മുംബൈ: പ്രസവിക്കണമെന്ന് സ്ത്രീയെ നിര്‍ബന്ധിക്കാന്‍ ഭര്‍ത്താവിനോ മറ്റുള്ളവര്‍ക്കോ അവകാശമില്ലെന്ന് ബോംബെ ഹൈകോടതി.
പ്രത്യുല്‍പാദന വിഷയത്തില്‍ തീരുമാനമെടുക്കാനുള്ള അവകാശം വ്യക്തിസ്വാതന്ത്ര്യത്തിന്റെ അവിഭാജ്യ ഘടകമായതിനാല്‍ ആര്‍ട്ടിക്കിള്‍ 21 പ്രകാരം സ്ത്രീകളെ ഇക്കാര്യത്തില്‍ നിര്‍ബന്ധിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പുണ്ടലിക് യേവത്കര്‍ എന്നയാളും ഭാര്യ ഉജ്വലയും തമ്മിലുള്ള കേസിലാണ് നിര്‍ണായകമായ വിധി.
വിവാഹമോചനം ആവശ്യപ്പെട്ട് പുണ്ടലിക് സമര്‍പ്പിച്ച ഹരജിയില്‍, തന്റെ സമ്മതമില്ലാതെ ഭാര്യ ഗര്‍ഭം അവസാനിപ്പിച്ചത് ക്രൂരതയാണെന്ന് ഇയാള്‍ വാദിച്ചിരുന്നു. എന്നാല്‍, ജസ്റ്റിസുമാരായ അതുല്‍ ചന്ദൂര്‍ക്കറും ഊര്‍മിള ജോഷി ഫാല്‍ക്കെയും ഉള്‍പ്പെട്ട ബെഞ്ച് ഈ വാദം തള്ളിക്കളഞ്ഞു.
ഗര്‍ഭം തുടരണോ വേണ്ടയോ എന്നത് സ്ത്രീയുടെ ഇഷ്ടമാണെന്ന് കോടതി വ്യക്തമാക്കി. ‘ഇന്ത്യന്‍ ഭരണഘടനയുടെ 21-ാം അനുച്ഛേദപ്രകാരം വിഭാവനം ചെയ്യുന്ന സ്ത്രീയുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ അവിഭാജ്യ ഘടകമാണ് പ്രത്യുല്‍പാദനപരമായ തിരഞ്ഞെടുപ്പിനുള്ള സ്ത്രീയുടെ അവകാശം. ഒരു കുട്ടിക്ക് ജന്മം നല്‍കാന്‍ അവളെ നിര്‍ബന്ധിക്കാനാവില്ല” -കോടതി പറഞ്ഞു.
2001ലാണ് പുണ്ടലികും ഉജ്വലയും വിവാഹിതരായത്. അന്നുമുതല്‍ ജോലിക്ക് പോകണമെന്ന് ഭാര്യ വാശി പിടിക്കുന്നുവെന്നും ആദ്യകുട്ടി ജനിച്ച ശേഷം പിന്നീടുള്ള ഗര്‍ഭം അലസിപ്പിച്ച് ക്രൂരത കാണിക്കുന്നുവെന്നും ഭര്‍ത്താവ് ആരോപിച്ചു. 2004ല്‍ ഉജ്വല മകനോടൊപ്പം ഭര്‍തൃവീട്ടില്‍നിന്ന് ഇറങ്ങിപ്പോയതായും തന്നെ ഉപേക്ഷിച്ചുവെന്നും ഹരജിക്കാരന്‍ പറഞ്ഞു.
ഗര്‍ഭഛിദ്രം എന്ന ക്രൂരതയുടെയും ഒളിച്ചോട്ടത്തിന്റെയും അടിസ്ഥാനത്തില്‍ വിവാഹമോചനം വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍, വിവാഹശേഷം ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നതിന്റെ പേരില്‍ ഗര്‍ഭഛിദ്രം നടത്തുന്നത് ക്രൂരതയായി കണക്കാക്കനാവില്ലെന്ന് പറഞ്ഞ് കോടതി ഹരജി തള്ളിക്കളഞ്ഞു.
താന്‍ ഒരു കുഞ്ഞിന്റെ അമ്മയാണ് എന്നുള്ളത് മാതൃത്വത്തെ അംഗീകരിക്കുന്നതിന്റെ തെളിവാണെന്ന് യുവതി വാദിച്ചു. കൂടാതെ, തന്റെ രണ്ടാമത്തെ ഗര്‍ഭം അസുഖത്തെത്തുടര്‍ന്നാണ് അലസിപ്പിച്ചതെന്നും തന്റെ ചാരിത്ര്യത്തെ ഭര്‍തൃവീട്ടുകാര്‍ സംശയിച്ചതിനാലാണ് സ്വന്തം വീട്ടില്‍ പോയതെന്നും ഇവര്‍ വ്യക്തമാക്കി.
അങ്ങനെ പോയശേഷം തിരികെ കൊണ്ടുവരാന്‍ ഭര്‍ത്താവ് ശ്രമിച്ചില്ലെന്നും അവര്‍ കോടതിയെ ബോധിപ്പിച്ചു. സ്ത്രീ ഇതിനകം ഒരു കുഞ്ഞിനെ പ്രസവിച്ചതിനാല്‍ മാതൃത്വം സ്വീകരിക്കാന്‍ അവള്‍ വിമുഖത കാണിക്കുന്നുവെന്ന് പറയാനാവില്ലെന്ന് കോടതി വിധിയില്‍ ചൂണ്ടിക്കാട്ടി.