
കൊച്ചി: തന്റെ കവിത പാഠ്യപദ്ധതിയില്‍നിന്ന് ഒഴിവാക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് ബാലചന്ദ്രന്‍ ചുള്ളിക്കാട്. കലാസ്‌നേഹികളായ നാട്ടുകാര്‍ക്കു മുഴുവന്‍ വായിച്ചു രസിക്കാനോ വിദ്യാര്‍ഥിസമൂഹത്തിനു പഠിക്കാനോ അധ്യാപകസമൂഹത്തിനു പഠിപ്പിക്കാനോ ഗവേഷകര്‍ക്കു ഗവേഷണം നടത്താനോ വേണ്ടിയല്ല താന്‍ കവിത എഴുതുന്നതെന്നും തന്റെ കവിത ആവശ്യമില്ലാത്ത വിദ്യാര്‍ഥിസമൂഹത്തിന്റെ മേല്‍ അത് അടിച്ചേല്‍പ്പിക്കരുതെന്നും അദ്ദേഹം പുറപ്പെടുവിച്ച കുറിപ്പില്‍ പറയുന്നു.
തിങ്കളാഴ്ച സുഹൃത്തുക്കള്‍ക്കയച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വിശദമാക്കിയത്. ‘ഒരു അപേക്ഷ’എന്ന തലക്കെട്ടോടുകൂടിയാണ് കുറിപ്പ് എഴുതിയിരിക്കുന്നത്.
ഞാന്‍ എല്ലാവരുടെയും കവിയല്ല. ചില സുകുമാരബുദ്ധികള്‍ പറയുംപോലെ ‘മലയാളത്തിന്റെ പ്രിയകവി’യും അല്ല. മലയാള കവിതയുടെ ചരിത്രത്തില്‍ എനിക്ക് യാതൊരു കാര്യവുമില്ല. എന്റെ സമാനഹൃദയരായ കുറച്ചു വായനക്കാരുടെ മാത്രം കവിയാണ് ഞാന്‍. അവര്‍ക്കു വായിക്കാനാണ് ഞാന്‍ കവിതയെഴുതുന്നത്. സദസ്സിനു മുമ്പില്‍ ചൊല്ലിയാലും മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചാലും അതൊരു ഏകാന്തമായ സ്മൃതിവിനിമയമാണ്. അല്ലാതെ കലാസ്‌നേഹികളായ നാട്ടുകാര്‍ക്കു മുഴുവന്‍ വായിച്ചു രസിക്കാനോ വിദ്യാര്‍ഥിസമൂഹത്തിനു പഠിക്കാനോ അധ്യാപകസമൂഹത്തിനു പഠിപ്പിക്കാനോ ഗവേഷകര്‍ക്കു ഗവേഷണം നടത്താനോ വേണ്ടിയല്ല ഞാന്‍ കവിത എഴുതുന്നത്.
ആവശ്യമുള്ളവര്‍ മാത്രം വായിക്കേണ്ടതാണ് എന്റെ കവിത. ആര്‍ക്കും ആവശ്യമില്ലെങ്കില്‍ ഞാനും എന്റെ കവിതയും വിസ്മൃതമാവുകയാണ് വേണ്ടത്. അല്ലാതെ എന്റെ കവിത ആവശ്യമില്ലാത്ത വിദ്യാര്‍ഥിസമൂഹത്തിന്റെ മേല്‍ അത് അടിച്ചേല്‍പ്പിക്കരുതെന്ന് എല്ലാ സിലബസ് കമ്മറ്റിക്കാരോടും ഒരിക്കല്‍ക്കൂടി ഞാന്‍ അപേക്ഷിക്കുന്നു. ദയവായി എന്റെ കവിത പാഠ്യപദ്ധതിയില്‍ നിന്നും ഒഴിവാക്കണം. ഈ അപേക്ഷ ഇതോടൊപ്പം എല്ലാ സര്‍വകലാശാലകള്‍ക്കും വിദ്യാഭ്യാസവകുപ്പിനും അയയ്ക്കുന്നു.”