KeralaNews

ഡോക്ടർക്ക് മർദ്ദനം: പ്രതിയെ പിടിക്കാത്തത് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

എറണാകുളം:ആശുപത്രി ജീവനക്കാരുടെയും രോഗികളുടെയും സാന്നിധ്യത്തിൽ രോഗിയുടെ ഭർത്താവ് ഡോക്ടറെ കൈയേറ്റം ചെയ്തിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തത് സംബന്ധിച്ച് അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.

അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിക്കാണ് ഉത്തരവ് നൽകിയത്. രണ്ടാഴ്ചക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം.ഐ എം എ കൊച്ചി ബ്രാഞ്ച് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. എടത്തലയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെയാണ് മർദ്ദിച്ചത്. ഓഗസ്റ്റ് 3 ന് ഉച്ചയ്ക്കായിരുന്നു സംഭവം.

കോവിഡ് രോഗലക്ഷണങ്ങളുമായി എത്തിയ സ്ത്രീയെ കോവിഡ് പരിശോധനക്ക് നിർദ്ദേശിച്ച ശേഷം വനിതാ ജീവനക്കാരുടെ സാന്നിധ്യത്തിൽ പരിശോധിക്കുമ്പോഴാണ് രോഗിയുടെ ഭർത്താവ് ഡോക്ടറെ കൈയേറ്റം ചെയ്യുകയും അസഭ്യം വിളിക്കുകയും ചെയ്തതെന്ന് പരാതിയിൽ പറയുന്നു. ആശുപത്രി അധികൃതരും ഡോക്ടറും എടത്തല പോലീസ് സ്റ്റേഷനിൽ അപ്പോൾ തന്നെ പരാതി നൽകിയെങ്കിലും ഫലപ്രദമായ ഒരു നടപടിയും ഉണ്ടായില്ലെന്ന് പരാതിയിൽ പറയുന്നു. എഫ്. ഐ. ആർ. ഇട്ടത് പിറ്റേന്നാണ്. കൈയേറ്റം ചെയ്തയാളെ ഉടൻ പിടികൂടണമെന്നാണ് ആശുപത്രി സംരക്ഷണ നിയമത്തിൽ പറയുന്നത്.

തുടർന്ന് കൈയേറ്റം ചെയ്തയാൾ ഡോക്ടർക്കെതിരെ പോലീസിൽ വ്യാജ പരാതി നൽകിയതായി ഐ എം എ അറിയിച്ചു. കൈയേറ്റം ചെയ്തയാൾ ആശുപത്രി ഉടമയുടെ ബന്ധുവാണെന്ന് മനസിലാക്കിയപ്പോൾ പരാതിയിൽ നിന്നും ആശുപത്രി പിന്നാക്കം പോയതായി പരാതിയിൽ പറയുന്നു.

ഡോക്ടർക്കെതിരെ രജിസ്റ്റർ ചെയ്ത കള്ള കേസ് റദ്ദാക്കണമെന്ന് പരാതിക്കാർ ആവശ്യപ്പെട്ടു. കള്ളക്കേസ് നൽകിയവർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കണം. പ്രതിക്ക് ആശുപത്രി സംക്ഷണ നിയമപ്രകാരം കടുത്ത ശിക്ഷ നൽകണം. സംഭവ സമയത്തെ സി സി റ്റി വി ദൃശ്യങ്ങൾ പരിശോധിക്കണം. സ്വന്തം ഡോക്ടറെ സംരക്ഷിക്കാത്ത ആശുപത്രി മാനേജ്മെൻറിനെതിരെ നടപടി വേണമെന്നും പരാതിക്കാരായ ഐ എം എ കൊച്ചി സെക്രട്ടറി ഡോ. അതുൽ ജോസഫ് മാനുവലും പ്രസിഡൻറ് ഡോ. റ്റി വി രവിയും ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker