ചരിത്ര കൗണ്‍സിലിന്റെ പോസ്റ്ററില്‍ നെഹ്റുവില്ല, പകരം മദന്‍ മോഹന്‍മാളവ്യയും സവര്‍ക്കറും; അപഹാസ്യമെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷ പരിപാടിയായ അമൃത മഹോത്സവ് പരിപാടിയുടെ പോസ്റ്ററില്‍ നിന്നും ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയും സ്വാതന്ത്യസമര ചരിത്രത്തിലെ മുന്‍നിര നേതാവുമായിരുന്ന ജവഹര്‍ ലാല്‍ നെഹ്റുവിനെ ഒഴിവാക്കി. ചരിത്രകൗണ്‍സിലിന്റേതാണ് ഈ വിചിത്ര നടപടി. പോസ്റ്ററില്‍ മഹാത്മാ ഗാന്ധി, നേതാജി സുഭാഷ് ചന്ദ്രബോസ്, ഭഗത് സിങ്, ഡോ. ബിആര്‍ അംബേദ്കര്‍, സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേല്‍, രാജേന്ദ്ര പ്രസാദ്, മദന്‍ മോഹന്‍ മാളവ്യ, സവര്‍ക്കര്‍ എന്നിവര്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎച്ച്ആര്‍) പോസ്റ്ററില്‍ ഇടം പിടിച്ചിട്ടുണ്ട്.
വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ലിയാര്‍ എന്നിവരുള്‍പ്പെടെ മലബാര്‍ ലഹളയില്‍ പങ്കെടുത്ത 387 പേരുകള്‍ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പേര് പട്ടികയില്‍നിന്ന് നീക്കിയ ചരിത്രകൗണ്‍സിലിന്റെ നടപടി വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് നെഹ്റുവിനെയും ഒഴിവാക്കിയത്.
അതേസമയം, കൗണ്‍സിലിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പോസ്റ്ററിനെതിരേ ശനിയാഴ്ച കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നു. അപലപനീയമായ ഈ നടപടി സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രമറിയാവുന്ന ലോകരാജ്യങ്ങളുടെ ഇടയില്‍ നരേന്ദ്ര മോഡി സര്‍ക്കാരിനെ അപഹാസ്യമാക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി പ്രതികരിച്ചു.
നെഹ്റുവിന്റെ ചിത്രം ഒഴിവാക്കിയതിലൂടെ ചരിത്ര കൗണ്‍സില്‍ സ്വയം വിലകുറച്ചതായി ശശി തരൂര്‍ അഭിപ്രായപ്പെട്ടു. നെഹ്റുവിനെ ഒഴിവാക്കി സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം ആഘോഷിക്കുന്നത് അപമാനകരമാണ്. ചരിത്ര കൗണ്‍സില്‍ ഒരിക്കല്‍ക്കൂടി അപഹാസ്യമായെന്നും അദ്ദേഹം പറഞ്ഞു.