ദുബായ്: 2022-ല്‍ മികച്ച പ്രകടനം നടത്തിയ താരങ്ങളെ അണിനിരത്തി ലോക ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി. ഇംഗ്ലീഷ് താരം ബെന്‍ സ്റ്റോക്‌സാണ് ടീമിന്റെ നായകന്‍.
ഇന്ത്യയില്‍ നിന്ന് ഒരു താരം മാത്രമാണ് ടീമിലിടം നേടിയത്. വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഋഷഭ് പന്താണ് ടീമിലിടം നേടിയ ഏക ഇന്ത്യന്‍ താരം. 2022-ല്‍ 12 ടെസ്റ്റ് ഇന്നിങ്‌സുകളില്‍ നിന്ന് 680 റണ്‍സാണ് പന്ത് അടിച്ചെടുത്തത്. 61.81 ആണ് താരത്തിന്റെ ശരാശരി. രണ്ട് സെഞ്ചുറിയും നാല് അര്‍ധസെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടും.
ഇംഗ്ലണ്ടില്‍ നിന്ന് സ്റ്റോക്‌സിനെക്കൂടാതെ ജോണി ബെയര്‍സ്‌റ്റോ, ജെയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവരും ടീമിലിടം നേടി. ഓസ്‌ട്രേലിയയില്‍ നിന്ന് നാല് താരങ്ങളും ടീമിലുണ്ട്.
ഐ.സി.സി. ലോക ടെസ്റ്റ് ഇലവന്‍: ബെന്‍ സ്‌റ്റോക്‌സ്, ഉസ്മാന്‍ ഖവാജ, ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റ്, മാര്‍നസ് ലബൂഷെയ്ന്‍, ബാബര്‍ അസം, ജോണി ബെയര്‍സ്‌റ്റോ, ഋഷഭ് പന്ത്, പാറ്റ് കമ്മിന്‍സ്, കഗിസോ റബാദ, നഥാന്‍ ലിയോണ്‍, ജെയിംസ് ആന്‍ഡേഴ്‌സണ്‍
ഏകദിന ടീമിനെയും ഐ.സി.സി നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയില്‍ നിന്ന് രണ്ട് താരങ്ങള്‍ മാത്രമാണ് ഈ ടീമിലിടം നേടിയത്. പാക് താരം ബാബര്‍ അസം നയിക്കുന്ന ടീമില്‍ ശ്രേയസ്സ് അയ്യര്‍, മുഹമ്മദ് സിറാജ് എന്നിവരാണ് ഇടം നേടിയത്. 2022-ല്‍ 17 മത്സരങ്ങളില്‍ നിന്ന് 724 റണ്‍സാണ് അയ്യര്‍ അടിച്ചെടുത്തത്. 55.69 ആണ് താരത്തിന്റെ ശരാശരി. സിറാജ് 15 മത്സരങ്ങളില്‍ നിന്ന് 24 വിക്കറ്റെടുത്ത് ടീമിലിടം നേടി.
ഏകദിന ലോക ഇലവന്‍: ബാബര്‍ അസം, ട്രാവിസ് ഹെഡ്, ഷായ് ഹോപ്പ്, ശ്രേയസ്സ് അയ്യര്‍, ടോം ലാഥം, സിക്കന്ദര്‍ റാസ, മെഹ്ദി ഹസ്സന്‍, അല്‍സാരി ജോസഫ്, മുഹമ്മദ് സിറാജ്, ട്രെന്റ് ബോള്‍ട്ട്, ആദം സാംപ