കൊല്‍ക്കത്ത:സെലക്ടര്‍മാരുടെ കാല്‍ക്കല്‍ വീഴാത്തതിന് തന്നെ ടീമിലെടുക്കാതെ തഴഞ്ഞിട്ടുണ്ടെന്ന് വെളിപ്പെടുത്തി മുന്‍ ഇന്ത്യൻ താരവും ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മെന്‍ററുമായ ഗൗതം ഗംഭീര്‍.ഇന്ത്യൻ താരം ആര്‍ അശ്വിന്‍റെ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഗംഭീറിന്‍റെ തുറന്നുപറച്ചില്‍.
12-13 വയസുളളപ്പോള്‍ അണ്ടര്‍ 14 ടൂര്‍ണമെന്‍റിലേക്ക് എനിക്ക് സെലക്ഷന്‍ ലഭിച്ചില്ല.അതിന് കാരണം കളി കാണാന്‍ വന്ന സെലക്ടര്‍മാരിലൊരാളുടെ കാല്‍ക്കൽ വീണ് നമസ്കരിക്കാത്തത് അയിരുന്നുവെന്ന് പിന്നീട് ഞാനറിഞ്ഞു. ഞാന്‍ ആരുടെയും കാലു പിടിക്കില്ലെന്നും എന്‍റെ കാലു പിടിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അന്ന് ഞാന്‍ തീരുമാനിച്ചു.
കരിയറില്‍ തുടക്കത്തില്‍ പരാജയങ്ങള്‍ മാത്രമാണ് ഞാന്‍ നേരിട്ടത്. അണ്ടര്‍ 16 ആയാലും അണ്ടര്‍ 19 ആയാലും രഞ്ജി ട്രോഫിയിലായാലും രാജ്യാന്തര ക്രിക്കറ്റിലുമെല്ലാം അങ്ങനെ തന്നെ ആയിരുന്നു. ആ സമയത്ത് നല്ല സാമ്പത്തികമുള്ള കുടുംബ പശ്ചാത്തലത്തില്‍ നിന്ന് വന്ന എന്നോട് എന്തിനാണ് ക്രിക്കറ്റ് കരിയറായി തെരഞ്ഞെടുത്തത്.
വേറെ ഏതെങ്കിലും മേഖലയിലേക്കോ അച്ഛന്‍റെ ബിസിനസ് നോക്കി നടത്താനോ പോയിക്കൂടെ എന്ന് ചോദിച്ചവരുണ്ട്.അതായിരുന്നു എന്നെക്കുറിച്ച് പൊതുവെയുള്ള മുന്‍ധാരണ. അഥ് തിരുത്തുക എന്നതായിരുന്നു കരിയറില്‍ താന്‍ നേരിട്ട മറ്റൊരു വെല്ലുവിളിയെന്നും ഗംഭീര്‍ പറഞ്ഞു.
താന്‍ ഐപിഎല്ലില്‍ കൂടെ പ്രവര്‍ത്തിച്ചവരില്‍ ഏറ്റവും നല്ല ടീം ഉടമ ഷാരൂഖ് ഖാന്‍ ആണെന്നും ഗംഭീര്‍ പറയുന്നു. അത് താന്‍ കൊല്‍ക്കത്ത മെന്‍ററായി തിരിച്ചെത്തിയതുകൊണ്ടല്ലെന്നും കൊല്‍ക്കത്ത നായകനായിരുന്ന ഏഴ് വര്‍ഷകാലത്ത് തങ്ങള്‍ 70 സെക്കന്‍ഡിലധികം ക്രിക്കറ്റിനെക്കുറിച്ച് സംസാരിച്ചിട്ടില്ലെന്നും ഗംഭീര്‍ പറഞ്ഞു.
ആ ഏഴ് വര്‍ഷക്കാലത്ത് അദ്ദേഹം എന്നോട് ക്രിക്കറ്റിനെക്കുറിച്ച് ഒറ്റ അക്ഷരം ചോദിച്ചിട്ടില്ല. നിങ്ങള്‍ക്ക് അത് സങ്കല്‍പ്പിക്കാനാകുമോ എന്നും ഗംഭീര്‍ ചോദിച്ചു. ടി20 ലോകകപ്പിനുശേഷം രാഹുല്‍ ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിയുമ്പോള്‍ ഗൗതം ഗംഭീറിനെ ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.