അമേരിക്കയിൽ നാശംവിതച്ച് ചുഴലിക്കാറ്റ്, 33 മരണം, ഒട്ടേറെ പേർക്ക് പരിക്ക്

വാഷിങ്ടൺ: ശനിയാഴ്ച മധ്യ അമേരിക്കയിലുടനീളം വീശിയടിച്ച ചുഴലിക്കാറ്റിലും കൊടുങ്കാറ്റിലും 33 പേർ മരിച്ചു. ഒട്ടേറെപേർക്ക് പരിക്കേൽക്കുകയും ചെയ്തു. വീടുകളുടെ മേൽക്കൂരകൾ തകർന്നതും വലിയ ട്രക്കുകൾ മറിഞ്ഞുകിടക്കുന്നതും ഉൾപ്പടെ ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്.
കൻസാസിൽ 50-ലധികം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ട് പേരാണ് മരിച്ചത്. കടുത്ത പൊടിക്കാറ്റിനിടെ ദൃശ്യപരത കുറഞ്ഞതാണ് അപകടത്തിന് കാരണമായത്. മരങ്ങളും വൈദ്യുതി ലൈനുകളും വീണതായും കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും പോലീസ് റിപ്പോർട്ട് ചെയ്തു.
ശനിയാഴ്ച വൈകീട്ടോടെ മധ്യ അമേരിക്കയിൽ 2,00,000 വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലുമാണ് വൈദ്യുതി തടസ്സപ്പെട്ടത്. കനേഡിയൻ അതിർത്തിയിൽനിന്ന് ടെക്സസിലേക്ക് 130 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാനുള്ള സാധ്യതയുള്ളതിനാൽ കാട്ടുതീ മുന്നറിയിപ്പും ഉണ്ടായിരുന്നു.
ഈ വാരാന്ത്യത്തിൽ കൂടുതൽ ചുഴലിക്കാറ്റുകൾ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അമേരിക്കയിലുണ്ടായ ചുഴലിക്കാറ്റിൽ 2024-ൽ 54 പേർ മരിച്ചെന്നാണ് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്റെ കണക്ക്.