാകേണ്ടിയിരുന്ന നഷ്ടവും ഇതിനു വഴി ഒഴിവാക്കാനായി.

ശനിയാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം. അണക്കെട്ടിൻറെ സുരക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരിലൊരാൾ വെള്ളത്തിലൂടെ എന്തോ ഒഴുകി വരുന്നത് കണ്ടു. ആന നീന്തുന്നതാണെന്നാണ് ആദ്യം കരുതിയത്. കൂടുതൽ പരിശോധിച്ചപ്പോൾ വലിയ മരമാണെന്ന് മനസ്സിലായി. ഉടൻ തന്നെ അണക്കെട്ടിലുണ്ടായിരുന്ന കെഎസ്ഇബി അസ്സിസ്റ്റൻറ് എൻജിനീയർ എം പി സാജുവിനെ അറിയിച്ചു. ഷട്ടര്‍ തുറന്നിരിക്കുന്നതിനാൽ ഇതിനിടയിൽ മരം കുടങ്ങാനുള്ള സാധ്യത ഏറെയായിരുന്നു.

അതിനാൽ ഇദ്ദേഹം വേഗം ഡാം സേഫ്റ്റി ചീഫ് എഞ്ചിനീയറെ വിളിച്ചു. ഉടൻ ഷട്ടറടയ്ക്കാൻ ചീഫ് എൻജിനീയർ നിര്‍ദേശം നല്‍കിയെങ്കിലും ജില്ലാ കളക്ടറുടെ അനുമതി ഇല്ലാതെ അടക്കാനാകില്ല. തുടർന്ന് ചെയർമാൻ ഉൾപ്പെടെ ഇടപെട്ട് കളക്ടറെ കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തി അരമണിക്കൂറിനുള്ളിൽ ഷട്ടറടച്ചു. ഈ സമയം മരം ഏതാണ്ട് ഷട്ടറിനടുത്ത് വരെ എത്തിയിരുന്നു. തുടർന്ന് അഗ്നി രക്ഷാ സേനയുടെ സഹായത്തോടെ ബോട്ടിലെത്തി മരം കെട്ടി വലിച്ച് കരക്കടുപ്പിച്ചു. മരത്തിന്റെ വേര് ഭാഗത്തിന് 1.5 മീറ്ററോളം വീതിയുണ്ട്.

തടിക്ക് എട്ടടിയിലധികം നീളവുമുണ്ട്. ഈ മരം കുടുങ്ങിയിരുന്നെങ്കിൽ ഷട്ടർ പിന്നീട് 4 മീറ്ററോളം ഉയര്‍ത്തേണ്ടി വന്നേനെ. മരം ഷട്ടറിൽ ഉടക്കിയാൽ ജലനിരപ്പ് 2373 ന് താഴെ എത്തിച്ചാലേ പുറത്തെടുക്കാൻ കഴിയൂ. ഇത് വൻ നഷ്ടത്തിനും പ്രളയത്തിനും കാരണമായേനെ. മഹാപ്രളയ കാലത്ത് പെരിങ്ങൽ കുത്ത് അണക്കെട്ടിൽ ഇത്തരത്തിൽ മരങ്ങൾ ഷട്ടറിൽ കുടുങ്ങിയിരുന്നു. അണക്കെട്ടിലെ വെള്ളം മുഴുവൻ വറ്റിച്ചാണ് അന്ന് പുറത്തെടുത്തത്.

ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാൻ ഇടുക്കിയിൽ ഷട്ടർ തുറന്നാൽ എല്ലാ സ്ഥലത്തും മുഴുവൻ സമയവും പരിശോധനയും നിരീക്ഷണവും ഉണ്ട്. ഇതാണ് വിവരം നേരത്തെ അറിയാനും വേഗത്തിൽ ഷട്ടർ അടക്കാനും അപകടമൊഴിവാക്കാനും സഹായിച്ചത്.

അതേ സമയം മഴ ശമിച്ചെങ്കിലും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നത് തുടരുകയാണ്. 2400.12 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. നീരൊഴുക്കിൻറെ ശക്തി കുറഞ്ഞതോടെ ജലനിരപ്പ് ഉയരുന്നത് സാവധാനത്തിലായിട്ടുണ്ട്. ഇന്നലെ രാവിലെ മുതൽ അണക്കെട്ടിൻറെ വൃഷ്ടി പ്രദേശത്ത് തെളിഞ്ഞ കാലാവസ്ഥയാണ്. പുതിയ റൂൾ കർവ് നിലവിൽ വന്നതോടെ പരമാവധി സംഭരണ ശേഷിയായ 2403 അടിവരെ വെള്ളം സംഭരിക്കാം.

141. 05 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. ഇവിടെയും ജലനിരപ്പ് കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. സ്പിൽവേയിലെ ഒരു ഷട്ടർ ഇപ്പോഴും പത്ത് സെൻറീമീറ്റർ തുറന്നിട്ടുണ്ട്. ഇതുവഴി സെക്കൻറിൽ 130 ഘനടയിയോളം വെള്ളം മാത്രമാണ് ഇടുക്കിയിലേക്ക് ഒഴുകുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker