‘മല്ലിക സുകുമാരന്റെ മകനാണ് ഞാൻ’; ‘ഒറ്റ വാക്കിൽ പൃഥിയെ തെരഞ്ഞെടുത്തു; സിനിമ കഴിഞ്ഞായിരുന്നു ആ സംശയം’
കൊച്ചി:മലയാള സിനിമയിൽ ഇന്ന് സൂപ്പർ താരപദവിയുള്ള നടനാണ് പൃഥിരാജ്. കൈനിറയെ അവസരങ്ങളുമായി കരിയറിന്റെ മികച്ച സമയത്ത് നിൽക്കുന്ന പൃഥിരാജ് ഇന്ന് നിർമാതാവും സംവിധായകനും വിതരണക്കാരനുമാണ്. തുടക്ക കാലത്ത് വലിയ വിവാദങ്ങൾ പൃഥിയുടെ പേരിൽ ഉണ്ടായിരുന്നു. പൃഥി അഹങ്കാരി ആണെന്ന് സിനിമാ ലോകത്ത് പരക്കെ സംസാരം ഉണ്ടാവുകയും നടനെതിരെ വിലക്ക് വരുന്ന സാഹചര്യവും ഉണ്ടായി.
എന്നാൽ പിന്നീട് താരമായി വളരുന്ന പൃഥിയെ ആണ് സിനിമാ ലോകം കണ്ടത്. പൃഥിയുടെ കരിയറിലെ വിജയ ഗാഥ ഇന്നും സിനിമാ ലോകത്ത് സംസാരമാവാറുണ്ട്. ഇപ്പോഴിതാ പൃഥിരാജിനെ പറ്റി സംസാരിച്ചിരിക്കുകയാണ് സിദ്ദിഖ്.
പൃഥിരാജ് ആദ്യമായി അഭിനയിച്ച നന്ദനം എന്ന സിനിമയിലെ ഓർമകളാണ് സിദ്ദിഖും സംവിധായകൻ രഞ്ജിത്തും കൂടിയാണ് സിനിമ നിർമ്മിച്ചത്. പൃഥിരാജിനെ ഓഡിഷൻ പോലുമില്ലാതെ ആണ് നന്ദനത്തിലേക്ക് എടുത്തതെന്ന് സിദ്ദിഖ് വ്യക്തമാക്കി. ഇന്ത്യാ ഗ്ലിറ്റ്സുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.
‘പൃഥിരാജിൽ ഒരു സ്പാർക്ക് ഉണ്ടെന്ന് എനിക്ക് അഭിനയിക്കുമ്പോഴാണ് തോന്നിയത്. രഞ്ജിത്തിന് അത് പോലും വേണ്ടി വന്നില്ല. സുകുമാരൻ ചേട്ടന്റെ രണ്ടാമത്തെ മകനെ നമുക്കൊന്ന് വിളിപ്പിക്കാം എന്ന് രഞ്ജിത്ത് പറഞ്ഞു’
‘ഞാൻ നേരെ മല്ലിക ചേച്ചിയോട് വിളിച്ച് പറയുന്നു. ഇന്ദ്രനെ ആണോയെന്ന് മല്ലിക ചേച്ചി ചോദിച്ചു. ഇന്ദ്രനെ അല്ല താഴെയുള്ള പൃഥിയെ ആണ്. ഒന്ന് രഞ്ജിത്തിനെ പോയി കാണണം എന്ന് പറഞ്ഞു. ഇന്ന് തന്നെ പറയാമെന്ന് മല്ലിക ചേച്ചി’
‘രാവിലെ കോളിംഗ് ബെല്ലടിച്ച് രഞ്ജിത്ത് വാതിൽ തുറന്നപ്പോൾ ചേട്ടാ ഞാൻ മല്ലിക സുകുമാരന്റെ മകനാണെന്ന് പറഞ്ഞു. അപ്പോൾ സെലക്ട് ചെയ്തു. ഓഡിഷൻും ഇല്ല ഡയലോഗ് പറയിപ്പിച്ചിട്ടും ഇല്ല’
‘ഫസ്റ്റ് ലുക്കിലും ശബ്ദം കേൾക്കുമ്പോൾ തന്നെ ഒരാളെ സെലക്ട് ചെയ്യണം എന്നുണ്ടെങ്കിൽ അവനിൽ എന്ത് സ്പാർക്കുണ്ടെന്ന് തോന്നിക്കാണും. പിന്നീട് നന്ദനത്തിൽ അഭിനയിക്കാൻ വന്ന സമയത്ത് പറയുന്ന സീനുകൾ വളരെ ഭംഗിയായി ചെയ്യുന്നുണ്ട്’
‘അവിടെ വേറെ യാതൊരു പ്രശ്നവും ഇല്ല. ഒരു പുതുമുഖത്തിന്റെ പതർച്ചയില്ല. അന്നും പൃഥി കോൺഫിഡന്റ് ആയി തന്നെ എല്ലാം ചെയ്തു. അവസാനം ഡബ്ബിംഗിന്റെ കാര്യത്തിൽ ചെറിയ സംശയം ഉണ്ടായിരുന്നു. പൃഥിരാജ് തന്നെ ഡബ് ചെയ്താൽ ശരിയാവുമോ എന്ന്. നവ്യയുടെ ഡബിംഗ് മദ്രാസിൽ ആയിരുന്നു. തിരുവനന്തപുരത്ത് പൃഥിയുടെ ഡബിംഗ് എന്നോട് അറ്റന്റ് ചെയ്യാൻ പറഞ്ഞു’
‘ഡബിംഗ് കേട്ടിട്ട് ഞാനപ്പോൾ തന്നെ രഞ്ജിത്തിനെ വിളിച്ച് പറഞ്ഞു. സിനിമയിൽ കണ്ട പോലെ അല്ല ഡബിംഗ് നല്ല രീതിയിൽ ചെയ്യുന്നുണ്ടെന്ന്. സിനിമയെ പറ്റി ഒരുപാട് പഠിക്കണം എന്നും അറിയണം എന്നും അന്നേ ഭയങ്കര ആഗ്രഹം കാണിച്ചിരുന്ന ആളാണ്. പൃഥിയുടെ വളർച്ചയും അവിശ്വസനീയം ആയിരുന്നു,’ സിദ്ദിഖ് പറഞ്ഞതിങ്ങനെ.
എന്നാലും എന്റളിയാ ആണ് സിദ്ദിഖിന്റെ ഏറ്റവും പുതിയ സിനിമ. സുരാജ് വെഞ്ഞാറമൂട്, ലെന, ഗായത്രി അരുൺ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. പൃഥിരാജിന്റെ നിരവധി സിനിമകളാണ് റിലീസിന് ഉള്ളത്. തെലുങ്ക് ചിത്രം സലാർ, ആടുജീവിതം തുടങ്ങിയവ ഇതിലുൾപ്പെടുന്നു.