ആ മോഹൻലാൽ ചിത്രം ഇന്നാണെങ്കിൽ വിഷ്വലി നന്നായി എടുക്കാമെന്ന് തോന്നിയിട്ടുണ്ട്:സത്യൻ അന്തിക്കാട്
കൊച്ചി:മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത സംവിധായകനാണ് സത്യൻ അന്തിക്കാട്. മോഹൻലാൽ, ശ്രീനിവാസൻ, ജയറാം തുടങ്ങിയ താരങ്ങൾക്ക് കുടുംബ പ്രേക്ഷകർക്കിടയിൽ വലിയ സ്ഥാനം നേടി കൊടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
പുതിയകാല സിനിമയിലെ സാങ്കേതിക വിദ്യയിൽ വന്ന മാറ്റങ്ങളെ കുറിച്ച് സംസാരിക്കുകയാണ് സത്യൻ അന്തിക്കാട്. പുതിയ മാറ്റങ്ങളെ താൻ പോസിറ്റീവായി കാണുന്നുവെന്നും പരിമിതികൾ ഉണ്ടായിരുന്ന കാലത്ത് നിന്ന് അത്ഭുതങ്ങൾ കാണിക്കാൻ കഴിയുന്നിടത്തേക്ക് മലയാള സിനിമ വളർന്നുവെന്നും സത്യൻ അന്തിക്കാട് പറയുന്നു.
മോഹൻലാൽ, തിലകൻ, റഹ്മാൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന ചിത്രത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒരുപാട് പരിമിതികളുണ്ടായിരുന്ന കാലത്തു നിന്ന് മാറി ഒരുപാട് അത്ഭുതങ്ങൾ കാണിക്കാൻ പറ്റുന്ന കാലത്തേക്ക് സാങ്കേതികവിദ്യ മാറി. സിനിമയ്ക്ക് വേണ്ടിയുള്ള ടെക്നോളജി നമുക്ക് ഉപയോഗ്യമായ വിധത്തിലേക്ക് മാറുകയാണ്.
‘പപ്പൻ പ്രിയപ്പെട്ട പപ്പൻ’ എന്ന സിനിമ അടുത്തകാലത്ത് ടി.വി.യിൽ വന്നു. ഞാനാലോചിച്ചുനോക്കി, ഇന്നായിരുന്നെങ്കിൽ തിലകനും റഹ്മാനുമൊക്കെ പോത്തിന്റെ പുറത്തൊക്കെ പോവുന്നത് നമുക്ക് വിഷ്വലി ആൾക്കാരെ കുടുതൽ രസിപ്പിക്കാവുന്ന രീതിയിൽ എടുക്കാമായിരുന്നു.
അന്ന് ഞാനൊരു വലിയ പോത്തിനെ കൊണ്ടുവന്ന്, ആ പോത്തിനെ സ്റ്റുഡിയോയിൽ നിറുത്തി, അതിൻ്റെമേലെ തിലകൻ ചേട്ടനെ കേറ്റിയിരുത്തി, അതിന്റെ പിന്നിൽ മറ്റേയാളെ കേറ്റിയിരുത്തിയിട്ടൊക്കെയാണ് ഷൂട്ട് ചെയ്‌തത്.
അതിനേക്കാൾ എത്രയോ എളുപ്പത്തിൽ കൂടുതൽ ഗംഭീരമായി ഇന്ന് ഇവയെല്ലാം ചിത്രീകരിക്കാം. ക്യാമറ കടൽ കാണുകപോലും ചെയ്യാതെ കടൽ രംഗങ്ങൾ എടുക്കാവുന്ന തരത്തിലേക്ക് കാര്യങ്ങൾ മാറിയില്ലേ. അതെനിക്ക് പോസിറ്റീവായിട്ടുള്ള മാറ്റമായിട്ടാണ് തോന്നുന്നത്,’സത്യൻ അന്തിക്കാട് പറയുന്നു.