കൊച്ചി: കേരളത്തെ ഞെട്ടിച്ച നരബലി കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ലോട്ടറി വിൽപ്പന തൊഴിലാളികളും നിർധനരുമായ സ്ത്രീകൾക്ക് വൻ പ്രതിഫലം വാഗ്ദാനം ചെയ്ത് നീലച്ചിത്രത്തിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞാണ് പെരുമ്പാവൂരുകാരനായ ഷാഫി തിരുവല്ലയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. നീലച്ചിത്രത്തിൽ അഭിനയിച്ചാൽ പത്ത് ലക്ഷം രൂപ നൽകാമെന്നാണ് ഇവരോട് പറഞ്ഞത്.
തിരുവല്ലയിലെ വീട്ടിലെത്തിച്ച ശേഷം ഇവരെ കട്ടിലിൽ കിടത്തി. കൈകാലുകൾ കട്ടിലിൽ കെട്ടിവെച്ചു. സിനിമയുടെ ചിത്രീകരണം എന്ന് വിശ്വസിപ്പിച്ചാണ് ഇങ്ങനെ ചെയ്തത്. ഈ സമയത്ത് വൈദ്യൻ ഭഗവൽ സിംഗ് ചുറ്റിക കൊണ്ട് തലക്കടിച്ച് അർധ ബോധാവസ്ഥയിലേക്ക് മാറ്റി.
പിന്നീട് കട്ടിലിൽ വെച്ച് തന്നെ കഴുത്തറുത്താണ് ഇരുവരെയും കൊലപ്പെടുത്തിയത്. ആദ്യം കഴുത്തറത്തത് ഭഗവൽ സിംഗിന്റെ ഭാര്യ ലൈലയാണെന്നാണ് വിവരം. സിദ്ധനായി കൊലപാതകം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നത് ഷാഫി എന്ന റഷീദായിരുന്നു. ഒരു രാത്രി മുഴുവൻ ഇരകളുടെ ശരീരത്തിലും രഹസ്യ ഭാഗത്തും മുറിവേൽപ്പിക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത ശേഷമാണ് മൃതദേഹം കഷണങ്ങളാക്കി കുഴിച്ചുമൂടിയത്.
റോസ്‌ലിയെയാണ് ഷാഫി ആദ്യം തിരുവല്ലയിലേക്ക് കൊണ്ടുപോയത്. ഇവരെ നരബലി നടത്തിയ ശേഷം പൂജ വിജയിച്ചില്ലെന്ന് പറഞ്ഞ് ഭഗവൽസിംഗിനെയും ലൈലയെയും വിശ്വസിപ്പിച്ചു. ശാപം കാരണമാണ് പൂജ ഫലിക്കാതിരുന്നതെന്ന് പറഞ്ഞ ഷാഫി ഒരിക്കൽ കൂടി നരബലി നടത്തണമെന്ന് ആവശ്യപ്പെട്ടു. ഇയാൾ തന്നെയാണ് പിന്നീട് കൊച്ചിയിൽ നിന്ന് പത്മയെ കൂട്ടിക്കൊണ്ടുവന്നത്. രണ്ട് പേരോടും നീലച്ചിത്രത്തിൽ അഭിനയിപ്പിക്കാമെന്നാണ് പറഞ്ഞിരുന്നത്.
കൊല്ലപ്പെട്ട രണ്ട് സ്ത്രീകളും ലോട്ടറി തൊഴിലാളികളായിരുന്നു. 49കാരിയായ റോസ്‌ലി തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശിയായിരുന്നു. ആറ് വർഷമായി സജി എന്നയാൾക്കൊപ്പം കാലടിക്കടുത്ത് മറ്റൂരിലായിരുന്നു താമസം. യുപിയിൽ അധ്യാപികയായ മകൾക്ക് ഫോണിൽ വിളിച്ചിട്ട് കിട്ടാതായതിനെ തുടർന്ന് സജിയോട് വിവരം തിരക്കിയപ്പോൾ കാണാനില്ലെന്നായിരുന്നു മറുപടി. പിന്നീട് കേരളത്തിലേക്ക് മടങ്ങിയ മകൾ, ഓഗസ്റ്റ് 17 ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
തമിഴ്നാട്ടിലെ ധർമ്മപുരി ജില്ലയിലെ പെണ്ണഗ്രാമം സ്വദേശിയായിരുന്നു 52കാരിയായ പത്മ. ഇവർ കടവന്ത്ര എളംകുളത്തായിരുന്നു താമസം. ഇവരെ കാണാതിരുന്നതോടെ സഹോദരി പളനിയമ്മ കടവന്ത്ര സ്റ്റേഷനിൽ പരാതി നൽകി. പത്മയുടെ ഫോൺ കോളുകളിൽ നിന്നാണ് ഷാഫിയെ കുറിച്ച് വിവരം ലഭിച്ചത്. ഇവർ തമ്മിൽ നിരന്തരം ബന്ധപ്പെട്ടിരുന്നു. ഈ അന്വേഷണം തിരുവല്ലയിലേക്കും ഞെട്ടിക്കുന്ന നരബലികളുടെ ചുരുളഴിക്കുന്ന അന്വേഷണത്തിലേക്കും എത്തുകയായിരുന്നു.
ശ്രീദേവി എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയ ഷിഹാബ് എന്ന റഷീദ് വൈദ്യനുമായി പരിചയത്തിലായി. തുടർന്ന് പെരുമ്പാവൂരിൽ റഷീദ് എന്നൊരു സിദ്ധനുണ്ടെന്നും ഇയാളെ തൃപ്തിപ്പെടുത്തിയാൽ സമ്പത്ത് വരുമെന്നും വിശ്വസിപ്പിച്ചു. നമ്പരും കൊടുത്തു. തുടർന്ന് ഇവരുടെ വീട്ടിലെത്തിയ റഷീദ് വൈദ്യന്റെ മുന്നിൽവച്ച് അയാളുടെ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഇങ്ങനെ ചെയ്താൽ സിദ്ധികൂടുമെന്നായിരുന്നു റഷീദ് വൈദ്യനോട് പറഞ്ഞിരുന്നത്. ബലി നൽകിയാൽ കൂടുതൽ ഐശ്വര്യം വരുമെന്നും അതിനായി സ്ത്രീകളെ താൻ തന്നെ കൊണ്ടുവരാമെന്നും റഷീദ് പറഞ്ഞു. അശ്ലീല പടത്തിൽ അഭിനയിക്കാനുണ്ടെന്നും അങ്ങനെ ചെയ്താൽ പത്ത് ലക്ഷം തരാമെന്നും പറഞ്ഞാണ് റോസ്‌ലിയെ കൊണ്ടുപോയത്.