CricketNewsSports

287 ന് 262 തിരിച്ചടിച്ചു, ഹൈദരാബാദിനോട് ബാംഗ്ലൂരിന് തോല്‍വി

ബംഗളൂരു: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരിന് തുടർച്ചയായ അഞ്ചാം തോൽവി. സൺറൈസേഴ്സ് ഹൈദരാബാദ് ഉയർത്തിയ ഐപിഎല്ലിലെ റെക്കോർഡ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ആർസിബിക്ക് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 262 റൺസെടുക്കാനാണ് സാധിച്ചത്. ബംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തിൽ നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദരാബാദ് മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ 287 റൺസാണ് നേടിയത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറാണിത്. ട്രാവിസ് ഹെഡ് (41 പന്തിൽ 102), ഹെൻറിച്ച് ക്ലാസൻ (31 പന്തിൽ 67) എന്നിവരാണ് ഹൈദരാബാദിനെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്. 

കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റന്തിയ ആർസിബിക്ക് ഗംഭീര തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റിൽ വിരാട് കോലി – ഫാഫ് ഡു പ്ലെസിസ് സഖ്യം 80 റൺസ് കൂട്ടിചേർത്തു. എന്നാൽ 20 പന്തിൻ 42 റൺസെടുത്ത കോലിയെ ബൗൾഡാക്കി മായങ്ക് മർകണ്ഡെ ഹൈദരാബാദിന് ബ്രേക്ക് ത്രൂ നൽകി. തുടർന്നെത്തിയ വിൽ ജാക്സ് (7), രജത് പടീധാർ (9), സൗരവ് ചൗഹാൻ (0) എന്നിവർക്ക് തിളങ്ങാനായില്ല. ഇതിനിടെ ഫാഫിനെ (62) കമ്മിൻസും മടക്കി.

മഹിപാൽ ലോംറോറും (19) മടങ്ങിയതോടെ ആർസിബി ആറിന് 181 എന്ന നിലയിലായി. ദിനേശ് കാർത്തിക് (35 പന്തിൽ 83 ) പൊരുതി നോക്കിയെങ്കിലും തോൽവി ഭാരം കുറയ്ക്കാൻ മാത്രമാണ് സാധിച്ചത്. ഹൈദരാബാദിന് വേണ്ടി കമ്മിൻസ് മൂന്നും മർകണ്ഡെ രണ്ടും വിക്കറ്റ് വീഴ്ത്തി.

നേരത്തെ മികച്ച തുടക്കമാണ് ഹൈദരാബാദിന് ലഭിച്ചത്. ഒന്നാം വിക്കറ്റിൽ അഭിഷേക് ശർമ (22 പന്തിൽ 34) – ഹെഡ് സഖ്യം 108 റൺസ് ചേർത്തു. ഒമ്പതാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. അഭിഷേകിനെ റീസെ ടോപ്ലി മടക്കി. പിന്നാലെ ക്രീസിലെത്തിയത് ക്ലാസന്‍. മറുവശത്ത് ഹെഡ് ആക്രമണം തുടര്‍ന്നു. ക്ലാസനൊപ്പം 57 റണ്‍സ് ചേര്‍ത്താണ് ഹെഡ് മടങ്ങുന്നത്. ഐപിഎല്ലില്‍ ആദ്യ സെഞ്ചുറി നേടി ഹെഡ് പുറത്താവുമ്പോള്‍ എട്ട് സിക്‌സും ഒമ്പത് ഫോറും നേടിയിരുന്നു.

ഇതിനിടെ ക്ലാസന്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. 31 പന്തുകള്‍ നേരിട്ട താരം ഏഴ് സിക്‌സും രണ്ട് ഫോറും നേടിയിരുന്നു. ലോക്കി ഫെര്‍ഗൂസണ്‍ വിക്കറ്റ് നല്‍കിയാണ് ക്ലാസന്‍ മടങ്ങുന്നത്. അദ്ദേഹം മടങ്ങുമ്പോള്‍ മൂന്നിന് 231 എന്ന നിലയിലായിരുന്നു ഹൈദരാബാദ്. പിന്നാലെ മാര്‍ക്രം (17 പന്തില്‍ 32) – സമദ് സഖ്യം 56 റണ്‍സും ചേര്‍ത്തു. മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സമദിന്റെ ഇന്നിംഗ്‌സ്. മാര്‍ക്രം രണ്ട് വീതം സിക്‌സും ഫോറും നേടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker