കല്‍പറ്റ: വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയെ ചോദ്യം ചെയ്തു. എന്‍.എം വിജയന്റെ കത്തുകളിലെ പരാമര്‍ശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ചോദ്യം ചെയ്യല്‍. ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ഒന്നാം പ്രതിയാണ് എംഎല്‍എ. പുത്തൂര്‍വയലിലുള്ള ജില്ലാ പോലീസ് ക്യാമ്പില്‍വെച്ച് സുല്‍ത്താന്‍ ബത്തേരി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്. എന്‍.എം വിജയന്റെ കത്തിൽ പരാമർശിച്ച സാമ്പത്തിക ഇടപാടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് എംഎല്‍എ നേരത്തെ തന്നെ ആവര്‍ത്തിച്ചിരുന്നത്.
എന്‍.എം വിജയന്റെ മരണത്തില്‍ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അറസ്റ്റ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്‍, മുന്‍ കോണ്‍ഗ്രസ് നേതാവ് കെ.കെ ഗോപിനാഥന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിട്ടയച്ചിരുന്നു. കേസിലെ ഒന്നാം പ്രതിയായ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ.യ്ക്ക് നിയമസഭ സമ്മേളനമുള്ളതിനാലായിരുന്നു ഇളവ് നല്‍കിയിരുന്നത്.
എന്‍.എം വിജയനും മകന്‍ ജിജേഷും ആത്മഹത്യ ചെയ്ത കേസിലാണ് ഐ.സി. ബാലകൃഷ്ണന്‍, എന്‍.ഡി. അപ്പച്ചന്‍, ഡി.സി.സി. മുന്‍ ട്രഷറര്‍ കെ.കെ. ഗോപിനാഥ്, തുടങ്ങിയവരെ പ്രതികളാക്കി പോലീസ് കേസെടുത്തത്. കെ.പി.സി.സി. പ്രസിഡന്റിന് നല്‍കാന്‍ വിജയന്‍ എഴുതിയ കത്തില്‍ ഇവരുടെ പേരുകള്‍ പരാമര്‍ശിച്ചിരുന്നുവെന്നാണ് പറയുന്നത്. പോലീസ് അന്വേഷണത്തില്‍ ലഭിച്ച മൊഴികളും നേതാക്കളെ പ്രതിചേര്‍ക്കുന്നതിലേക്ക് നയിച്ചതായാണ് വിവരം.
വിജയന്റെ മുറിയില്‍നിന്ന് ലഭിച്ച ഡയറിക്കുറിപ്പില്‍ ഒന്നരക്കോടിയോളം രൂപയുടെ വായ്പയടക്കമുള്ളവ ഉണ്ടെന്ന സൂചനകളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 14 ബാങ്കുകളില്‍നിന്ന് അക്കൗണ്ട് വിവരങ്ങള്‍ പ്രത്യേകസംഘം തേടുകയും ചെയ്തു. ബത്തേരി അര്‍ബന്‍ ബാങ്കില്‍നിന്നും ബത്തേരി സര്‍വീസ് സഹകരണ ബാങ്കില്‍നിന്നും ലഭിച്ച വിവരങ്ങളില്‍ ഒരുകോടിയിലേറെ രൂപയുടെ ബാധ്യതയുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. നിയമനത്തിന് പണംവാങ്ങി വഞ്ചിച്ചതായി ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രണ്ട് പരാതികള്‍ പ്രത്യേക അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്. ഇതേക്കുറിച്ചും അന്വേഷണം തുടങ്ങിയിരുന്നു.
ബാങ്കിലെ നിയമനത്തട്ടിപ്പ് വിഷയത്തില്‍ വിജിലന്‍സ് അന്വേഷണത്തിനും സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. വയനാട് വിജിലന്‍സ് ഡി.വൈ.എസ്.പി. ഷാജി വര്‍ഗീസിനാണ് അന്വേഷണച്ചുമതല. എന്‍.എം. വിജയന്റെയും മകന്റെയും ആത്മഹത്യയെത്തുടര്‍ന്ന് മാധ്യമങ്ങളിലെ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. ബാങ്ക് നിയമനമടക്കമുള്ള സാമ്പത്തിക ഇടപാടുകളാണ് വിജിലന്‍സ് അന്വേഷിക്കുന്നത്.