കണ്ണൂർ : നടുറോഡിൽ ജീപ്പ് നിർത്തിയിട്ടത് ചോദ്യം ചെയ്ത യുവാക്കളെ പോലീസ് ജാമ്യമില്ലാകുറ്റം ചുമത്തി ജയിലിലടച്ച സംഭവം കേരള പോലീസ് ആക്റ്റിലെ വ്യവസ്ഥകളുടെ ലംഘനമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ്.
കണ്ണൂർ ജില്ലാ പോലീസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. റിപ്പോർട്ട് ലഭിച്ച ശേഷം കണ്ണൂരിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. പത്ര വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
പുകവലിയച്ചയാളിൽ നിന്ന് പിഴ ഈടാക്കിയത് ശരിയായ കാര്യമാണെങ്കിലും അതിന് റോഡ് മധ്യത്തിൽ പോലീസ് ജീപ്പ് നിർത്തിയിട്ടത് തെറ്റാണെന്ന് കമ്മീഷൻ വിലയിരുത്തി.
ശനിയാഴ്ച രാവിലെ അലവിൽ പണ്ണേരി മുക്കിൽ വളപട്ടണം പോലീസ് പുക വലിച്ചയാളിന് പിഴയിട്ടാൻ റോഡിന്റെ മധ്യത്തിൽ ജീപ്പ് നിർത്തിയതാണ് വിവാദങ്ങൾക്ക് കാരണമായത്. സമീപത്തെ ടൈൽസ് കട ജീവനക്കാരൻ നിഷാദ് ജീപ്പ് നിർത്തിയത് ചോദ്യം ചെയ്തു. തുടർന്ന് നിഷാദിനെ കൈയേറ്റം ചെയ്തു. സ്റ്റേഷനിലെത്തിയ നിഷാദിനെയും മറ്റ് നാലു പേരെയും അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്യിക്കുകയായിരുന്നു.