രാജ്യം ആഘോഷമാക്കിയ ഐ.എ.എസ് വിവാഹം; ഒടുവില്‍ ടിനയും അഥറും വേര്‍പിരിയുന്നു
ജയ്പുര്‍: പ്രണയ വിവാഹത്തിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ ഐഎഎസ് ദമ്പതികളായ ടിന ദബിയും ഭര്‍ത്താവ് അഥര്‍ ആമിര്‍ ഖാനും വേര്‍പിരിയുന്നു. വിവാഹ മോചനം ആവശ്യപ്പെട്ട് ഇരുവരും ജയ്പുരിലെ കുടുംബ കോടതിയില്‍ ഉഭയ സമ്മതപ്രകാരം അപേക്ഷ നല്‍കി. രാജ്യമാകെ ശ്രദ്ധിച്ച വിവാഹമായിരുന്നു ഇരുവരുടേതും.
2015 സിവില്‍ സര്‍വീസ് ബാച്ചിലെ ഒന്നാം റാങ്കുകാരിയായിരുന്നു ടിന ദബി. അതേ ബാച്ചില്‍ തന്നെ രണ്ടാം രണ്ടാം റാങ്കുകാരനായിരുന്നു അഥര്‍ ഖാന്‍. കശ്മീര്‍ സ്വദേശിയായ അഥര്‍ ഖാന്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ആദ്യ ദളിത് യുവതിയാണ് ഭോപാല്‍ സ്വദേശിനി ടിന. മസൂറിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമിയില്‍ വച്ചാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നത്.
രാജസ്ഥാന്‍ കേഡറില്‍ ഐഎഎസ് ഉദ്യോഗസ്ഥരായ ഇരുവരും ജയ്പുരിലാണ് ജോലി ചെയ്യുന്നത്. നേരത്തെ, ടിന തന്റെ സമൂഹ മാധ്യമങ്ങളിലെ പേരില്‍ നിന്ന് ‘ഖാന്‍’ ഒഴിവാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ഇരുവരും തമ്മില്‍ അകലുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. അഥര്‍ ഇന്‍സ്റ്റാഗ്രാമില്‍ ടീനയെ അണ്‍ഫോളോയും ചെയ്തിരുന്നു.
വ്യത്യസ്ത മതങ്ങളില്‍പ്പെട്ട ഇരുവരുടേയും വിവാഹം 2018ല്‍ വലിയ വാര്‍ത്താ പ്രാധാന്യമാണ് നേടിയത്. അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, മുന്‍ ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് തുടങ്ങിയവര്‍ ഡല്‍ഹിയില്‍ നടന്ന വിരുന്നില്‍ പങ്കെടുത്തിരുന്നു. വിവാഹത്തിനെതിരേ കടുത്ത പ്രതിഷേധവുമായി ഹിന്ദു മഹാസഭയും രംഗത്തെത്തിയിരുന്നു.