KeralaNews

ഇന്ത്യയുടെ കറുത്ത മുത്ത് ! രാജ്യം കണ്ട എക്കാലത്തെയും മികച്ച ഫുട്ബോള്‍ കളിക്കാരില്‍ ഒരാള്‍; മൂന്ന് തവണ ഇന്ത്യന്‍ പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം നേടി; വൈകിയെങ്കിലും ഐ എം വിജയൻ്റെ പത്മശ്രീ അര്‍ഹതക്കുള്ള അംഗീകാരം

തിരുവനന്തപുരം: ഐ എം വിജയന് പത്മശ്രീ പുരസ്‌ക്കാരം ലഭിച്ചു എന്ന വാര്‍ത്ത പുറത്തുവരുമ്പോള്‍ ഒരുപക്ഷേ മലയാളികള്‍ക്ക് ഞെട്ടലാണ് ഉണ്ടാകുന്നത്. ഇത്രയും കാലമായിട്ടും അദ്ദേഹത്തിന് ആ പുരസ്‌ക്കാരം ലഭിച്ചിരുന്നില്ലേ എന്നാണ് വിജയനെ സ്‌നേഹിക്കുന്നവര്‍ പത്മശ്രീ പുരസ്‌ക്കാരം അദ്ദേഹത്തിന് ലഭിക്കുമ്പോള്‍ ചോദിക്കുന്നത്. ഇന്ത്യന്‍ ഫുട്‌ബോളിന് നല്‍കിയ ശ്രദ്ധേയമായ സംഭാവനകള്‍ അനുസരിച്ചാണെങ്കില്‍ വിജയന് നേരത്തെ പുരസ്‌ക്കാരം ലഭിക്കേണ്ടതായരുന്നു.

ഇന്ത്യയിലെ നാലാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മശ്രീ പുരസ്‌കാരമാണ് ഐ എം വിജയന് ലഭിക്കുന്നത്. വൈകിയാണെങ്കിലും അര്‍ഹിച്ച അംഗീകാരം ഐ എം വിജയനെ തേടി എത്തിയിരിക്കുകയാണ്. രാജ്യത്തെ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളായി വിജയന്റെ സംഭാവനയെ ഈ പ്രഖ്യാപനത്തിലൂടെ ആദരിക്കുകയാണ് എന്ന് പറയാം.

തൃശൂര്‍ സ്വദേശിയായ ഐ. എം. വിജയന്‍ 1969 ഏപ്രില്‍ 25 നാണ് ജനിച്ചത്. ഇന്ത്യയില്‍ ഒരു കാലത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റിയിരുന്ന ഫുട്ബോളറായിരുന്നു ഐ. എം. വിജയന്‍. മൂന്ന് തവണ ഇന്ത്യന്‍ പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട് ഐ എം വിജയന്‍. 1993, 1997, 1999 വര്‍ഷങ്ങളില്‍ ആയിരുന്നു ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്ബോളറായി ഐ. എം. വിജയന്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഈ പുരസ്‌കാരം ഒന്നില്‍ അധികം തവണ സ്വന്തമാക്കുന്ന ആദ്യ കളിക്കാരനാണ് ഐ. എം. വിജയന്‍.

കേരള പോലീസ് ഫുട്ബോള്‍ ക്ലബ്ബിലൂടെ ആണ് ഐ. എം. വിജയന്റെ വളര്‍ച്ച. മികച്ച പ്രകടനം കാഴ്ച വെച്ച ഐ. എം. വിജയന്‍ പിന്നീട് ഇന്ത്യന്‍ ഫുട്ബോള്‍ ദേശീയ ടീമിന്റെ സ്ഥിരം സാന്നിധ്യമായി. 1990 കളിലും 2000 ന്റെ തുടക്കത്തിലും ഐ. എം. വിജയന്‍ – ബൈചുംങ് ബൂട്ടിയ മുന്നേറ്റ നിര സഖ്യം ആയിരുന്നു ഇന്ത്യന്‍ ഫുട്ബോളിന്റെ മുഖം. രാജ്യാന്തര ഫുട്ബോളിലെ അതിവേഗ ഗോളുകളുടെ ഗണത്തില്‍ ഇന്നും ആ ഗോള്‍ ഉണ്ട്. 2000 – 2003 കാലഘട്ടത്തില്‍ ഇന്ത്യന്‍ ദേശീയ ടീമിന്റെ ക്യാപ്റ്റനും ആയിരുന്നു. രാജ്യാന്തര ഫുട്ബോള്‍ കരിയറില്‍ ഇന്ത്യക്കായി 71 മത്സരങ്ങള്‍ കളിച്ചു. 34 ഗോള്‍ സ്വന്തമാക്കി.

പാവപ്പെട്ട കുടുംബ പശ്ചാത്തലത്തില്‍ ജനിച്ച ഐ. എം. വിജയന് തൃശൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ സോഡ വിറ്റു നടന്ന ചരിത്രവും ഉണ്ട്. കേരള ഡി. ജി. പി. ആയിരുന്ന എം. കെ. ജോസഫിന്റെ കണ്ണില്‍ ഐ. എം. വിജയന്‍ എന്ന കുട്ടിയുടെ ഫുട്ബോള്‍ കഴിവ് കണ്ടതാണ് തലവര മാറാന്‍ കാരണം. അങ്ങനെ 17 -ാം വയസില്‍ കേരള പോലീസ് ക്ലബ് ഫുട്ബോള്‍ ടീമില്‍ ഇടം ലഭിച്ചു. 1991 വരെ കേരള പോലീസ് ക്ലബ്ബിനു വേണ്ടി കളിച്ച ഐ. എം. വിജയന്‍ 1992 ല്‍ കോല്‍ക്കത്തന്‍ വമ്പന്മാരായ മോഹന്‍ ബഗാനിലേക്ക് ചേക്കേറി.

കേരളാ പോലീസിലെ ഉദ്യോഗസ്ഥരാണ് ഐ എം വിജയന്‍ ഇപ്പോള്‍. വൈകി എത്തിയ പത്മശ്രീ പുരസ്‌ക്കാര നേട്ടം കുടുംബത്തിനൊപ്പം കേക്കു മുറിച്ചാണ് വിജയന്‍ ആഘോഷിച്ചത്. പുരസ്‌ക്കാര നേട്ടത്തില്‍ വളരെ സന്തോഷമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പോലീസ് സര്‍വീസില്‍ നിന്നും വിരമിക്കലിന് തൊട്ടു മുമ്പുള്ള പുരസ്‌ക്കാര നേട്ടത്തില്‍ സന്തോഷമെന്നും ഐ എം വിജയന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker