ദുൽഖറിനൊപ്പം അഭിനയിക്കണം,ആഗ്രഹം പങ്കുവെച്ച് ചിന്താജെറോം
കൊച്ചി: സിനിമയില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിക്കാനാണ് ആഗ്രഹമെന്ന് യുവജന കമ്മീഷന്‍ മുന്‍ അധ്യക്ഷ ചിന്ത ജെറോം. ദുല്‍ഖറിനെ നേരിട്ട് കണ്ടിട്ടില്ല, മമ്മൂട്ടിയെ കണ്ടിട്ടുണ്ട്. ദുല്‍ഖറിന്റെ നായികയായി അഭിനയിക്കണം എന്നല്ല, ദുല്‍ഖര്‍ അഭിനയിക്കുന്ന ഒരു സിനിമയില്‍ അഭിനയിക്കണം എന്നാണ് ആഗ്രഹമെന്നും ചിന്ത ജെറോം പറഞ്ഞു.
”സണ്ണി വെയിന്‍ അടുത്ത സുഹൃത്താണ്. സണ്ണിയുടെ അടുത്ത സുഹൃത്താണ് ദുല്‍ഖര്‍”. ആഗ്രഹം സണ്ണിയുടെ അടുത്ത് പറഞ്ഞിട്ടില്ലെന്നും ചിന്ത കൂട്ടിച്ചേര്‍ത്തു. മൂവി വേള്‍ഡ് മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ചിന്ത ജെറോമിന്റെ പ്രതികരണം.
”നായികമാരില്‍ ശോഭനയെ വളരെ അധികം ഇഷ്ടമായിരുന്നു. മഞ്ജു വാര്യരേയും നിഖില വിമല്‍, റിമ, പാര്‍വ്വതി എല്ലാവരേയും ഇഷ്ടമാണ്. നിലപാടുകള്‍ ശ്രദ്ധിക്കാറുണ്ട്. ശക്തമായി നിലപാട് പറയുന്ന പെണ്‍കുട്ടികള്‍ എപ്പോഴും ഒരു ആവേശമാണ്. നിഖില അഭിമുഖങ്ങളിലൊക്കെ സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍ സന്തോഷമാണ്. യുവധാരയുടെ പരിപാടിയില്‍ നിഖില വന്നപ്പോള്‍ പരിചയപ്പെട്ടിരുന്നു”.
”ടൊവിനോ യുവജന കമ്മീഷന്റെ യൂത്ത് ഐക്കണ്‍ ആയിരുന്നു. അതിന് മുന്‍പ് പൃഥ്വിരാജ് ആയിരുന്നു. ഇപ്പോള്‍ ആസിഫ് അലിയാണ്. ഇവരെല്ലാവരുമായും നല്ല സൗഹൃദമാണ്. സിനിമ വളരെ ഇഷ്ടമുളള മേഖലയാണ്. പറ്റിയ അവസരം വന്നാല്‍ അഭിനായിക്കാന്‍ താല്‍പര്യമുണ്ട്. ഒരു സിനിമയുമായി ബന്ധപ്പെട്ട് മധുപാല്‍ സര്‍ സംസാരിച്ചിരുന്നു. ആ സമയത്ത് യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എന്ന നിലയ്ക്കുളള തിരക്കുകളിലായിരുന്നു. അതുകൊണ്ട് ആ അവസരം ഉപയോഗപ്പെടുത്താനായില്ല”.
”അടുത്തിടെ മറ്റൊരു അവസരം വന്നിരുന്നു. അതങ്ങനെ വലിയ വേഷം ആയിരുന്നില്ല. ആസിഫ് അലിയുടേയും നമിത പ്രമോദിന്റെയും സിനിമ ആയിരുന്നു അത്. ഒരു അപകടം ഉണ്ടായപ്പോള്‍ അവരെ രക്ഷിക്കാനെത്തുന്ന വ്യക്തിയുടെ വേഷമായിരുന്നു. അവര്‍ ആദ്യം സന്തോഷ് ജോര്‍ജ് കുളങ്ങരയെ ആയിരുന്നു നോക്കിയിരുന്നത്. ഞാന്‍ തിരുവനന്തപുരത്തുണ്ടോ എന്ന് ചോദിച്ചു, പക്ഷേ ഞാനില്ലായിരുന്നു. ആ വേഷം പിന്നീട് ജാസി ഗിഫ്റ്റ് ചെയ്തു എന്നാണ് ആസിഫ് അലി പറഞ്ഞത്. ആ സിനിമയില്‍ ചിന്ത ജെറോം ആയിട്ട് തന്നെ ആയിരുന്നു ക്ഷണിച്ചത്” എന്നും ചിന്ത പറഞ്ഞു.